പാര്‍ട്‌ടൈം ജോലിക്ക് കരാറാകാം; ജോലി എട്ട് മണിക്കൂര്‍ കൂടരുത്

Posted on: March 20, 2018 8:20 pm | Last updated: March 20, 2018 at 8:20 pm

അബുദാബി: പാര്‍ട് ടൈം കരാര്‍ വ്യവസ്ഥക്ക് യു എ ഇ മാനവവിഭവശേഷി-സ്വദേശീവത്കരണ മന്ത്രാലയം അംഗീകാരം നല്‍കി. പാര്‍ട്‌ടൈം ജോലിയില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ജീവനക്കാര്‍ക്ക് പ്രവേശിക്കാം. പുതിയ കരാര്‍ വ്യവസ്ഥ പ്രകാരം സ്വദേശി പൗരന്മാര്‍ക്കും വിദേശ തൊഴിലാളികള്‍ക്കും ഒന്നിലധികം തൊഴിലുടമകളുടെ കീഴില്‍ ഒന്നിലധികം തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താം. നിര്‍ദിഷ്ട നിബന്ധനകള്‍ അനുസരിച്ച് തൊഴിലാളി മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്ന് അനുവാദം വാങ്ങിയാല്‍ മതി. അവരുടെ യഥാര്‍ഥ തൊഴിലുടമയില്‍ നിന്നും അനുമതി വാങ്ങേണ്ടതില്ല. ഏത് സാഹചര്യത്തിലും മറ്റൊരു തൊഴിലുടമയുടെ കീഴില്‍ പാര്‍ട്ട് ടൈം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും.

പാര്‍ട് ടൈം കരാര്‍ സംവിധാനം അനുവദിക്കുന്നതിന് വേണ്ടി മാനവവിഭവശേഷി മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹമലി പുറപ്പെടുവിച്ച പ്രമേയം നടപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ തൊഴില്‍ കരാര്‍ നടപ്പിലാക്കുന്നത്. തൊഴില്‍ കമ്പോളത്തിന്റെ സുഗമമായ മുന്നോട്ടുപോക്ക് സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ഹമലി പറഞ്ഞു. വിദേശ തൊഴിലാളികളുടെ കുത്തൊഴുക്കിന് നിയന്ത്രണം വരും. ദിവസം എട്ടു മണിക്കൂറിനുള്ളിലെ ജോലിയേ സ്വീകരിക്കാവൂ. ആഴ്ചയില്‍ ഒരു ദിവസം അവധി ലഭിക്കണം.