ഇസില്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു

  • കണ്ടെത്തിയത് കൂട്ടക്കുഴിമാടങ്ങള്‍
  • തിരിച്ചറിഞ്ഞത് ഡി എന്‍ എ പരിശോധിച്ച്
Posted on: March 20, 2018 7:11 pm | Last updated: March 21, 2018 at 10:04 am
കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട പഞ്ചാബ് സ്വദേശി ഗുര്‍ചരണ്‍ സിംഗിന്റെ ചിത്രവുമായി
വിലപിക്കുന്ന ബന്ധുക്കള്‍

ന്യൂഡല്‍ഹി: ഇറാഖില്‍ ഇസില്‍ ഭീകരര്‍ ബന്ദികളാക്കിയിരുന്ന 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് രാജ്യസഭയിലാണ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചത്. കൂട്ടക്കുഴിമാടങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡി എന്‍ എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്.
പഞ്ചാബില്‍ നിന്നുള്ള 28 പേരും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നാലും ബിഹാറില്‍ നിന്നുള്ള അഞ്ചും പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. 2014ല്‍ മൊസൂളില്‍ നിന്നാണ് ഇവരെ ഇസില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. സിഖ് വിശ്വാസികള്‍ ധരിക്കുന്ന വളകള്‍, സിഖ് പുരുഷന്മാരുടേതെന്ന് തോന്നിക്കുന്ന മുടി എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് കാണാതായവരുടെ ബന്ധുക്കളില്‍ നിന്ന് സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ ഡി എന്‍ എ പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ചിരുന്നു. കൊല്ലപ്പെട്ട 38 പേരുടേയും ഡി എന്‍ എകള്‍ യോജിച്ചിരുന്നുവെന്നും ശേഷിക്കുന്ന ഒരാളുടേത് ഏഴുപത് ശതമാനം യോജിച്ചുവെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം വിവരം ലഭിക്കുകയായിരുന്നുവെന്ന് സുഷമാ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു. പ്രത്യേക വിമാനത്തിലെത്തിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കും. ഇതിനായി വിദേശകാര്യ സഹമന്ത്രി ഇറാഖിലേക്ക് തിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഭീകരരില്‍ നിന്ന് മൊസൂള്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ, കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യ സഹമന്ത്രി വി കെ സിംഗ് ഇറാഖിലേക്ക് പോയിരുന്നു. ആശുപത്രി നിര്‍മാണസ്ഥലത്തായിരുന്ന ഇന്ത്യക്കാരെ പിന്നീട് ഒരു കൃഷിയിടത്തിലേക്കും അവിടെ നിന്ന് ബാദുഷ് ജയിലിലേക്കും മാറ്റുകയായിരുന്നുവെന്നാണ് ഇറാഖ് രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇറാഖിലെ ബാദുഷിലേക്കുള്ള യാത്രക്കിടെ ഒരു വ്യക്തിയാണ് കൂട്ടക്കുരുതിയെ കുറിച്ച് പറഞ്ഞതെന്നും അദ്ദേഹം ദൃക്‌സാക്ഷിയായിരുന്നുവെന്നും സുഷമാ സ്വരാജ് കൂട്ടിച്ചേര്‍ത്തു. അവര്‍ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ കഴിയാത്തതിനാല്‍ മരണം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാര്‍ മൂന്ന് വര്‍ഷം കാത്തിരുന്നുവെന്നും സുഷമ വ്യക്തമാക്കി.

വിഷയം ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഡി എം കെ, എ ഐ എ ഡി എം കെ അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സംസാരിക്കാന്‍ സാധിച്ചില്ല. സംഭവം വിവാദമായതോടെ മന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനം വിളിച്ച് ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. താന്‍ രാഷ്ട്രത്തോട് കള്ളം പറയുകയോ കുടുംബങ്ങളെ ഇരുട്ടിലാക്കുകയോ ചെയ്തിട്ടില്ല. കൊല്ലപ്പെട്ടവരുടെ ചില കുടുംബങ്ങള്‍ എന്തുകൊണ്ട് പാര്‍ലിമെന്റില്‍ ആദ്യം ഉന്നയിക്കുന്നുവെന്ന് ചോദിക്കുന്നു. ഇക്കാര്യങ്ങള്‍ പാര്‍ലിമെന്റില്‍ പ്രഖ്യാപിക്കുമെന്ന് മുമ്പ് താന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.

കേരളത്തില്‍ നിന്ന് ഇറാഖിലെത്തിയ നഴ്‌സുമാരെ വിദേശകാര്യ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സമയോജിത ഇടപെടല്‍ കാരണം തിരിച്ചെത്തിക്കാന്‍ സാധിച്ചിരുന്നു. ഇസില്‍ ഭീകരരുമായി ചര്‍ച്ചകള്‍ വരെ നടത്തിയാണ് അന്ന് മലയാളി നഴ്‌സുമാരെ രക്ഷപ്പെടുത്തിയത്.

നാല് വര്‍ഷം എന്തിന് മറച്ചു?വിമര്‍ശവുമായി ബന്ധുക്കള്‍

കേന്ദ്ര സര്‍ക്കാറിനും വിദേശകാര്യ മന്ത്രിക്കുമെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ വിമര്‍ശവുമായി രംഗത്ത്. നാല് വര്‍ഷമായി ഈ വിവരം തങ്ങളില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തി. പാര്‍ലിമെന്റില്‍ പറയുന്നതിന് മുമ്പ് സുഷമാ സ്വരാജ് എന്തുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്താതിരുന്നതെന്ന് അവര്‍ ചോദിച്ചു. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടു. തങ്ങളുടെ സഹോദരന്‍ മരിച്ചെന്ന് വിശ്വസിക്കില്ലെന്നും അവന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞിരുന്നുവെന്ന് കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശി മജീന്ദര്‍ സിംഗിന്റെ സഹോദരി ഗുര്‍പീന്ദര്‍ കൗര്‍ പറഞ്ഞു. സുഷമാ സ്വരാജ് സ്വന്തം പ്രശസ്തി മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും കൗര്‍ കുറ്റപ്പെടുത്തി.