വനവും സുസ്ഥിര നഗരങ്ങളും

നഗരഹരിതവത്കരണം ജനങ്ങളുടെ ആരോഗ്യത്തിനും രോഗങ്ങള്‍ തടയുന്നതിനും ആളുകള്‍ തമ്മിലുള്ള സാമൂഹിക ഇടപെടലുകള്‍ക്കും ഇടം നല്‍കുന്നു. 2017 പിന്നിട്ടതോടെ ലോകത്തില്‍ ഗ്രാമങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍ പട്ടണപ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2050 ഓടെ ലോകത്തിലെ ആറ് ശതകോടി ജനങ്ങള്‍ പട്ടണ പ്രദേശങ്ങളിലായിരിക്കും വസിക്കുന്നത്. അതു മൂലം നഗരങ്ങള്‍ കൂടുതല്‍ മലിനീകൃതമാകുന്നതിനും മരുവത്കരണത്തിനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ നഗരഹരിതവത്കരണം അത്യന്താപേക്ഷിതമാണ്. നഗരവത്കരണമാണ് വനനാശത്തിന് ഒരു പരിധിവരെ കാരണമെന്നിരിക്കെ നഗരവനവത്കരണത്തിനുള്ള ആഹ്വാനത്തിന് ഏറെ പ്രസക്തിയുണ്ട്. പ്രതിവര്‍ഷം 8. 3 ദശലക്ഷം ഹെക്ടര്‍ വനഭൂമി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് വനദിനം ആചരിക്കുമ്പോള്‍ മനുഷ്യ നിലനില്‍പ്പിന് വനങ്ങളുടെ പങ്ക് ചെറുതല്ലെന്ന തിരിച്ചറിവുണ്ടാകണം.
Posted on: March 21, 2018 6:00 am | Last updated: March 20, 2018 at 9:23 pm
SHARE

മാര്‍ച്ച് 21 അന്തര്‍ദേശീയ വനദിനമാണ്. വനങ്ങളുടെ പ്രാധാന്യം ലോകജനതക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി ഈ വര്‍ഷത്തെ വനദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത് വനവും സുസ്ഥിര നഗരങ്ങളും എന്നതാണ്. ഒരര്‍ഥത്തില്‍, ലോകത്ത് ഉത്പാദിപ്പിക്കുന്ന കാര്‍ബണ്‍ സംഭരിച്ചുനഗരങ്ങളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ വ്യാപ്തി കുറക്കാന്‍ മരങ്ങളും കാടുകളുമാണ് സഹായിക്കുന്നത്. നഗരങ്ങളിലെ വന്‍ മരങ്ങള്‍ വായുവിലെ മാരകമായ മാലിന്യങ്ങളെയും സൂക്ഷ്മപൊടിപടലങ്ങളെയും അരിച്ചുമാറ്റി ശുദ്ധവായു ലഭ്യമാക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. നഗരങ്ങളിലെ പ്രത്യേക സ്ഥലങ്ങളില്‍ വിശേഷിച്ച് വാഹന ഗതാഗതം ഗണ്യമായി വര്‍ധിക്കുന്നിടത്തും വ്യവസായ ശാലകള്‍ക്കു ചുറ്റും വായുവിനെ ഏകദേശം ഏട്ട് ഡിഗ്രി വരെ തണുപ്പിക്കാന്‍ മരങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഇത് മൂലം നഗരങ്ങളില്‍ 30 ശതമാനം വരെ എയര്‍ കണ്ടീഷന്‍ ഉപയോഗവും നിയന്ത്രിക്കാനാകുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രാദേശിക കാലാവസ്ഥയിലെ ചൂട് വര്‍ധിക്കുന്നത് കുറക്കാന്‍ മരങ്ങള്‍ക്ക് കഴിയുമെന്നതിനാല്‍ 20 മുതല്‍ 50 ശതമാനം വരെ ഊര്‍ജ ഉപയോഗം ലാഭിക്കാനാകുന്നുണ്ട്. വ്യവസായ മേഖലകള്‍ക്കും കടുത്ത ട്രാഫിക് ഉള്ള പ്രദേശങ്ങളിലും പാര്‍പ്പിട മേഖലകളിലും ശബ്ദമലിനീകരണം ഒരുപരിധി വരെ തടയാന്‍ മരങ്ങള്‍ക്ക് കഴിയും. പ്രാദേശിക ജനസമൂഹങ്ങള്‍ക്ക് മരങ്ങള്‍ ഭക്ഷണവും ഔഷധവും നല്‍കുന്നതോടൊപ്പം ഫലങ്ങളും അണ്ടിപ്പരിപ്പും പച്ചിലകളും നല്‍കുന്നു. കീടങ്ങള്‍ക്ക് നഗരവൃക്ഷങ്ങളുടെ ഇലകള്‍ ഭക്ഷണവും താവളവും നല്‍കുന്നതിനാല്‍ വീടുകളിലെ ജനങ്ങളുടെ സൈ്വരജീവിതം കീടശല്യം മൂലം പ്രശ്‌നമാകുന്നില്ല.

