കേമന്‍ ക്രിസ്റ്റ്യാനോ

Posted on: March 21, 2018 6:20 am | Last updated: March 20, 2018 at 11:38 pm
റയലിനായി സ്‌കോര്‍ ചെയ്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലിസ്ബണ്‍: റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗല്‍ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. 2017ലെ ക്വിന ഒറോ അവാര്‍ഡാണ് ക്രിസ്റ്റ്യാനോയെ തേടിയെത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇദ്ദേഹം ഈ നേട്ടം സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയെയും സ്‌പോര്‍ട്ടിംഗ് ഗോള്‍ കീപ്പര്‍ റുയി പാട്രിക്കോയെയും മറികടന്നാണ് താരത്തിന്റെ പുരസ്‌കാര നേട്ടം. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനും നാഷനല്‍ അസോസിയേഷന്‍ ഓഫ് പോര്‍ച്ചുഗീസ് കോച്ചസും യൂനിയന്‍ ഓഫ് പ്രൊഫഷനല്‍ ഫുട്‌ബോള്‍ പ്ലയേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ക്രിസ്റ്റ്യാനോ അവാര്‍ഡ് ഏറ്റുവാങ്ങി.

മൊത്തം വോട്ടിന്റെ 65 ശതമാനമാണ് ക്രിസ്റ്റ്യാനോക്ക് ലഭിച്ചത്. പാട്രിക്കോ 18 ശതമാനം വോട്ട് നേടിയപ്പോള്‍ ബെര്‍ണാഡോ സില്‍വക്ക് 17 ശതമാനം വോട്ടുകള്‍ ലഭിച്ചു. 2017ല്‍ ബലോണ്‍ ഡി ഓര്‍, ഫിഫ ദി ബെസ്‌റ് എന്നീ വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ റയല്‍ മാഡ്രിഡിന്റെ കൂടെ ലാ ലീഗയും ചാമ്പ്യന്‍സ് ലീഗും ക്ലബ് വേള്‍ഡ് കപ്പും നേടിയിരുന്നു.

46 മത്സരങ്ങളില്‍ നിന്ന് 42 ഗോളുകളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 2017 സീസണില്‍ സ്വന്തമാക്കിയിരുന്നു.
മൊണാകോ കോച്ച് ലിയനാര്‍ഡോ ജര്‍ഡിം മികച്ച കോച്ചിനുള്ള അവാര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ജര്‍ഡിമിനു കീഴില്‍ മൊണാകോ ലീഗ് വണ്‍ ചാമ്പ്യന്മാരായിരുന്നു.

കഴിഞ്ഞ ദിവസം സ്പാനിഷ് ലാ ലിഗയില്‍ ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കില്‍ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയമാണ് നേടിയത്. ക്രിസ്റ്റ്യാനോ നാല് ഗോളുകള്‍ നേടിയ മത്സരത്തില്‍ കരിയറിലെ അമ്പതാം ഹാട്രിക്ക് സ്വന്തമാക്കുകയായിരുന്നു ക്രിസ്റ്റ്യാനോ.