അക്കൗണ്ട് ദുരുപയോഗ‌ം: ഫേസ്ബുക്കിനോട് വിശദീകരണം തേടി

2016ലെ യു എസ് തിരഞ്ഞെടുപ്പിനിടെ അഞ്ച് കോടി അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്തു
Posted on: March 21, 2018 6:18 am | Last updated: March 21, 2018 at 7:22 pm
SHARE

വാഷിംഗ്ടണ്‍: കഴിഞ്ഞ യു എസ് പൊതു തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി പ്രചാരണം നടത്താന്‍ ബ്രിട്ടീഷ് കമ്പനി ഫേസ് ബുക്കിനെ ദുരുപയോഗം ചെയ്ത സംഭവം വന്‍ വിവാദമാകുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ഡാറ്റ കമ്പനി അഞ്ച് കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിയമവിരുദ്ധമായി ഉപയോഗിച്ച് ട്രംപിന് അനുകൂലമായ പ്രചാരണം നടത്തിയെന്നാണ് കേസ്. ന്യൂയോര്‍ക്ക് ടൈംസും ലണ്ടര്‍ ഒബ്‌സര്‍വറും കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. 2016ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡൊണാള്‍ഡ് ട്രംപിനും ബ്രെക്‌സിറ്റ് അനുകൂലികള്‍ക്കും വിദഗ്‌ധോപദേശം നല്‍കിയിരുന്നത് കേംബ്രിഡ്ജ് അനലിറ്റിക്ക കമ്പനിയായിരുന്നു.

അതിനിടെ, ഫേസ്ബുക്ക് കമ്പനിക്കെതിരെ പരാതികള്‍ ഉയര്‍ന്നതോടെ കമ്പനിയുടെ ഷെയറുകള്‍ ഇന്നലെ കൂപ്പുകുത്തി. സാമൂഹിക മാധ്യമങ്ങളിലെ വമ്പനായി അറിയപ്പെടുന്ന ഫേസ്ബുക്ക് കമ്പനിക്കെതിരെ അമേരിക്കയിലും പുറത്തും വ്യാപകമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഇരു വിഭാഗവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ അക്കൗണ്ടും കമ്പനി മരവിപ്പിച്ചു.

അമേരിക്കന്‍ കോണ്‍ഗ്രസിന് മുമ്പില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ ഫേസ്ബുക്ക് കമ്പനി ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് ഡെമോക്രാറ്റിക് സെനറ്റര്‍ ആമി ക്ലൗബച്ചറും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ കെന്നഡിയും ആവശ്യപ്പെട്ടു. ഇവര്‍ക്ക് പുറമെ ഗൂഗിളിന്റെയും ട്വിറ്ററിന്റെയും സി ഇ ഒമാരോടും ഇവര്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്റെ സ്വകാര്യത ഇല്ലാതാക്കുന്നതിനൊപ്പം വ്യക്തികളുടെ സ്വകാര്യ അവകാശങ്ങളെ കുറിച്ച് ആശങ്ക ഉയര്‍ത്തുന്നതാണ് ഈ റിപ്പോര്‍ട്ടുകളെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലേതിന് സമാനമായി യൂറോപ്യന്‍ രാജ്യങ്ങളിലും ഫേസ് ബുക്ക് കമ്പനിക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ കോംബ്രിജ് അനലിറ്റിക്ക നിഷേധിച്ചിട്ടുണ്ട്.