യു എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്ന് തുര്‍ക്കി

അടിയന്തരാവസ്ഥയുടെ മറവില്‍ മനുഷ്യാവകാശ ലംഘനം
Posted on: March 21, 2018 6:16 am | Last updated: March 20, 2018 at 11:23 pm

അങ്കാറ: അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ രാജ്യത്ത് വ്യാപകമായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുവെന്ന ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടിനെതിരെ തുര്‍ക്കി രംഗത്തെത്തി. ഐക്യരാഷ്ട്രസഭയുടെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്വീകാര്യയോഗ്യമല്ലെന്നും തുര്‍ക്കി പ്രതികരിച്ചു.

ഇന്നലെയാണ് യു എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ജൂലൈ 2016 മുതല്‍ തുര്‍ക്കിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന അടിയന്തരാവസ്ഥ എത്രയും വേഗം അവസാനിപ്പിക്കണമെന്നും സര്‍ക്കാറിനെതിരെയുള്ള ഏത് വിമര്‍ശനത്തെയും അടിച്ചമര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും യു എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ രാജ്യം നേരിടുന്ന ഭീകരാക്രമണങ്ങളെയും ഭീഷണികളെയും പൂര്‍ണമായി അവഗണിക്കുന്നതാണ് യു എന്നിന്റെ റിപ്പോര്‍ട്ടെന്നും രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവവും നിലനില്‍പ്പും ഭീഷണി നേരിടുന്ന സാഹചര്യം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 2016 ജൂലൈയില്‍ തുര്‍ക്കിയില്‍ അരങ്ങേറിയ പട്ടാള അട്ടിമറി പരാജയപ്പെട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ തടവറയിലാണെന്നും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ മുന്നൂറിലധികം പത്രപ്രവര്‍ത്തകരെ തുര്‍ക്കി ജയിലിലടച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 18 മാസത്തെ അടിയന്തരാവസ്ഥാ കാലഘട്ടത്തില്‍ ഒന്നര ലക്ഷത്തിലധികം പേരെ തുര്‍ക്കി ജയിലില്‍ അടച്ചിട്ടുണ്ടെന്നും ഒന്നര ലക്ഷത്തിലേറെ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് നീക്കിയിട്ടുണ്ടെന്നും യു എന്‍ മനുഷ്യാവകാശ സംഘടന കമ്മീഷണര്‍ സൈദ് റഅദ് അല്‍ഹുസൈന്‍ പറഞ്ഞു.