പരിധിവിട്ട് സമൂഹ മാധ്യമങ്ങള്‍; പരാതി പ്രളയം

Posted on: March 20, 2018 6:24 am | Last updated: March 20, 2018 at 12:29 am

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ മുന്നണികള്‍ സജ്ജമാകുകയും സ്ഥാനാര്‍ഥികള്‍ അണിനിരക്കുകയും ചെയ്തതോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തിലേക്ക് വ്യാപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിന് പുറത്തും ആഗോള തലത്തിലുമെത്തിക്കുന്ന സമൂഹ മാധ്യമങ്ങളിലെ പോരാട്ട വീര്യം അതിരുകടക്കുന്നതായി സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരു പോലെ പരാതിയുമുണ്ട്. ഇതിനകം തന്നെ നിരവധി പരാതികള്‍ ഇതു സംബന്ധിച്ച് പോലീസിന് ലഭിച്ചുകഴിഞ്ഞു.

യു ഡി എഫും എല്‍ ഡി എഫും ബി ജെ പിയുമെല്ലാം ഇതിനകം തന്നെ പരാതികള്‍ നല്‍കിക്കഴിഞ്ഞു.തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാത്തതിനാല്‍ പെരുമാറ്റ ചട്ട ലംഘനത്തിന്റെ വാളോങ്ങാന്‍ പോലീസിനും കഴിയുന്നില്ല. സാധാരണ നിലക്കുള്ള പരാതിയായി മാത്രമെ ഇപ്പോഴത്തെ പരാതികളെ പോലീസ് കാണൂവെന്നതിനാല്‍ അധികവും കണ്ടില്ലെന്ന് നടിക്കുകയാണ് പാര്‍ട്ടിക്കാര്‍. യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ഡി വിജയകുമാറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടും പേജും ബ്ലോക്ക് ചെയ്യാന്‍ ശ്രമം നടന്നു. ശനിയാഴ്ച രാത്രി മുതല്‍ പ്രവര്‍ത്തന രഹിതമായ അക്കൗണ്ട് കെ പി സി സി, എ ഐ സി സി സെല്ലുകള്‍ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് പുന:സ്ഥാപിച്ചത്. ഇപ്പോഴും ഔദ്യോഗിക പേജ് പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. നവ മാധ്യമങ്ങളില്‍ മികച്ച രീതിയില്‍ നടന്നു കൊണ്ടിരുന്ന വിജയകുമാറിന്റെ പ്രചാരണത്തെ അട്ടിമറിക്കാനായി തെറ്റായ റിപ്പോര്‍ട്ടിംഗ് മനപ്പൂര്‍വ്വം നടന്നതായി സംശയിക്കുന്നതായി പ്രചാരണ വിഭാഗം സംശയിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി ഫേസ്ബുക്ക് അധികാരികളുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അവര്‍ അറിയിച്ചു.

അതിനിടെ, ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനപ്പെടുത്തുന്ന പോസ്റ്റുകളും കമന്റുകളും പ്രസിദ്ധീകരിക്കുന്നതിനെതിരെ മുന്‍ എം എല്‍ എ. ശോഭനാ ജോര്‍ജ് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി. സ്ത്രീയെന്ന നിലയില്‍ ഇത്തരം പ്രവര്‍ത്തികള്‍ തനിക്ക് മാനസികമായും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും സത്യമല്ലാത്തതും മോശവുമായ പരാമര്‍ശങ്ങള്‍ നടത്തിയ മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

പ്രചാരണം മുറുകുന്നതോടെ സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുണ്ടാകുമെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. സൈബര്‍ സെല്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ കമ്മീഷന്റെ കടുത്ത നിരീക്ഷണത്തിന് മുന്നില്‍ സമൂഹ മാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ക്ക് കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.