Connect with us

National

ആന്ധ്രക്ക് പ്രത്യേക പദവി; അവിശ്വാസം പരിഗണിച്ചില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യത്തിന് വഴങ്ങാത്ത മോദി സര്‍ക്കാറിനെതിരെ വൈ എസ് ആര്‍ കോണ്‍ഗ്രസും ടി ഡി പിയും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ ഇന്നലെയും പരിഗണിച്ചില്ല. കാവേരി ട്രൈബ്യൂണല്‍ വിഷയത്തില്‍ എ ഐ എ ഡി എം കെ. എംപിമാരുടെ ബഹളത്തില്‍ മുങ്ങിയ സഭയില്‍ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. 11 മണിക്ക് സഭാനടപടികള്‍ ആരംഭിച്ച് തൊട്ടുപിന്നാലെ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കേണ്ടിവന്നു. 12 മണിക്ക് വീണ്ടും ചേര്‍ന്നെങ്കിലും എ ഐ എ ഡി എം കെ. എംപിമാര്‍ ബഹളം തുടര്‍ന്നു. ഇതോടെ ലോക്‌സഭ ഇന്നലത്തേക്ക് പിരിയുകയായിരുന്നു.

അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയെങ്കിലും സഭ കൃത്യമായ ക്രമത്തിലല്ലാത്തതിനാല്‍ പ്രമേയം ചര്‍ച്ചക്കെടുക്കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. രാജ്യസഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിച്ചതോടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ക്ഷുഭിതനായി. ഇത് രാജ്യത്തിന്റെയോ പാര്‍ലിമെന്റിയോ താത്പാര്യമല്ലെന്നും എത്രകാലം നിങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാനാകുമെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് സഭ ഇന്നലത്തേക്ക് പിരിയുന്നതായി അദ്ദേഹം അറിയിച്ചു.

അതിനിടെ, അവിശ്വാസ പ്രമേയം ഇന്ന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് വൈ എസ് ആര്‍ കോണ്‍ഗ്രസ് എം പി വൈ വി സുബ്ബറെഢി ലോകസഭ സെക്രട്ടറിക്ക് വീണ്ടും കത്ത് നല്‍കി. ഇന്ന് എല്ലാ അംഗങ്ങളും സഭയില്‍ ഹാജരാകണമെന്നും അവിശ്വാസ പ്രമേയത്തിന് അനുകൂമായി വോട്ട് രേഖപ്പെടുത്തണമെന്നും അവശ്യപ്പെട്ട് വൈ എസ് ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി.
സഭ ശാന്തമായാല്‍ ഇന്ന് അവിശ്വാസ പ്രമേയ നോ ട്ടീസ് പരിഗണിച്ചേക്കും.

Latest