ത്രിപുരയില്‍ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് ബി ജെ പി സഖ്യകക്ഷി

Posted on: March 21, 2018 6:19 am | Last updated: March 20, 2018 at 11:17 pm

അഗര്‍ത്തല: പ്രത്യേക ഗോത്ര സംസ്ഥാനം എന്ന ആവശ്യം വീണ്ടും ഉയര്‍ത്തി ത്രിപുരയിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ ഐ പി എഫ് ടി. ‘ത്രിപ്‌രലാന്‍ഡ്’ എന്ന പ്രത്യേക സംസ്ഥാനം വേണമെന്നാണ് ആവശ്യം. പുതിയ സംസ്ഥാനങ്ങള്‍ക്കായുള്ള ദേശീയ സംഘടന ഡല്‍ഹിയില്‍ നടത്തിയ റാലിയിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

അതേസമയം സഖ്യകക്ഷി ഉയര്‍ത്തിയ ഈ ആവശ്യത്തോട് ബി ജെ പി അകലം പാലിക്കുകയാണ്. പ്രത്യേക സംസ്ഥാന ആവശ്യം ഉയര്‍ത്തരുതെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടായത്. ഡല്‍ഹിയില്‍ നടന്ന റാലിയില്‍ ആംപിനഗര്‍ എം എല്‍ എ സിന്ധു ചരണ്‍ ജമാതിയയുടെ നേതൃത്വത്തില്‍ 500 ഐ പി എഫ് ടി അംഗങ്ങള്‍ പങ്കെടുത്തു. ‘ത്രിപ്‌രലാന്‍ഡില്ലാതെ വിശ്രമമില്ല’ എന്ന പ്ലക്കാര്‍ഡുമേന്തിയാണ് പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തത്. സംസ്ഥാന ആവശ്യത്തില്‍ നിന്ന് പാര്‍ട്ടി പിന്‍വാങ്ങില്ലെന്ന് ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തിന്റെ പിറ്റേന്ന് ഐ പി എഫ് ടി മേധാവിയും ഇപ്പോള്‍ മന്ത്രിയുമായ എന്‍ സി ദേബ്ബര്‍മ പറഞ്ഞിരുന്നു. ഈ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഉന്നത മന്ത്രിതല സമിതിയെ നിയമിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമ്മതിച്ചതെന്നും ഇതിനായി തെരുവിലിറങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ, ഐ പി എഫ് ടിയുടെ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ സി പി എമ്മും കോണ്‍ഗ്രസും വിമര്‍ശവുമായി രംഗത്തെത്തി. റാലിക്ക് വേണ്ടി ജനങ്ങളില്‍ നിന്ന് ഐ പി എഫ് ടി ബലംപ്രയോഗിച്ച് പണം വാങ്ങുന്നതായി ത്രിപുരയില്‍ നിന്നുള്ള എം പി ജിതേന്ദ്ര ചൗധരി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിലെ അംഗത്തിന് എങ്ങനെയാണ് പ്രത്യേക സംസ്ഥാനത്തിന് വേണ്ടി ആവശ്യപ്പെടാനാകുകയെന്നും സഖ്യകക്ഷിയെന്ന നിലയില്‍ ബി ജെ പിക്ക് കൈകഴുകാനാകില്ലെന്നും ത്രിപുര കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പ്രദ്യോത് കിഷോര്‍ മാണിക്യ പറഞ്ഞു.
ഈ മാസം 23 മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ പദ്ധതി.