Connect with us

National

ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി; ബി ജെപിക്ക് കുരുക്ക്

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയിലെ ലിംഗായത്ത് വിഭാഗത്തിന് പ്രത്യേക മത ന്യൂനപക്ഷ പദവി നല്‍കാനുള്ള വിദഗ്ധ സമിതി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് അനുസരിച്ച് ലിംഗായത്ത് വിഭാഗത്തിന് മത പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട്് കേന്ദ്രത്തിന് ഉടന്‍ അപേക്ഷ സമര്‍പ്പിക്കും. ന്യൂനപക്ഷ പദവിയോടെ ലിംഗായത്തിന് പ്രത്യേക മതം അനുവദിക്കാമെന്ന ജസ്റ്റിസ് നാഗമോഹന്‍ദാസ് കമ്മിറ്റിയുടെ നിര്‍ദേശമാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്.

വടക്കന്‍ കര്‍ണാടകയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ലിംഗായത്തുകള്‍ക്കാണ് ആധിപത്യം. പരമ്പരാഗതമായി ബി ജെ പിയെ പിന്തുണക്കുന്ന ഈ വിഭാഗത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പ്രത്യേത മത ന്യൂനപക്ഷ പദവിയെന്നത്. സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ലിംഗായത്തുകളുടെ ഈ ആവശ്യത്തോട് ശക്തമായ വിയോജിപ്പാണ് ബി ജെ പി തുടക്കം മുതല്‍ സ്വീകരിച്ചുവന്നത്. വീരശൈവരും ലിംഗായത്തും ഒന്നാണെന്ന നിലപാടാണ് ബി ജെ പി മുന്നോട്ട് വെച്ചത്. 2008ല്‍ ബി ജെ പിയെ അധികാരത്തിലെത്തിക്കുന്നതിന് ലിംഗായത്ത് സമുദായത്തിന് പ്രധാന പങ്കുണ്ടായിരുന്നു. ഈ വിഭാഗത്തിന്റെ പഞ്ചപീഠ മഠാധിപതികളുമായി ബി ജെ പിക്ക് അടുത്ത ബന്ധമുണ്ട്. സിദ്ധരാമയ്യ സര്‍ക്കാറിന്റെ തീരുമാനം ബി ജെ പിക്ക് വലിയ തിരിച്ചടിയാണ്. ബി ജെ പിയുടെ ഭരണകാലത്ത് ബി എസ് യെദ്യുൂരപ്പ എന്ന ലിംഗായത്ത് സമുദായക്കാരന്‍ മുഖ്യമന്ത്രിയായിട്ടും ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ലിംഗായത്തുകളെ ബി ജെ പിക്ക് എതിരാക്കാനും തങ്ങള്‍ക്ക് അനുകൂലമാക്കാനും തീരുമാനത്തിലൂടെ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍. അപേക്ഷ തള്ളിക്കളഞ്ഞ് ലിംഗായത്തുകളെ പിണക്കാന്‍ കേന്ദ്രത്തിനാകില്ല. എന്നാല്‍, ആര്‍ എസ് എസും ബി ജെ പിയും ലിംഗായത്തുകളുടെ ആവശ്യത്തിന് ഇതുവരെ മുഖം കൊടുത്തിട്ടുമില്ല. അപേക്ഷ നിരസിച്ചാല്‍ ബി ജെ പിക്കെതിരെ മറ്റൊരു ആയുധം കൂടി കോണ്‍ഗ്രസിന് കിട്ടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

വീരശൈവ- ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്ത് 3500 ഓളം മഠങ്ങളുണ്ട്. കര്‍ണാടക നിയമസഭയിലെ 224 അംഗങ്ങളില്‍ 52 പേര്‍ വീരശൈവ ലിംഗായത്ത് സമുദായാംഗങ്ങളാണ്. 110 മണ്ഡലങ്ങളിലെങ്കിലും ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ സ്വാധീനമുള്ളവരാണ് ഇവരെന്നും കണക്കാക്കപ്പെടുന്നു. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥക്കും അസമത്വത്തിനുമെതിരെ 12ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന ശക്തമായ പ്രസ്ഥാനമാണ് ലിംഗായത്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ബസവണ്ണ എന്ന ബസവേശ്വരയാണ് ലിംഗായത് സമുദായത്തിന്റെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയത്.

 

Latest