Connect with us

Kerala

മുന്‍മന്ത്രി അബ്ദുര്‍റബ്ബിനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

Published

|

Last Updated

തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് എം എല്‍ എ അടക്കം പത്ത് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ഡി അജിത് കുമാറിന്റെതാണ് ഉത്തരവ്. തിരുവനന്തപുരം സ്വദേശി സിജി നല്‍കിയ ഹരജിയിലാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവ് നല്‍കിയത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് അടുത്ത മാസം 19ന് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് യൂനിറ്റിന് കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.

ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇത് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ്, മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ബി ശ്രീനിവാസന്‍, കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ. പി കെ രാധാകൃഷ്ണന്‍, മുന്‍ രജിസ്ട്രാര്‍ ഡോ. എ ജയപ്രകാശ്, ഡോ. പി രാജേഷ് കുമാര്‍, രാമന്‍പിള്ള, സി ശശി, സൊസൈറ്റി ഫോര്‍ ഹയര്‍ എഡ്യുക്കേഷന്‍ ഓഫ് ദി കമ്മ്യൂണിറ്റി സൗത്ത് കേരള ഡയോസിസ് ചെയര്‍മാന്‍ റവ. എ ധര്‍മരാജ് റസാലം, ഡോ. എ ബെന്നറ്റ് എബ്രഹാം, അഡ്വ. എസ് പി ശ്രീജിത്ത് എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.

2016ലാണ് മുളയറയില്‍ സി എസ് ഐ സഭയുടെ സൊസൈറ്റി ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ഓഫ് ദി കമ്മ്യൂനിറ്റി സൗത്ത് കേരള ഡയോസിസ് എന്ന സൊസൈറ്റിയുടെ പേരില്‍ കോളജിന് അനുവാദം നല്‍കിയത്്. മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് യാതൊരു മാനദഡണ്ഡങ്ങളും ഇക്കാര്യത്തില്‍ പാലിച്ചില്ല. സ്വന്തമായി ഭൂമി പോലും ഇല്ലാതിരുന്ന സൊസൈറ്റിക്ക് കോളജിന് അനുവാദം നല്‍കിയതിനെ പലതവണ ചോദ്യം ചെയ്തിട്ടും ഒരു നിയമ നടപടിയും സ്വീകരിച്ചില്ല.

കോളജിന്റെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനം പോലും ആരംഭിക്കാതെ 2016 ഒക്‌ടോബര്‍ നാലിന് അധ്യാപകരെ നിയമിക്കാന്‍ പാളയം എല്‍ എം എസ് കോമ്പൗണ്ടില്‍ വച്ച് അഭിമുഖം നടത്തുകയും ഇതു വഴി കോടിക്കണക്കിന് രൂപ കൈക്കലാക്കുകയും ചെയ്തു. മാത്രമല്ല സൊസൈറ്റിക്ക്്് മുളയറയില്‍ സ്വന്തമായി സ്ഥലമില്ലാതിരിക്കെ സ്വന്തമായി സ്ഥലമുണ്ടെന്ന്്് തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

Latest