ഓഖി ദുരന്തം: അപകട ബാധിതര്‍ മത്സ്യബന്ധന ദൂരപരിധി ലംഘിച്ചവരെന്ന് മന്ത്രി

മരണം 52, കാണാതായത് 91 മത്സ്യത്തൊഴിലാളികള്‍
Posted on: March 20, 2018 6:18 am | Last updated: March 19, 2018 at 11:48 pm

തിരുവനന്തപുരം: കേരള തീരത്ത് നാശംവിതച്ച ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 52 പേര്‍ മരിച്ചുവന്നും 91 മത്സ്യത്തൊഴിലാളികളെ കണാതായെന്നും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. കാണാതായെന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത 102 മത്സത്തൊഴിലാളികളില്‍ ആറ് പേര്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലക്കാരാണ്. മറ്റ് ആറ് പേര്‍ ഓഖി ദുരന്തത്തിന് മുമ്പ് കാണാതായവരാണ്. ഇവരില്‍ മൂന്ന് പേരെ ഓഖിക്ക് മൂന്ന് മാസം മുമ്പും മൂന്ന് പേരെ ഒരു വര്‍ഷം മുമ്പുമാണ് കാണാതായത്. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ എഫ് ഐ ആര്‍ തമിഴ്‌നാട് പോലീസിന് കൈമാറിയിട്ടുണ്ട്. കാണാതായ 91 പേര്‍ക്ക് നഷ്ട പരിഹാരത്തുക നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഓഖി ദുരന്തത്തില്‍ അപകടത്തില്‍പ്പെട്ടതില്‍ അധികം ബോട്ടുകളും 50 കി. മീ. മുതല്‍ 70 കി. മീ. വരെ കടലില്‍ പോയവരാണ്. 33 കി. മീ. മാത്രമേ കടലില്‍ പോകാവൂ എന്ന നിബന്ധനയുള്ളപ്പോഴാണിത്. നിയമവിരുദ്ധ നടപടികള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചെറുവള്ളങ്ങള്‍ പോലും പരിധി ലംഘിച്ച് പോകുന്നു. കപ്പല്‍ ചാലുകളില്‍ വരെ പോകുന്ന ബോട്ടുകളുണ്ട്. ഇതാണ് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നത്. ഇതുള്‍പ്പെടെ പരിഗണിച്ചായിരിക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുക. ഓഖി ദുരന്തത്തിന് മുമ്പ് തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും തൊഴിലാളികള്‍ ഉപയോഗിച്ചിരുന്നില്ല.

കാലാവസ്ഥാ വ്യതിയാനം കാരണം മത്സ്യസമ്പത്തില്‍ കുറവ് വന്ന സാഹചര്യം നിലനില്‍ക്കുമ്പോഴും 52 ഇനം മത്സ്യങ്ങളെ മാത്രമെ പിടിക്കാവൂ എന്ന നിയമം മറികടന്ന് വന്‍ ട്രോളറുകള്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ സംസ്ഥാനത്ത് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടുകള്‍ക്ക് ജനുവരിയില്‍ 8.63 ലക്ഷം രൂപ പിഴയിട്ടിരുന്നു. ഈ ബോട്ടുകളിലെ മത്സ്യം ലേലം ചെയ്ത ഇനത്തില്‍ 9.15 ലക്ഷം രൂപ ഖജനാവിലേക്ക് അടക്കുകയും ചെയ്തു. 12 നോട്ടിക്കല്‍ മൈല്‍ മറികടന്നുള്ള മത്സ്യബന്ധനം, നിരോധിത വലകള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തം, മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കല്‍ എന്നിവയടക്കം ഇതില്‍പ്പെടുന്നുണ്ട്. സുരക്ഷയുടെ ഭാഗമായി 15000 മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റ് വിതരണം ചെയ്യും.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി നടത്തിയ പഠനത്തില്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന മത്സ്യങ്ങളില്‍ 16 ശതമാനം മായം കലര്‍ന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങളിലെ മാലിന്യവും മായവും തിരിച്ചറിയുന്നതിന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി തയ്യാറാക്കിയ പേപ്പര്‍ സ്ട്രിപ് പ്രയോജനകരമാണ്. ഇവ സംസ്ഥാനത്ത് വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കടലില്‍ മാലിന്യം കൂടുന്നത് മത്സ്യത്തിന്റെ രുചിയെയും ഗുണനിലവാരത്തെയും ബാധിക്കുന്നുണ്ട്. എന്‍ജിനില്‍ നിന്നുള്ള പുക, കടലിലേക്ക് തുറക്കുന്ന മാലിന്യ പൈപ്പുകള്‍ തുടങ്ങിയവ ഇതിന്റെ കാരണങ്ങളിലൊന്നാണ്. കാലാവസ്ഥാ വ്യതിയാനത്തില്‍ വന്ന മാറ്റം മത്സ്യസമ്പത്തിന്റെ ലഭ്യതയെ ബാധിച്ചിട്ടുണ്ട്.

ചെറുമത്സ്യങ്ങളെ പിടിച്ച് അന്യസംസ്ഥാനങ്ങളിലെ വളം ഫാക്ടറികളിലേക്ക് എത്തിക്കുന്നതിന് വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നു. മത്സ്യക്കുഞ്ഞുങ്ങളെ വ്യാപകമായി ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന സാഹചര്യത്തില്‍ അനധികൃത മത്സ്യബന്ധനം തടയുക, മത്സ്യസമ്പത്ത് സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഫിഷറീസ് മന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.