ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് തന്നെ

Posted on: March 20, 2018 3:10 pm | Last updated: March 20, 2018 at 4:01 pm

കൊച്ചി: ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരത്ത് തന്നെ നടത്താന്‍ ധാരണ. ജിസിഎ, കെസിഎ ഭാരവാഹികള്‍ കായിക മന്ത്രി എസി മൊയ്തീനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിലാകും മത്സരം നടത്തുക.

തര്‍ക്കങ്ങളില്ലാതെ മത്സരം നടത്താനാണ് ശ്രമിക്കുന്നതെന്ന് എസി മൊയ്തീന്‍ പറഞ്ഞു. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ ഫുട്‌ബോള്‍ ടര്‍ഫ് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ ഒന്നിനാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരം. കൊച്ചിയില്‍ ക്രിക്കറ്റ് മത്സരം നടത്തിയാല്‍ സ്റ്റേഡിയത്തിലെ ടര്‍ഫ് നശിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മത്സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ധാരണയായത്. മത്സരം കൊച്ചിയില്‍ നടത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) ചെയര്‍മാന്‍ സി.എന്‍. മോഹനനും ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. എന്നാല്‍ ഇതിനെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്, ശശി തരൂര്‍ എം പി അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു.