Connect with us

Articles

തര്‍ശീശ് കപ്പലിലെ യാത്രക്കാര്‍

Published

|

Last Updated

ബൈബിള്‍ വിവര്‍ത്തനങ്ങളിലൂടെ മലയാള ഭാഷ സ്വായത്തമാക്കിയ ഒരു ശൈലിവിശേഷമാണ് തര്‍ശീശ് കപ്പലിലെ യാത്രക്കാര്‍ എന്നത്. ബൈബിള്‍ പഴയ നിയമ ഗ്രന്ഥാവലിയിലെ 32-ത്തെ പസ്തകം ആയ യോന പ്രവാചകന്റെ പുസ്തകത്തെ ആസ്പദമാക്കിയ ശൈലി പ്രയോഗമാണ് തര്‍ശീശ് കപ്പലിലെ യാത്രക്കാര്‍ എന്നത്. എങ്ങോട്ടാണോ പോകേണ്ടിയിരുന്നത് അതിന്റെ എതിര്‍ ദിശയിലേക്കു യാത്ര ചെയ്യുന്നവരെ സൂചിപ്പിക്കാനാണീ ശൈലി പാശ്ചാത്യ ഭാഷകളില്‍ നിലവില്‍ വന്നത്. നിനവയില്‍പോകാന്‍ നിയോഗിച്ച പ്രവാചകനായിരുന്നു യോന. നിനവയിലേക്കു പോകുന്നതിന് മടിച്ച് എതിര്‍ദിശയിലേക്കുള്ള തര്‍ശീശിലേക്കു പോകുന്ന കപ്പലില്‍ കയറിയ അദ്ദേഹം പ്രേരിത യാത്രക്കു തയ്യാറായി. കപ്പലിന്റെ മേല്‍ത്തട്ടില്‍ കയറി വയറു നിറയെ ഭക്ഷണം കഴിച്ച് പ്രവാചകന്‍ ഉറങ്ങിപോയി. പെട്ടന്നതാ കപ്പല്‍ ഇളകിത്തുടങ്ങി. കടല്‍ ക്ഷോഭിച്ചിളകി. എന്തു സംഭവിക്കും എന്ന നിശ്ചയമില്ലാത്ത അവസ്ഥ. കൊടുംകാറ്റു വീശിയടിക്കുകയാണ്. യാത്രക്കാര്‍ പലരും പല നാട്ടുകാരും പലവിധ ദൈവസങ്കല്‍പ്പങ്ങളെ പിന്തുടരുന്നവരും ആയിരുന്നു. ഓരോരുത്തരും അവരവരുടെ വിശ്വാസത്തിനു അനുസരിച്ച് പ്രാര്‍ഥനയും നിലവിളികളും മുഴക്കി. ആരു നിമിത്തമാണ് ഈ അസാധാരണമായ കടല്‍ ക്ഷോഭം ഉണ്ടായതെന്നറിയാതെ കപ്പല്‍ പ്രമാണി യാത്രക്കാരുടെ പേരുകള്‍ എഴുതി നറുക്കിട്ടു. അസാധാരണമായ ഈ കടല്‍ ക്ഷോഭത്തിന് കാരണക്കാരനായ ഏതോ ഒരു യാത്രക്കാരന്‍ ഈ കപ്പലില്‍ യാത്രചെയ്യുന്നു. അയാളെ കണ്ടെത്താനായിരുന്നു ഈ നറുക്കെടുപ്പ്. ഒടുവില്‍ നറുക്ക് യോനാക്ക് വീണു. ഇനി എന്തുവേണമെന്നറിയാതെ അവര്‍ വിഷമിച്ചു. യോനാ തന്റെ ദൈവമായ യഹോവയോട് പ്രാര്‍ഥിച്ചു. എന്തുചെയ്യണമെന്നാരാഞ്ഞു. യോനാ കപ്പല്‍ പ്രമാണിയോട് പറഞ്ഞു. നിങ്ങള്‍ എന്നെയെടുത്ത് കടലില്‍ ഇട്ടു കളയുക. ഇതല്ലാതെ ഇപ്പോഴത്തെ ഈ കടല്‍ ക്ഷോഭം അടക്കാന്‍ വേറെ വഴിയില്ല. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ അവര്‍ പ്രവാചകനെ കടലില്‍ എറിഞ്ഞു. അതോടെ കടല്‍ ശാന്തമായി. കപ്പല്‍ സുഗമമായി യാത്ര തുടര്‍ന്നു.

