Connect with us

Editorial

നിയമനത്തില്‍ മെല്ലപ്പോക്കെന്തിന്?

Published

|

Last Updated

ഏത് തൊഴിലന്വേഷകന്റെയും ആദ്യ ചോയ്‌സ് ആണ് സര്‍ക്കാര്‍ സര്‍വീസ്. ഈ രംഗത്തെ തൊഴില്‍ സുരക്ഷിതത്വം തന്നെയാണ് ഇതിന്റെ മുഖ്യകാരണം. കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി കിട്ടിയാല്‍ ആ കുടുംബം രക്ഷപ്പെട്ടെന്നാണ് പൊതുവെ പറയാറ്. കനത്ത ശമ്പളം നല്‍കുന്ന വന്‍കിട കോര്‍പറേറ്റ് കമ്പനികളിലെ തൊഴിലിടങ്ങളേക്കാള്‍ ഈ മേഖല ആകര്‍ഷകമാകുന്നതിന്റെ മുഖ്യകാരണവും ഇത് തന്നെ. ലക്ഷകണക്കിന് തൊഴില്‍രഹിതരാണ് ഈ രംഗം നോക്കി പ്രതീക്ഷയോടെ ഇരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്ന് വേണം സര്‍ക്കാര്‍ സര്‍വീസിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചില വകുപ്പ് മേധാവികള്‍ വിമുഖത കാണിക്കുന്നുവെന്ന വാര്‍ത്തകളെ വായിക്കേണ്ടത്. വന്ന വഴി മറന്നവര്‍ എന്ന് മാത്രമെ ഇവരെ വിശേഷിപ്പിക്കാനാകൂ.

സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പുതിയ തസ്തികകള്‍ക്ക് മുന്നില്‍ തടസ്സമാകുമ്പോള്‍ നിലവിലുള്ളത് തന്നെ അര്‍ഹര്‍ക്ക് നല്‍കാതിരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. എല്‍ ഡി ക്ലര്‍ക്ക് നിയമനവുമായി ബന്ധപ്പെട്ടാണ് തസ്തിക പിടിച്ചുവെക്കല്‍ പരാതി വ്യാപകമായി ഉയര്‍ന്നിരിക്കുന്നത്. നിലവിലുള്ള എല്‍ ഡി സി റാങ്ക് പട്ടികയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കുകയാണ്. നേരത്തെ തന്നെ പരീക്ഷ നടത്തിയ പി എസ് സി പുതിയ റാങ്ക് പട്ടിക തയ്യാറാക്കിയിട്ടുമുണ്ട്. 31ന് തന്നെ ഇത് പ്രസിദ്ധീകരിക്കുമെന്നാണ് പി എസ് സി വൃത്തങ്ങള്‍ നല്‍കുന്ന സൂചനയും. ഈ സാഹചര്യത്തില്‍ ശേഷിക്കുന്ന വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളിലേക്ക് മാത്രമേ നിലവിലുള്ള പട്ടികയില്‍ നിന്ന് നിയമനം ലഭിക്കുകയുള്ളൂവെന്ന് സാരം.

ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ മെെല്ലപ്പോക്ക് ശ്രദ്ധയില്‍പ്പെട്ട പൊതുഭരണവകുപ്പ്, ഇത്തരം വകുപ്പ് മേധാവികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രത്യേക സര്‍ക്കുലര്‍ തന്നെ പുറപ്പെടുവിച്ചിട്ടുമുണ്ട്. ആശ്രിത നിയമനത്തിനോ തസ്തികമാറ്റ നിയമനത്തിനോ നീക്കിവെച്ച ഒഴിവുകളും മറ്റുതരത്തില്‍ മാറ്റിവെച്ച ഒഴിവുകളുമെല്ലാം മാര്‍ച്ച് 27നകം പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്ത് ഇതിന്റെ വിശദാംശങ്ങള്‍ മാര്‍ച്ച് 27ന് അഞ്ച് മണിക്ക് മുമ്പ് പൊതുഭരണവകുപ്പിനെ അറിയിക്കണമെന്നാണ് സര്‍ക്കുലര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അവസാന നിമിഷത്തിലെ ഈ സര്‍ക്കുലര്‍ കൊണ്ട് കാര്യമായ നേട്ടമില്ലെന്നാണ് ഉദ്യോഗാര്‍ഥികളുടെ നിലപാട്. നിയമനത്തിലെ നീതികേട് ചൂണ്ടിക്കാട്ടി നിലവിലെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നിരന്തര സമരത്തിലാണ്. 2012-15 കാലത്തെ റാങ്ക് പട്ടികയിലുണ്ടായിരുന്ന ഏതാണ്ട് ഏഴ് ശതമാനം പേര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയിരുന്നു.

