Connect with us

Kerala

തൊണ്ണൂറ് വയസ്സുള്ള വൃദ്ധക്ക് കൊച്ചുമകളുടെ ക്രൂരമര്‍ദനം; പോലീസ് കേസെടുത്തു

Published

|

Last Updated

മര്‍ദനമേറ്റ കല്യാണിയമ്മ

കണ്ണൂര്‍: തൊണ്ണൂറ് വയസ്സുള്ള വൃദ്ധക്ക് കൊച്ചുമകളുടെ ക്രൂരമര്‍ദനം. മര്‍ദന ദൃശ്യങ്ങള്‍ സ മൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെയടിസ്ഥാനത്തില്‍ കൊച്ചുമകള്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. കണ്ണൂര്‍ ആയിക്കര സ്വദേശിനി ദീപക്കെതിരെയാണ് മുത്തശ്ശി കല്യാണിയമ്മയെ മര്‍ദിച്ചതിന് സിറ്റി പോലീസ് കേസെടുത്തത്. വീട്ടില്‍ നിലത്ത് വീണ് നിലവിളിക്കുന്ന കല്യാണിയമ്മയെ ഇടക്കിടെ ദീപ അടിക്കുന്നതും വസ്ത്രങ്ങള്‍ വലിച്ചൂരുന്നതും ദൃശ്യത്തിലുണ്ട്. മര്‍ദനം കണ്ട് തടയാനെത്തിയ അയല്‍വാസികളെ ദീപ അസഭ്യം പറഞ്ഞ് പിന്തിരിപ്പിക്കുന്നു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ വിളിക്കൂ എന്ന മറുപടിയാണ് ദീപ നല്‍കിയതെന്നും അയല്‍വാസികള്‍ പറഞ്ഞു.

നാട്ടുകാരുടെ പരാതിയില്‍ സിറ്റി പോലീസെത്തി രണ്ട് ദിവസം മുമ്പ് കല്യാണിയമ്മയില്‍ നിന്ന് മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കൊച്ചുമകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായില്ല. തുടര്‍ന്ന് പരാതിയില്ലെന്ന് പറഞ്ഞ് പോലീസ് പിന്തിരിഞ്ഞു. കഴിഞ്ഞ ദിവസം മര്‍ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇന്നലെ പോലീസ് വീണ്ടുമെത്തി കല്യാണിയമ്മയില്‍ നിന്ന് മൊഴിയെടുക്കുകയായിരുന്നു.

നിരന്തര മദര്‍നത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ കല്യാണിയമ്മയെ നാട്ടുകാര്‍ ഇടപെട്ട് സമീപത്തെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇവിടെയെത്തിയ പോലീസ് ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്യാണിയമ്മയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ട്. അമ്മ ജാനകിക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ഭര്‍ത്താവ് ഉപേക്ഷിച്ച ദീപ താമസിക്കുന്നത്. അമ്മ ജാനകിയെയും ദീപ മര്‍ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. അമ്മക്കും മുത്തശ്ശിക്കും ശരിയായരീതിയില്‍ ദീപ ആഹാരം നല്‍കിയിരുന്നില്ല. വൃദ്ധയെക്കൊണ്ട് ദീപ ഭക്ഷണം ഉണ്ടാക്കിക്കുകയും ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ മര്‍ദിക്കുകയുമാണ് പതിവെന്നും അയല്‍വാസികള്‍ പറയുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ദീപ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും അയല്‍വാസികള്‍ പറയുന്നു.

മര്‍ദന ദൃശ്യങ്ങളടങ്ങിയ വീഡിയോയുമായി എ പി ജെ അബ്ദുല്‍കലാം ഗ്ലോബല്‍ ഫൗണ്ടേഷന്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ഒരു മാസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കി. കണ്ണൂര്‍ ആര്‍ ഡി ഒയും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

 

Latest