യോനായെ വിഴുങ്ങാന്‍ ദൈവം ഒരു വന്‍ മത്സ്യത്തെ തയ്യാറാക്കി നിറുത്തിയിരുന്നു. യോനാപ്രവാചകന്‍ മത്സ്യത്തിന്റെ വയറ്റില്‍ മൂന്ന് രാവും മൂന്ന് പകലും കിടന്നു. അടുത്ത ദിവസം യോനാ എവിടെ പോകണം എന്നായിരുന്നോ ദൈവം ഉദ്ദേശിച്ചത് ആ പട്ടണത്തിന്റെ തീരത്തു മത്സ്യം യോനായെ സുരക്ഷിതമായി ഛര്‍ദിച്ചു. ഇതാണ് പഴയ നിയമം ബൈബിളിലെ യോനാ പ്രവാചകന്റെ കഥയുടെ ലളിതമായ സംഗ്രഹം.

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി പ്രതികൂട്ടിലായ ഭൂമി വില്‍പ്പന വിവാദവും യോനാ പ്രവാചകന്റെ പുസ്തകവും തമ്മില്‍ എന്തു ബന്ധം? സാമാന്യ ബുദ്ധി നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്കീ ചോദ്യത്തിന്റെ ഉത്തരം വളരെ വേഗം മനസ്സിലാക്കാവുന്നതേയുള്ളൂ. മാര്‍ ആലഞ്ചേരി സദാ നിയമം തെറ്റിച്ചു എന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. തെറ്റിച്ചു എന്നു പറയുന്ന നിയമങ്ങളാകട്ടെ സീറോ മലബാര്‍ സഭക്കായി അദ്ദേഹം തന്നെ ഉണ്ടാക്കിയ നിയമങ്ങളാണത്രെ. (മാതൃഭൂമി 31 ജനുവരി 2018) മാര്‍ എന്ന വാക്കിന്റെ അര്‍ഥം വിശുദ്ധന്‍ എന്നാണ് എന്നു പറഞ്ഞാല്‍ പേരിന്റെ മുന്നില്‍ ഈ വിശേഷണം ചേര്‍ക്കാന്‍ അര്‍ഹതയുള്ളവര്‍ ദൈവത്താല്‍ പ്രത്യേകം നിയോഗിക്കപ്പെട്ട വിശുദ്ധന്മാരും പരമോന്നത ദൈവത്തിന്റെ വിശുദ്ധിയില്‍ പങ്കാളികളും ആണെന്നാണ് സഭ പഠിപ്പിച്ചുവെച്ചിരിക്കുന്നത്. അങ്ങനെയുള്ള ഒരു വിശുദ്ധന്‍ ഏതാനും ലക്ഷങ്ങള്‍ക്കു വേണ്ടി(അതോ കോടികള്‍ക്കു വേണ്ടിയോ നിശ്ചയമില്ല) അദ്ദേഹം തന്നെ ഉണ്ടാക്കി വിശ്വാസികള്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ച നിയമം ലംഘിക്കുമോ? വേലി തന്നെ വിളവു തിന്നാല്‍ വേലി പൊളിച്ചു വിളവു മോഷ്ടിക്കാന്‍ കാത്തു നില്‍ക്കുന്നവര്‍ക്കു എന്തു തന്നെ ആയിക്കൂടാ.
എന്താണീ സീറോ മലബാര്‍ സഭ? ഈ സഭയില്‍ തന്നെ ജനിച്ചു വളര്‍ന്ന വിശ്വാസികള്‍ തന്നെ നിരന്തരമായി ചോദിക്കുന്നു. പിന്നെ സഭക്കു പുറത്തുള്ളവരുടെ കാര്യം പറയണമോ? സീറോ എന്നതിന്റെ സ്‌പെല്ലിംങ് ്യെൃീ ആണോ ്വലൃീ ആണോ എന്ന് നിശ്ചയമില്ലാത്ത വൈദികരെപ്പോലും ഈ ലേഖകനറിയാം. എങ്കില്‍ പിന്നെ പാവം കുഞ്ഞാടുകളുടെ കാര്യം പറയണോ? മലബാര്‍ എന്നു പറഞ്ഞാല്‍ കോഴിക്കോടിന് വടക്കോട്ടുള്ള പ്രദേശങ്ങളെന്നാണ് തിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റ ക്രിസ്ത്യാനികള്‍ ധരിച്ചുവെച്ചിരിക്കുന്നത്. മലബാറില്‍ ഭൂമി കുറഞ്ഞ വിലക്കു കിട്ടുമെന്നും റബ്ബര്‍ കൃഷിക്കും മറ്റും പറ്റിയ പ്രദേശമാണെന്നും മാത്രമാണ് മലബാറിനെ കുറിച്ചുള്ള അവരുടെ ഭൂമി ശാസ്ത്രബോധം.

