.കാമുകിയെ കാണാനെത്തിയ യുവാവ് ഫഌറ്റില്‍ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയില്‍

Posted on: March 20, 2018 8:28 pm | Last updated: March 20, 2018 at 8:28 pm

ഷാര്‍ജ: കാമുകിയുടെ പിതാവിനെ കണ്ട് യുവാവ് ഫഌറ്റില്‍ നിന്നു താഴേക്ക് ചാടി. ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19കാരനായ ഇറാനില്‍ നിന്നുള്ളയാളാണ് കാമുകിയുടെ ഫഌറ്റിലേക്ക് പിതാവ് വരുന്നതു കണ്ടു താഴേക്ക് ചാടിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നു ചാടിയ യുവാവിനെ ഗുരുതര പരുക്കുകളോടെ ഷാര്‍ജ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.

ഷാര്‍ജയിലെ മൈസലൂന്‍ ഏരിയയില്‍ ശനിയാഴ്ചയാണ് സംഭവം. കുടുംബാംഗങ്ങള്‍ പ്രാര്‍ഥനയ്ക്കു പോയ സമയത്ത് യുവാവിനെ പെണ്‍കുട്ടി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നെന്ന് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് തിരിച്ചെത്തി വാതിലില്‍ മുട്ടി. ആ സമയത്ത് പുറത്തുപോകാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ യുവാവ് വീടിന്റെ ബാല്‍ക്കണിയില്‍ ഒളിച്ചു.
എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവ് വീട്ടില്‍ തന്നെ തുടരുന്നതിനാല്‍ താന്‍ താഴേക്കു ചാടി രക്ഷപ്പടുകയാണെന്ന് യുവാവ് വാട്‌സ്ആപ് മെസേജ് അയച്ചു. 30 മിനിറ്റോളം ബാല്‍ക്കണിയില്‍ കാത്തുനിന്ന ശേഷമാണ് രണ്ടാം നിലയിലെ ഫ്‌ലാറ്റില്‍ നിന്നു യുവാവ് രക്ഷപ്പെടാനായി ചാടിയത്.
താഴെവീണു പരുക്കേറ്റ യുവാവിനെ അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.