എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ 7.63 കോടി രൂപ അനുവദിച്ചു

  • ധനസഹായത്തിനായി 30 കോടി
  • ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും
Posted on: March 20, 2018 7:44 pm | Last updated: March 21, 2018 at 9:49 am
SHARE

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാന്‍ 7.63 കോടി രൂപ അനുവദിച്ചു. അമ്പതിനായിരം രൂപ വരെയുള്ള കടങ്ങള്‍ നേരത്തെ എഴുതിത്തള്ളിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്. പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കം അര്‍ഹരായ എല്ലാവര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ പ്രകാരമുള്ള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി മുപ്പത് കോടി രൂപ സര്‍ക്കാര്‍ ലഭ്യമാക്കും. സുപ്രീം കോടതിയുടെ നിര്‍ദേശം പാലിച്ചാണ് തീരുമാനമെടുത്തത്.

പൂര്‍ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും അഞ്ച് ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുള്ളവര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്. കൂടാതെ ദുരിതബാധിതരായ അര്‍ബുദ രോഗികള്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാത്ത ദുരിതബാധിതരുണ്ടെങ്കില്‍ മാനദണ്ഡ പ്രകാരം പരിശോധന നടത്തി നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. അഞ്ച് ഘട്ടങ്ങളായുള്ള പരിശോധനയിലൂടെയാണ് ധനസഹായത്തിന് അര്‍ഹരായവരെ നിര്‍ണയിക്കുന്നത്.

മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെയും ബി പി എല്‍ വിഭാഗത്തില്‍പ്പെടുത്തി റേഷന്‍ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. കേന്ദ്രത്തിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയപ്പോള്‍ പല കുടുംബങ്ങളും ബി പി എല്‍ പട്ടികയില്‍ നിന്ന് പുറത്തുപോയി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നില്ല. ഇത് കണക്കിലെടുത്താണ് മുഴുവന്‍ കുടുംബങ്ങളെയും ബി പി എല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.

മാനസികവൈകല്യമുള്ള ദുരിതബാധിതരെ പരിപാലിക്കുന്നതിന് ഏഴ് പഞ്ചായത്തുകളില്‍ ഇപ്പോള്‍ ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് പഞ്ചായത്തുകളില്‍ ബഡ്‌സ് സ്‌കൂളിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ ബഡ്‌സ് സ്‌കൂളുകളുടെയും ചുമതല സാമൂഹികനീതി വകുപ്പ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം മാതൃകാപരമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണിത്. ബഡ്‌സ് സ്‌കൂളുടെ പ്രവര്‍ത്തനത്തിന് സന്നദ്ധ സംഘടനകളുടെ സഹായം സ്വീകരിക്കാനും തീരുമാനിച്ചു.
പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പെരിയ, ചീമേനി, രാജപുരം തോട്ടങ്ങളിലും പാലക്കാട് തെങ്കര കശുമാവിന്‍ തോട്ടത്തിലും സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നതിന് ആവശ്യമായ പണം സര്‍ക്കാര്‍ അനുവദിക്കും. ദുരിതബാധിതര്‍ക്കു വേണ്ടി പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഉടനെ ഭരണാനുമതി നല്‍കും. കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഇതിന് പ്രയോജനപ്പെടുത്താന്‍ കഴിയുമോയെന്ന് പരിശോധിക്കും.

കാസര്‍കോട് ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന എന്‍ഡോസള്‍ഫാന്‍ സഹായപദ്ധതികളും പുനരധിവാസ പദ്ധതികളും അവലോകനം ചെയ്യുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ആരോഗ്യ മന്ത്രി കെ കെ ഷൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, സാമൂഹികനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരന്‍, കാസര്‍കോട് കലക്ടര്‍ ജീവന്‍ ബാബു പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here