തണുപ്പ് കാലത്ത് മുറികള്‍ ചൂടാക്കുന്നതിനും മറ്റു കാലങ്ങളില്‍ ആഹാരം പാകം ചെയ്യുന്നതിനും നഗരവനവത്കരണത്തിലൂടെ വിറകും മരങ്ങള്‍ നല്‍കുന്നു. നഗരത്തിലെ മരങ്ങള്‍ മഴവെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്നതിന് കാരണമാകുന്നുണ്ട്. ഇത് ഭൂഗര്‍ഭ ജല റീചാര്‍ജിംഗിന് അത്യന്താപേക്ഷിതമാണ്. ശുദ്ധജലം ലഭ്യമാകുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും മണ്ണ് സംരക്ഷിക്കുന്നതിനും ജലബാഷ്പീകരണം തടയുന്നതിനും നഗരത്തിലെ മരങ്ങള്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്. നഗരങ്ങള്‍ക്ക് ചുറ്റുമുള്ള വനപ്രദേശങ്ങള്‍ പക്ഷികള്‍ക്കും ജന്തുക്കള്‍ക്കും മറ്റു വന്യജീവികള്‍ക്കും ഔഷധ സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നതിനാല്‍ അവ ജൈവവൈവിധ്യ കലവറയായി മാറുന്നു. നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലെ വനങ്ങള്‍ വിനോദസഞ്ചാര വികസനത്തിനും തൊഴില്‍ ലഭ്യതക്കും നഗരങ്ങളുടെ സൗന്ദര്യവത്കരണത്തിനും ഹരിത സമ്പദ് ഘടനക്കും വഴിവെക്കുന്നുണ്ട്. നഗരഹരിതവത്കരണം ജനങ്ങളുടെ ആരോഗ്യത്തിനും രോഗങ്ങള്‍ തടയുന്നതിനും ആളുകള്‍ തമ്മിലുള്ള സാമൂഹിക ഇടപെടലുകള്‍ക്കും ഇടം നല്‍കുന്നു. 2017 ഓടെ ലോകത്തില്‍ ഗ്രാമങ്ങളെക്കാള്‍ കൂടുതല്‍ ആളുകള്‍ പട്ടണപ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2050 ഓടെ ലോകത്തിലെ ആറ് ശതകോടി ജനങ്ങള്‍ പട്ടണ പ്രദേശങ്ങളിലായിരിക്കും വസിക്കുന്നത്. അതു മൂലം നഗരങ്ങള്‍ കൂടുതല്‍ മലിനീകൃതമാകുന്നതിനും മരുവത്കരണത്തിനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ നഗരഹരിത വത്കരണം അത്യന്താപേക്ഷിതമാണ്. നഗരങ്ങളിലെ പച്ചപ്പ് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചൂടില്‍ നിന്ന് മോചനം നേടുന്നതിനും മലിനീകരണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനും കാരണമാകുന്നുവെതില്‍ തര്‍ക്കമില്ല.

നഗരങ്ങളില്‍ രൂപപ്പെടുന്ന നിമിഷപ്രളയം തടയുന്നതിനും താപതരംഗം ദുര്‍ബലമാക്കുന്നതിനും ഹരിതനഗരങ്ങള്‍ക്കാകും. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അമിത ചൂടും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും വെള്ളപ്പൊക്കവും ഒരു പരിധിവരെ ലഘൂകരിക്കാന്‍ നഗരങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനാലാകും. പ്രളയം കടല്‍ നിരപ്പിലെ ഉയര്‍ച്ച, ഉരുള്‍ പൊട്ടല്‍, ഭൂചലനം, കൊടുങ്കാറ്റ്, കടല്‍ക്ഷോഭം, എന്നിവ തടയാന്‍ തീരപ്രദേശത്തുള്ള നഗരങ്ങള്‍ ഇന്ന് അപ്രാപ്തമാണ്. അതിനുള്ള അടിസ്ഥാന സൗകര്യലഭ്യത ലോകത്തിലെ നഗരങ്ങളില്‍ ഇല്ലെന്നുള്ളതാണ് വാസ്തവം. പ്രകൃതി ദുരന്തങ്ങളില്‍ കലാശിക്കുന്നത് പലപ്പോഴും ശാസ്ത്രീയമായ വികസന നടപടികളുടെ അഭാവം മൂലമാണ്. അതുകൊണ്ട് തന്നെ നഗരങ്ങളുടെ വികസനം പ്രകൃതിയോടിണങ്ങി തന്നെ വേണം. നഗരഹരിതവത്കരണം ഒരു നടപടി മാത്രമാണ്. നഗരവികസനം സുസ്ഥിരമാകണം. ജനങ്ങളുടെ ആരോഗ്യവും കുടിവെള്ളവും ജീവിക്കാനുള്ള മറ്റു ചുറ്റുപാടുകളും വേണം. വനങ്ങളും മരങ്ങളും ഇതിനുപയോഗിക്കാവുന്ന ചില മാര്‍ഗങ്ങളാണെന്ന് മാത്രം. അംബര ചുംബികളായ കെട്ടിടങ്ങളിലെ സ്തൂപികാ വനവത്കരണവും ചെറുവന കൂട്ടങ്ങളും വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ മലിനീകരണം ആഗിരണത്തിന് അത്യന്താപേക്ഷിതമാണ്. ഭൂമിയുടെ 31 ശതമാനം മാത്രമാണ് കാട് അവശേഷിക്കുന്നത്. പ്രതിവര്‍ഷം 8. 3 ദശലക്ഷം ഹെക്ടര്‍ വനഭൂമി ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വനദിനം ആചരിക്കുമ്പോള്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിന് വനങ്ങളുടെ പങ്ക് ചെറുതല്ലെന്ന തിരിച്ചറിവുണ്ടാകണം. നഗരവത്കരണമാണ് വനനാശത്തിന് ഒരു പരിധിവരെ കാരണമെന്നിരിക്കെ നഗരവനവത്കരണത്തിനുള്ള ആഹ്വാനത്തിന് ഏറെ പ്രസക്തിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here