ഇറാഖില്‍ ഇസില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി

Posted on: March 20, 2018 11:33 am | Last updated: March 20, 2018 at 7:20 pm

ന്യൂഡല്‍ഹി: ഇറാഖില്‍ ഇസില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. 2014ല്‍ മൊസൂളില്‍നിന്നുമാണ് ഇവരെ തട്ടിക്കൊണ്ട് പോയത്. കൊല്ലപ്പെട്ടവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തിയെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. ഡി എന്‍ എ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ചത്.

നാല് സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇവരിൽ 27 പേർ പഞ്ചാബിൽ നിന്നുള്ളവരു‌ ആറ് പേർ ബീഹാർ സ്വദേശികളും നാല് പേർ ഹിമാചൽ സ്വദേശികളും രണ്ട് പേർ പശ്ചിമ ബംഗാൾ സ്വദേശികളുമാണെന്ന് സുഷമ സ്വരാജ് പിന്നീട് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യക്കാർ മരിച്ചതായി കൃത്യമായ തെളിവ് ലഭിച്ച ശേഷമാണ് അക്കാര്യ‌ം പ്രഖ്യാപിച്ചതെന്നും മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് എത്തിച്ചുനൽകാൻ എല്ലാ പ്രയത്നങ്ങളും നടത്തുമെന്നും സുഷമ പറഞ്ഞു.

ഇറാഖിലെ ഫാക്ടറി തൊഴിലാളികളാണ് കൊല്ലപ്പെട്ടവർ. മ്യതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.

ഇറാഖിലെ മൊസൂളില്‍ 2014ല്‍ ഐഎസ് തീവ്രവാദികള്‍ ബന്ദികളാക്കിയ 40 ഇന്ത്യക്കാരില്‍ 39 പേരാണ് കൊല്ലപ്പെട്ടത്. ഒരാൾ രക്ഷപ്പെട്ടിരുന്നു.