2015 മാര്‍ച്ച് 30 വരെ നിലവിലുണ്ടായിരുന്ന റാങ്ക് പട്ടികയില്‍ നിയമനം നടത്താന്‍ 2015 ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ പ്രതീക്ഷിത ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററിയായി സൃഷ്ടിച്ച് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്ത തസ്തികകളിലേക്ക് 2015 മാര്‍ച്ച് 30ന് അവസാനിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനവും നടത്തി. ആശ്രിതനിയമനത്തിന് ലഭിച്ച അപേക്ഷകളില്‍ നിയമന ഊഴം കണക്കാക്കാതെ മുന്‍കൂട്ടി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചും നിയമനം നടത്തി. ഇതെല്ലാം നിലവിലെ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടിയായി.
2012-15 കാലത്തെ റാങ്ക് പട്ടികയില്‍ നിന്ന് ഏതാണ്ട് 42.3 ശതമാനം പേര്‍ക്കാണ് നിയമനം ലഭിച്ചത്. ഇതിന് പുറമെ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് ഏതാണ്ട് ഏഴ് ശതമാനം പേര്‍ക്ക് കൂടി നിയമനം നല്‍കി. നിലവിലെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് ഇതുവരെ 35 ശതമാനം പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നേരത്തെ നല്‍കിയ നിര്‍ദേശങ്ങളെല്ലാം അവഗണിച്ച് അന്തര്‍ജില്ല അന്തര്‍വകുപ്പ് മാറ്റങ്ങള്‍ക്ക് ഒഴിവുകള്‍ നീക്കിവെക്കുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. ഒഴിവുണ്ടാകുമ്പോള്‍ ആദ്യത്തേത് റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നല്‍കി മാത്രമെ മറ്റുവിഹിതത്തിന് പരിഗണിക്കാവൂവെന്ന നിര്‍ദേശമാണ് കാറ്റില്‍പറത്തുന്നത്. ഇത് വ്യാപകമായി ലംഘിക്കുന്നതായി പരാതിപ്പെട്ടിട്ടും വകുപ്പുമേധാവികള്‍ നടപടിക്ക് മുതിരുന്നില്ലെന്ന ആക്ഷേപവും പരിശോധിക്കപ്പെടണം.

സുതാര്യത സംരക്ഷിക്കുന്നതിനൊപ്പം ഉദ്യോഗാര്‍ഥികളുടെ ആശങ്ക ദുരീകരിക്കുന്ന ഇടപെടലാണ് വേണ്ടത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നും സൂപ്പര്‍ന്യൂമററി തസ്തിക സൃഷ്ടിച്ച് തങ്ങള്‍ക്ക് നിയമനം നല്‍കണമെന്നുമുള്ള ആവശ്യമാണ് റാങ്ക് ഹോള്‍ഡേഴ്‌സ് മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തിലെ അപ്രായോഗികതകള്‍ പി എസ് സിയും ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും ഒരു റാങ്ക് പട്ടികയുടെ കാലാവധി ദീര്‍ഘിപ്പിക്കലും പ്രായോഗികമല്ല. പുതിയ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് തിരിച്ചടിയാകുമെന്ന വാദവും ഉയരുന്നുണ്ട്. ഇതെല്ലാം പരിഗണിക്കപ്പെടേണ്ടതുണ്ട്.