Connect with us

Kerala

പഞ്ചായത്തുകളില്‍ കൂടുതല്‍ മദ്യശാല: പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഈ വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെ സി ജോസഫാണ് അടിയന്തിപ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ സുപ്രീം കോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകള്‍ തുറക്കുകയല്ല, നിലവില്‍ പ്രവര്‍ത്തിച്ചിരുന്നവക്ക് വീണ്ടും അനുമതി നല്‍കുകയാണ്. ബാറുകള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. അസം, ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് ബാര്‍ തുറക്കാന്‍ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി കേരളത്തോടും അഭിപ്രായം ആരാഞ്ഞു.

ഇതു സംബന്ധിച്ച നിലപാട് കോടതിയില്‍ വ്യക്തമാക്കുകയാണ് ചെയ്തത്. മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. മദ്യനയത്തില്‍ ക്രൈസ്തവ സഭ ഉള്‍പ്പെടെയുള്ള ആരുമായും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുറന്ന ചര്‍ച്ചക്ക് തയാറാണെന്നും മന്ത്രി പറഞ്ഞു.

എല്‍ ഡി എഫിന്റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കൂടുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മദ്യവര്‍ജനം തന്നെയാണ് ലക്ഷ്യം. മദ്യഷാപ്പുകളുടെ എണ്ണം കൂടിയെന്ന ആരോപണവും തെറ്റാണ്. യു ഡി എഫ് ഭരണകാലത്തുണ്ടായിരുന്ന അത്രയും മദ്യശാലകള്‍ ഇപ്പോഴില്ല. പ്രവര്‍ത്തിച്ചിരുന്ന ബാറുകള്‍ക്ക് തുറക്കാന്‍ അപേക്ഷ കിട്ടിയാല്‍ പരിശോധിച്ച് അനുമതി നല്‍കും. പുതിയ ബാറുകള്‍ക്കുള്ള അപേക്ഷ വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

ജനസംഖ്യ പതിനായിരത്തിന് മുകളിലുള്ള പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയത് പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കാനല്ല. മദ്യഷോപ്പുകള്‍ക്കും ബാറുകള്‍ക്ക് അനുവദിച്ചിരുന്ന ദൂരപരിധിയില്‍ മാറ്റം വരുത്തില്ല. സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും 200 മീറ്റര്‍ ദൂരെ മാത്രമേ മദ്യഷോപ്പുകളും ബാറുകളും അനുവദിക്കു. കള്ളുഷാപ്പുകള്‍ക്ക് 600 മീറ്ററാണ് പരിധി. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് 50 മീറ്ററെന്ന പരിധി നേരത്തെ തീരുമാനിച്ചിരുന്നതാണ്. ഇത് നടപ്പാക്കിയാലും വളരെ കുറച്ച് ബാറുകള്‍ മാത്രമേ വരു എന്നും മന്ത്രി വിശദീകരിച്ചു.

പഞ്ചായത്തുകള്‍ തോറും ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കെ സി ജോസഫ് ആരോപിച്ചു. ബാറുകള്‍ക്ക് അനുകൂലമായ വിധിക്കായി കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സി പി എമ്മിന് ബാറുടമകളുമായി അവിശുദ്ധ കൂട്ടുകെട്ടാണെന്നും കെ സി പറഞ്ഞു.

നുണയെ സത്യമാക്കുന്ന ഗീബല്‍സിനെ വെല്ലുന്ന തരത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ കൗശലപൂര്‍വം നുണ പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പുതിയ അഞ്ച് വന്‍കിട ബാറുകള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാറാണ് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

Latest