കീഴാറ്റൂര്‍ സമരം: അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

Posted on: March 20, 2018 12:42 pm | Last updated: March 20, 2018 at 4:11 pm

തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിനെതിരെ ശക്തമായ നിലപാടുമായി മുഖ്യമന്ത്രി നിയമസഭയില്‍. അനാവശ്യ എതിര്‍പ്പുകള്‍ക്ക് പാര്‍ട്ടി വഴങ്ങില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സിപിഎമ്മുകാര്‍ എതിക്കുന്നത് കൊണ്ട് വികസനം കെട്ടിനിര്‍ത്തണോയെന്നും ചോദിച്ചു.

ദേശീയ പാത വികസനം പാടില്ലെന്ന് ശഠിക്കുന്നവര്‍ നാട്ടിലുണ്ട്. കീഴാറ്റൂരില്‍ 56 പേര്‍ ദേശീയപാതക്ക് സ്ഥലം വിട്ടുനല്‍കിയിട്ടുണ്ട്. ഇനി നാല് പേര്‍ മാത്രമാണ് വിട്ടുനല്‍കാനുള്ളത്. കീഴാറ്റൂരിനെ നന്ദിഗ്രാമുമായും സിംഗൂരുമായും താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഡി സതീശന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ വികസന കാര്യത്തില്‍ ഭരണ – പ്രതിപക്ഷ വിത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. കീഴാറ്റൂരിലൂടെ മാത്രമേ റോഡ് നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിന് പകരം മറ്റൊരു സ്ഥലം നിര്‍ദേശിക്കാന്‍ സമരക്കാര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വികസന വിഷയത്തില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പില്ലെന്നും സമരക്കാരെ പോലീസിനെ ഉപയോഗിച്ച് നേരിടാന്‍ ശ്രമിച്ചാല്‍ തടയുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.