യേശുവിന്റെ ശിഷ്യനായ തോമാശ്ലീഹാ കേരളത്തിലെ നമ്പൂതിരിമാരെ തിരഞ്ഞുപിടിച്ചു മാമോദീസാ മുക്കാന്‍ സിറിയയിലെ എസ്സോസാ പട്ടണത്തില്‍ നിന്നും കൊടുങ്ങല്ലൂര്‍ കപ്പലിറങ്ങി. അതുവഴി തോമാശ്ലീഹായാല്‍ ജ്ഞാനസ്‌നാനം ചെയ്യപ്പെട്ടവരുടെ മക്കളാണ് തങ്ങളെന്നാണ് കേരളത്തിലെ സവര്‍ണ ക്രിസ്ത്യാനികള്‍, അവര്‍ കത്തോലിക്കരാകട്ടെ കനാനയന്മാരാകട്ടെ, ഓര്‍ത്തഡോക്‌സുകാരാകട്ടെ, ആരായാലും വെച്ചുപുലര്‍ത്തുന്ന വിശ്വാസം. ഇതിനപ്പുറം സീറോ അഥവാ സിറിയാ മലബാര്‍ ഈ വക പദ പ്രയോഗങ്ങളൊന്നും ദൈവകൃപയാല്‍ അവരുടെ കൊക്കില്‍ ഒതുങ്ങുന്നവയല്ല. ഇറ്റലിയിലെ അഥവാ റോമിലെ ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനി എന്ന വാക്കു കേള്‍ക്കുന്നതിന് ചുരുങ്ങിയത് അഞ്ചു നൂറ്റാണ്ടുകള്‍ക്കു മുമ്പെങ്കിലും ക്രിസ്ത്യാനികളായ തങ്ങളുടെ സര്‍ട്ടിഫിക്കറ്റ് ബുക്കുകളില്‍ ആരാണ് ഈ റോമന്‍ കത്തോലിക്ക എന്ന വിശേഷണം എഴുതി ചേര്‍ത്തതെന്നറിയണമെങ്കില്‍ ഇവര്‍ അല്‍പ്പസ്വല്‍പ്പം ലോകചരിത്രവും ചെറിയ തോതിലെങ്കിലും ഉള്ള കേരള ചരിത്രവും പഠിക്കണം.

ഭൂമിവില്‍പ്പന കഥകളൊക്കെ കേള്‍ക്കുമ്പോള്‍ പെെട്ടന്ന് ഓര്‍മ വരിക മലയോര നസ്രാണികളുടെ പൈതൃകസമ്പത്ത് ഇവിടുത്തെ വിദേശ മെത്രാന്മാര്‍ ദുര്‍വ്യയം ചെയ്യുന്നതിനെക്കുറിച്ചു റോമില്‍ പോയി പരാതിപറയാന്‍ 1778ല്‍ കപ്പല്‍ മാര്‍ഗം പോയ പാറന്മാക്കന്‍ തോമാക്കത്തനാര്‍ എഴുതിയ യാത്രാ വിവരണ ഗ്രന്ഥമായ വര്‍ത്തമാന പുസ്തകമാണ്. മലയാള ഭാഷയിലെ ആദ്യത്തെ ഈ യാത്രാവിവരണം ആദ്യാന്ത്യം വായിച്ചാല്‍ നിഗേളക്കു നിന്നു വന്ന കത്തോലിക്ക മെത്രാന്മാര്‍ നാട്ടു ക്രിസ്ത്യാനികളോടു ചെയ്ത ദ്രോഹം എന്തൊക്കെയായിരുന്നവെന്ന് മനസ്സിലാകും. വിദേശ മെത്രാന്മാരെ നാടുകടത്തി സഭാഭരണം നാട്ടുമെത്രാന്മാരെ ഏല്‍പ്പിക്കണമെന്ന ഏറെ നാളത്തെ മുറവിളിയുടെ ഫലമായിട്ടാണ് മാര്‍ ജോര്‍ജ് ആലഞ്ചേരി കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ തദ്ദേശീയ തലവനായി അവരോധിക്കപ്പെട്ടത്. പറഞ്ഞിട്ടെന്താ!!. സഭാവക സ്വത്തുക്കള്‍ ബോധിച്ചതുപോലെ കൈകാര്യം ചെയ്യുന്നു. ഇതിനറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജോസഫ് പുലിക്കുന്നേലിനെപോലുള്ളവരുടെ നേതൃത്വത്തില്‍ കേരള ക്രിസ്ത്യാനികളുടെ പള്ളിയും പള്ളിവക സ്വത്തുക്കളും കേരള ഗവണ്‍മെന്റിനോടും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥകളോടും ബാധ്യതപ്പെട്ട ഒരു നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണം എന്നു വാദിച്ചതും പ്രചരിപ്പിച്ചതും. അതു ഫലപ്രാപ്തിയിലെത്തുന്നതിന്റെ സൂചനയായിരുന്നു ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായും ജസ്റ്റിസ് കെ ടി തോമസിനെപ്പോലുള്ളവര്‍ അംഗങ്ങളായും ഉള്ള ഒരു നിര്‍മാണ കമ്മീഷനെ കേരളാ ഗവ.നിയമിച്ചത്. അവര്‍ കരടുനിയമം ഉണ്ടാക്കി. ഗവണ്‍മെന്റിന് സമര്‍പ്പിച്ചെങ്കിലും അതിപ്പോഴും സെക്രട്ടേറിയറ്റില്‍ പൊടിപിടിച്ചു കിടപ്പാണ്. അതുപൊടി തട്ടി പൊക്കിയെടുക്കാനോ പൊതു സമൂഹത്തില്‍ ചര്‍ച്ചചെയ്യാനോ പോലും മാറി മാറി വന്ന ഇടതുവലതു ഗവണ്‍മെന്റുകള്‍ക്കു കഴിഞ്ഞിട്ടില്ല.

ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കുമേല്‍ അത്രമേലുണ്ട് കേരളത്തിലെ മെത്രാന്‍ ലോബിക്ക് സ്വാധീനം. കാര്യമായ ഏതോ വോട്ടുബേങ്കുകളുടെ താക്കോല്‍ സൂക്ഷിപ്പുകാരാണീ മെത്രാന്മാരെന്നാണ് രാഷ്ട്രീയ കക്ഷികളുടെ വിചാരം. അതുകൊണ്ടു തന്നെ എന്തസംബന്ധം കാണിച്ചാലും സര്‍ക്കാര്‍ ഏജന്‍സികള്‍ അനങ്ങില്ല. ഇനിയും പ്രതീക്ഷ അവശേഷിപ്പിക്കുന്നത് ജുഡീഷ്യറിയിലാണ്. അതാണിപ്പോള്‍ പലര്‍ക്കും പലവിധ കേസുകളുടെ പേരില്‍ കോടതികളില്‍ നേരിട്ടും അല്ലാതെയും ഹാജരാകേണ്ടി വരുന്നത്. പള്ളിയും പള്ളിക്കൂടവും ഒക്കെ ഉപേക്ഷിച്ച് ഇപ്പോള്‍ മെഡിക്കല്‍ കോളജുകള്‍ ഉണ്ടാക്കുന്നതിലാണിവര്‍ക്കു താത്പര്യം. മെഡിക്കല്‍ കോളജുകളാണിപ്പോള്‍ ലാഭം കൊയ്യാന്‍ പറ്റിയ കച്ചവടം എന്ന തിരിച്ചറിവിന്റെ പിന്നാലെയാണിപ്പോള്‍ മെത്രാന്മാര്‍. കേരളത്തിലെ എല്ലാ മെത്രാന്മാര്‍ക്കും ഓരോ മെഡിക്കല്‍ കോളജും സ്വന്തമായി വേണമെന്ന ഭാവത്തിലാണ് ഇവര്‍ വിശ്വാസികളില്‍ നിന്നും പണം ശേഖരിക്കുന്നത്.

വിശ്വാസികള്‍ കോടതിയില്‍ പോയി വക്കീലന്മാര്‍ക്കു ഫീസ് കൊടുക്കാമെന്നല്ലാതെ പ്രയോജനമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. കാരണം ഈ രാജ്യത്തിലെ നിയമത്തിനു കീഴിലല്ല ഇവിടുത്തെ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ കാനോന്‍ നിയമത്തിന്റെ കീഴിലാണെന്നാണ് പറയുന്നത്. മുസ്‌ലിംകള്‍ ശരീഅത്ത് നിയമത്തിന് കീഴിലാണെന്നു പറഞ്ഞാന്‍ അതില്‍ വര്‍ഗീയത ആരോപിക്കുന്നവര്‍ കാനോന്‍ നിയമം എന്നു പറയുമ്പോള്‍ മുട്ടുകൂട്ടി ഇടിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. യൂറോപ്പിലെ ദേശീയ ശക്തികള്‍ സംഘം ചേര്‍ന്നു റോമാ സാമ്രാജ്യത്തിന്റെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചപ്പോള്‍ റോമിന്റെ മേലധികാരം ഇറ്റലിയുടെ ഏതാനും പ്രവിശ്യകളില്‍ മാത്രമായി ഒതുങ്ങി.(അതും ഏറെക്കാലം നിലനിന്നില്ല.) റോമാ മാര്‍പാപ്പയുടെ അപ്രമാണിത്തം കണ്ണും പൂട്ടി അനുസരിച്ചവരും പണ്ട് സിവില്‍ ഭരണം കൈയാളിയിരുന്ന പുരോഹിതന്മാര്‍ക്കാസ്ഥാനം നഷ്ടമാകാതിരിക്കാന്‍ മാര്‍പാപ്പമാരും കര്‍ദിനാളുമാരും അവരെ അനുകൂലിച്ച ഫ്യൂഡല്‍ ഭൂ പ്രഭുക്കന്മാരും ചേര്‍ന്നു രൂപം നല്‍കിയതാണ് കാനാന്‍ നിയമം. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഈ കാനോന്‍ നിയമത്തിന് അതെഴുതിയ കടലാസ്സിന്റെ വിലപോലും ഇല്ലെന്നതാണ് പരമാര്‍ഥം.

കാനോന്‍ നിയമം സ്വര്‍ഗത്തില്‍ നിന്നും ദൈവം നൂലില്‍ കെട്ടി ഇറക്കിയ വിശുദ്ധ നിയമങ്ങളൊന്നുമല്ല. കേരളത്തിലെ സഭാ സ്വത്തുക്കള്‍ കാനോന്‍ നിയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുമെന്നാണ് ആലഞ്ചേരി പിതാവ് പറയുന്നത്. ഹൈന്ദവ ആരാധനാലയങ്ങളുടെ സ്വത്ത് ദേവസ്വം ബോര്‍ഡിന് കീഴിലും മുസ്‌ലിം പള്ളികളും അനുബന്ധസ്വത്തുക്കളും വഖ്ഫ് ബോര്‍ഡിന് കീഴിലും കൊണ്ടു വന്ന ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ക്രിസ്ത്യാനികളുടെ കാര്യം അവരുടെ മെത്രാന്മാരുടെ സൈ്വര്യവിഹാരത്തിന് വിട്ടുകൊടുത്തു. ഇതിപ്പോഴും തുടരണമെന്ന് വിശ്വാസികളെ ബോധ്യപ്പെടുത്താന്‍ ഇടയലേഖനങ്ങള്‍ ഇറക്കിയിട്ടോന്നും കാര്യമില്ല.

കത്തോലിക്കാ സഭയില്‍ മാത്രമല്ല മറ്റു പുരാതന സഭകളിലും മെത്രാന്മാരുടെ തമ്മിലടി പള്ളികളില്‍ നിന്നു തെരുവുകളിലേക്കു പടര്‍ന്നു തുടങ്ങിയിട്ടു കാലം കുറെയായി. അധികാരത്തോടും ധനത്തോടുമുള്ള ആര്‍ത്തി മനുഷ്യരുടെ മുമ്പില്‍ മാത്രമല്ല ദൈവത്തിന്റെ മുമ്പില്‍ പോലും തങ്ങള്‍ തലകുനിക്കുകയില്ലെന്ന ദുര്‍വാശി, ഇതാണ് കേരളത്തിലെ ക്രൈസ്തവ സഭയാകുന്ന കപ്പലിനെ കാറ്റിലും കോളിലുംപെടുത്തി ആടി ഉലക്കുന്നത്. ഏതു നിമിഷവും മുങ്ങിപോയേക്കാവുന്ന ഈ കപ്പലില്‍ നിന്നും വിശ്വാസികള്‍ പുറത്തുചാടുക. അല്ലെങ്കില്‍ അവര്‍ ഒത്തൊരുമിച്ച് ഈ കടല്‍ക്ഷോഭത്തിന് കാരണക്കാരായ യോനാമാരെ തിരഞ്ഞുപിടിച്ചു കടലിലെറിയുക. ദൈവം അവരെ വിഴുങ്ങാന്‍ പാകത്തിലുള്ള തിമിംഗലങ്ങളെ ഇതിന് സജ്ജമാക്കി നിറുത്തിയിട്ടുണ്ട്.
(കെ സി വര്‍ഗീസ് 9446268581)

 

Latest