ജര്‍മനിയില്‍ മുസ്‌ലിം പള്ളിക്ക് നേരെ വീണ്ടും ബോംബാക്രമണം

Posted on: March 21, 2018 6:25 am | Last updated: March 20, 2018 at 11:28 pm
SHARE

ബെര്‍ലിന്‍: ജര്‍മനിയില്‍ മുസ്‌ലിം ആരാധനാലയത്തിന് നേരെ വീണ്ടും ആക്രമണം. രാജ്യത്തെ തുര്‍ക്കി പൗരന്മാര്‍ ആരാധന നടത്തുന്ന തെക്കന്‍ ജര്‍മനിയിലെ പള്ളിക്ക് നേരെയാണ് പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുന്ന സമയത്ത് പള്ളിയില്‍ പ്രാര്‍ഥനയിലേര്‍പ്പെട്ട ഒരു വിശ്വാസിക്ക് പരുക്കേറ്റിട്ടുണ്ട്. ഇസ് ലാമിക് കമ്മ്യൂണിറ്റി നാഷനല്‍ വ്യൂ(ഐ ജി എം ജി)യുടെതാണ് പള്ളിയെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ രണ്ടാഴ്ച മുമ്പ് മറ്റൊരു പള്ളിക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. അന്ന് അക്രമികള്‍ പള്ളിക്ക് തീയിടുകയായിരുന്നു. ഈ മാസം ആദ്യം ജര്‍മനിയിലെ തുര്‍ക്കി സ്വദേശികള്‍ പ്രാര്‍ഥനക്ക് ഉപയോഗിക്കുന്ന മറ്റൊരു പള്ളിയും ആക്രമിക്കപ്പെട്ടിരുന്നു.

കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ (പി കെ കെ)അനുഭാവികളായിരിക്കാം ആക്രമണത്തിന് പിന്നിലെന്ന് തുര്‍ക്കി ആരോപിച്ചു. 1993 മുതല്‍ പി കെ കെയെ ജര്‍മനിയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ 14,000ത്തോളം വരുന്ന പി കെ കെ അംഗങ്ങള്‍ ഇപ്പോഴും ജര്‍മനിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഉണ്ടായ മറ്റു ചില ആക്രമണങ്ങളുടെ ഉത്തരവാദിത്വം പി കെ കെ ഏറ്റെടുത്തിരുന്നു. ബെര്‍ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, ഹംബര്‍ഗ് തുടങ്ങിയ നഗരങ്ങളിലെ തുര്‍ക്കി പൗരന്മാരുടെ പള്ളികളും ഷോപ്പുകളുമാണ് ആക്രമിക്കപ്പെടുന്നത്. 30 ലക്ഷത്തോളം തുര്‍ക്കികള്‍ ജര്‍മനിയില്‍ വസിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.