പീഡനം ചെറുത്ത വീട്ടമ്മയെ തലക്കിടിച്ച് കൊന്നു

അസം സ്വദേശി അറസ്റ്റില്‍
Posted on: March 20, 2018 6:25 am | Last updated: March 19, 2018 at 11:44 pm
SHARE

പറവൂര്‍ (കൊച്ചി): പീഡന ശ്രമം ചെറുത്ത വീട്ടമ്മയെ കല്ല് കൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ അസം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊല. പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസിന് എതിര്‍വശം പരേതനായ പാലാട്ടി ഡേവിസിന്റെ ഭാര്യ മോളി(61)യാണ് കൊല്ലപ്പെട്ടത്. മോളിയുടെ വീടിനോട് ചേര്‍ന്നുള്ള പഴയ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുന്ന അസം രംഗബോറ വില്ലേജ് റങ്കരപുരയില്‍ ഗോവിന്ദ സാഹുവിന്റെ മകന്‍ മുന്നയെന്നു വിളിക്കുന്ന പരിമള്‍ സാഹു(24)വാണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.

സംഭവം നടക്കുമ്പോള്‍ മോളിയും മകന്‍ അപ്പുവെന്ന് വിളിക്കുന്ന ഡെന്നിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. 32 കാരനായ അപ്പു മാനസിക വൈകല്യമുള്ളയാളാണ്. മോളിയുടെ മൃതദേഹം നഗ്‌നമാക്കിയ നിലയില്‍ കിടപ്പ് മുറിയില്‍ താഴെ രക്തത്തില്‍ കുളിച്ച നിലയിലാണ് കാണപ്പെട്ടത്. രാത്രി ഒന്നരയോടെ വീട്ടില്‍ നിന്ന് കരച്ചില്‍ കേട്ടുവെങ്കിലും സമീപവാസികള്‍ കാര്യമാക്കിയില്ല. രാവിലെ ആറരക്ക് മകന്‍ അപ്പു അയല്‍വീട്ടിലെ ശിവന്റെ ഭാര്യ നളിനിയോട് വിവരം പറയുകയായിരുന്നു. അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്നാവശ്യപ്പെട്ടാണ് അപ്പു നളിനിയെ ചെന്നുകണ്ടത്. നളിനി എത്തിയപ്പോള്‍ മോളി മരിച്ചു കിടക്കുന്ന മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്ന് പറയുന്നു. പിന്നീട് അപ്പു താക്കോല്‍ നല്‍കിയ ശേഷം മുറി തുറന്നക്കുകയും ഉടന്‍ ബന്ധുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് മോളിയുടെ ഭര്‍ത്താവ് ഡേവിസ് മരിച്ചിരുന്നു. ഒന്നര ഏക്കറോളം വരുന്ന വസ്തുവില്‍ ഇരുനില കെട്ടിടത്തിലാണ് മോളിയും അപ്പുവും താമസിക്കുന്നത്. ഇടക്ക് മുകളിലെ നില വാടകക്ക് കൊടുത്തിരുന്നു. വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഇതര സംസ്ഥാനക്കാരായ 15 ഓളം പേര്‍ താമസിക്കുന്നുണ്ട്. ഇവരില്‍ ഒരാളാണ് അറസ്റ്റിലായ മുന്ന. അര്‍ധരാത്രിയില്‍ പ്രതി വീടിന്റെ മുന്‍വശത്തെ കോളിംഗ് ബെല്‍ അടിച്ചു. അതിന് മുമ്പ് ബള്‍ബ് അഴിച്ചുമാറ്റിയിരുന്നു. വാതില്‍ തുറന്ന മോളിയെ പ്രതി കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മയുടെ ചെറുത്തുനില്‍പ്പ് ശക്തമായപ്പോള്‍ പ്രതി നേരത്തെ കൈയില്‍ കരുതിയ കല്ല് കൊണ്ട് തലക്ക് അടിച്ച് പരുക്കേല്‍പ്പിച്ചു. മരണം ഉറപ്പാക്കാന്‍ തുണികൊണ്ട് കഴുത്തില്‍ മുറുക്കിയെന്നും പ്രതി പോലീസില്‍ സമ്മതിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിദേശത്തുള്ള മകള്‍ എമിയും കുടുംബവും എത്തിയ ശേഷം ഇന്ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും.