ദുബൈ പോലീസ് സന്തോഷദിനത്തില്‍ മലയാളികളും

Posted on: March 20, 2018 8:29 pm | Last updated: March 20, 2018 at 8:29 pm
SHARE
ദുബൈ പോലീസ് ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തവര്‍

ദുബൈ: രാജ്യാന്തര സന്തോഷ ദിനത്തിന്റെ ഭാഗമായി ദുബൈ പോലീസ് തൊഴിലാളികള്‍ക്ക് വേണ്ടി ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന പരിപാടികളില്‍ മലയാളി നടന്‍ ടിനി ടോമും ഗായിക അമൃത സുരേഷും സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയും കൂട്ടുചേരും. ജബല്‍ അലി, മുഹൈസ്ന, സഅബീല്‍ പാര്‍ക് എന്നിവടങ്ങളിലാണ് പരിപാടികള്‍. ഓരോ സ്ഥലത്തും നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുക്കും. തൊഴിലാളികള്‍ ദുബൈയുടെ സുഹൃത്തുക്കളാണെന്ന സന്ദേശമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നു കേണല്‍ മന്‍സൂര്‍ യൂസഫ് അല്‍ ഗര്‍ഗാവി പറഞ്ഞു. ആര്‍ ജെകളായ മീര നന്ദന്‍, മിഥുന്‍ തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുക്കും. തൊഴിലാളികള്‍ക്ക് നിരവധി സമ്മാനങ്ങള്‍ നല്‍കും. സൗജന്യ വിമാനടിക്കറ്റ് നറുക്കെടുപ്പിലൂടെ നല്‍കും.

മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷനല്‍ ഇവന്‍സിന്റെ സഹകരണത്തോടെയാണ് ദുബൈ പോലീസ് മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ മൂന്ന് കേന്ദ്രങ്ങളിലായി നടത്തുക.

നടനും മിമിക്രിതാരവുമായ ടിനി ടോം, ഗായിക അമൃത സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കും. രണ്ടായിരം തൊഴിലാളികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വൈകിട്ട് മൂന്നു മുതല്‍ ആറു വരെ വ്യവസായ മേഖലകളായ ജബല്‍ അലി, മുഹൈസിന എന്നിവിടങ്ങളിലും സബീല്‍ പാര്‍ക്കിലുമാണ് പരിപാടി നടക്കുകയെന്ന് ദുബൈ പോലീസ് ജനറല്‍ വിഭാഗം അഡ്മിനിസ്‌ട്രേഷന്‍ അഫയേഴ്‌സ് പ്രതിനിധി കേണല്‍ മന്‍സൂര്‍ അല്‍ ഗര്‍ഗാവി പറഞ്ഞു. ജബല്‍ അലിയില്‍ യുഎഇ മന്ത്രി, ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി എന്നിവര്‍ പങ്കെടുക്കും.

200ലേറെ രാജ്യക്കാര്‍ സൗഹൃദത്തോടെയും സന്തോഷത്തോടെയും കഴിയുന്ന രാജ്യമാണ് യു എ ഇ. തൊഴിലാളികള്‍ ദുബൈയുടെ പ്രിയപ്പെട്ടവരാണ്. അവരാണ് രാജ്യത്തെ നിര്‍മിക്കുന്നത്. അവരുടെ സന്തോഷത്തിന് ഏറെ പ്രാധാന്യം നല്‍കുന്നു. ചെറുകിട, വന്‍കിട സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദുബൈ പോലീസ് ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അല്‍ സല്ലാല്‍ സഈദ് ബിന്‍ ഹുവൈദി അല്‍ ഫലാസി, മറ്റു ഉദ്യോഗസ്ഥരായ അബ്ദുല്ല ജുമാ ഇബ്രാഹിം, മേജര്‍ റഹ്മ ഉംറാന്‍ അല്‍ ശംസി, ടിനി ടോം, അശ്‌റഫ് താമരശ്ശേരി, മാസ്റ്റര്‍വിഷന്‍ എംഡി മുഹമ്മദ് റഫീഖ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here