സ്‌കൂളിന് നേരെ സിറിയന്‍ വ്യോമാക്രമണം

കിഴക്കന്‍ ഗൗതയില്‍ 16 കുട്ടികള്‍ കൊല്ലപ്പെട്ടു
Posted on: March 21, 2018 6:23 am | Last updated: March 20, 2018 at 11:27 pm
SHARE

ദമസ്‌കസ്: കിഴക്കന്‍ ഗൗതയില്‍ സിറിയന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 16 കുട്ടികളും നാല് സ്ത്രീകളും ഉള്‍പ്പടെ 20 മരണം. കുട്ടികള്‍ക്ക് അഭയം നല്‍കിയ കിഴക്കന്‍ ഗൗതയിലെ ഇര്‍ബിന്‍ നഗരത്തിലുള്ള ഒരു സ്‌കൂളിന് നേരെയാണ് തിങ്കളാഴ്ച രാത്രി ആക്രമണമുണ്ടായതെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. ഇത് കൂടാതെ വ്യോമാക്രമണത്തില്‍ മറ്റു 12 പേര്‍ കൂടി കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. 2013 മുതല്‍ വിമതരുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൗതക്ക് നേരെ അടുത്തിടെ സിറിയന്‍ സൈന്യവും റഷ്യന്‍ സൈന്യവും സംയുക്തമായി വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സൈന്യം ഗൗതയുടെ 80 ശതമാനവും ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ സംബന്ധിച്ച് വിമതരും റഷ്യന്‍ സൈന്യവും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നുവെന്ന ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പുതിയ സംഭവം കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകളെ തള്ളിക്കളയുകയാണ്.