‘ഇല്ലാത്ത’ ഫണ്ടിനെപ്പറ്റി ചോദ്യം: പണി പാളി ഒ രാജഗോപാല്‍

Posted on: March 20, 2018 7:34 pm | Last updated: March 21, 2018 at 9:49 am

തിരുവനന്തപുരം: ഇല്ലാത്ത ഫണ്ടിനെക്കുറിച്ച് ചോദ്യം ചോദിച്ച ഒ രാജഗോപാല്‍ എം എല്‍ എക്കെ് പണിപാളി. സംസ്ഥാനത്തെ സഹകരണമേഖലയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ എത്ര രൂപ അനുവദിച്ചെന്നും ഇതില്‍ ചെലവാക്കിയ തുകയുടെ കണക്കുമാണ് രാജഗോപാല്‍ ചോദിച്ചത്. മുഴുവന്‍ തുകയും ചെലവാക്കിയില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാനും രാജഗോപാല്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.

സഹകരണമേഖലയുടെ വികസനത്തിനായി കേന്ദ്രത്തില്‍ നിന്ന് പണമൊന്നും അനുവദിച്ചിട്ടില്ലെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടി പറഞ്ഞപ്പോഴാണ് ചോദ്യത്തില്‍ പിണഞ്ഞ അമളി രാജഗോപാലും തിരിച്ചറിഞ്ഞത്.

2014-15 മുതല്‍ 2017-18 വരെ സഹകരണമേഖലക്ക് എത്ര തുക കേന്ദ്രഫണ്ടായി ലഭിച്ചെന്നാണ് ബി ജെ പിയുടെ ഏക എം എല്‍ എ സഭയില്‍ ചോദിച്ചത്. ലഭിച്ച തുകയില്‍ ചെലവഴിച്ച തുകയും മുഴുവന്‍ ചെലവഴിച്ചില്ലെങ്കില്‍ അതിന്റെ കാരണവുമാണ് രാജേട്ടന് അറിയേണ്ടിയിരുന്നത്. കേന്ദ്രഫണ്ട് ഉപയോഗിച്ചതിലൂടെ സഹകരണമേഖലയിലുണ്ടായ മാറ്റം വ്യക്തമാക്കണെമന്നായിരുന്നു രണ്ടാമത്തെ ചോദ്യം. മന്ത്രിയുടെ ഒറ്റ മറുപടിയില്‍ രാജേട്ടന്റെ ചോദ്യങ്ങള്‍ അപ്രസക്തമായി.
അമളി പിണഞ്ഞ രാജഗോപാലിനെതിരെ സമൂഹിക മാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്.