വര്‍ക്കല വിവാദ ഭൂമി കൈമാറ്റം: സബ് കലക്ടറുടെ ഉത്തരവിന് സ്റ്റേ

  • സബ് കലക്ടറുടെ വീഴ്ച പരിശോധിക്കുമെന്ന് മന്ത്രി
  • വീഴ്ച പറ്റിയിട്ടില്ലെന്ന് ദിവ്യ എസ് അയ്യര്‍
Posted on: March 20, 2018 6:12 am | Last updated: March 19, 2018 at 11:37 pm

തിരുവനന്തപുരം: കൈയേറ്റം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച സര്‍ക്കാര്‍ ഭൂമി കോടതി വിധി മറയാക്കി സ്വകാര്യ വ്യക്തിക്ക് കൈമാറിയ തിരുവനന്തപുരം സബ് കലക്ടറുടെ നടപടി താത്കാലികമായി സ്റ്റേ ചെയ്തു. വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റ ഉത്തരവാണ് റവന്യൂ വകുപ്പ് സ്റ്റേ ചെയ്തത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. സ്ഥലം എം എല്‍ എ വി ജോയിയുടെ പരാതിയിലാണ് നടപടി.

സംഭവത്തിന്റെ സാഹചര്യം വിലയിരുത്തി അഴിമതിയോ വീഴ്ചയോ പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്ന സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നേരത്തെ റവന്യൂ വകുപ്പ് തിരിച്ചുപിടിച്ചത്. പിന്നീട് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരാണ് കോടതി വിധി മറയാക്കി അവര്‍ക്കു തന്നെ പതിച്ചുനല്‍കാന്‍ ഉത്തരവിട്ടത്. വര്‍ക്കല- പാരിപ്പള്ളി സംസ്ഥാനപാതക്ക് സമീപമായി സ്ഥിതി ചെയ്യുന്ന 27 സെന്റ് വിവാദഭൂമിക്ക് ഒരു കോടി രൂപയിലേറെ മതിപ്പുവിലയുണ്ട്.

സ്ഥലം സ്ഥിതിചെയ്യുന്ന ഇലകമണ്‍ പഞ്ചായത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ക്കല തഹസില്‍ദാര്‍ 2017 ജൂലൈയില്‍ ഒഴിപ്പിച്ച ഭൂമിയാണ് കൈയേറ്റക്കാര്‍ക്ക് ദിവ്യ എസ് അയ്യര്‍ തിരികെ നല്‍കിയത്. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തതിനെതിരെ കൈവശക്കാര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ സബ് കലക്ടറെ ഹൈക്കോടതി ചുമതലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ഭൂമിദാനം നടന്നതെന്നാണ് പരാതി.

വിവാദ ഭൂമി സംബന്ധിച്ച നടപടിയില്‍ പഞ്ചായത്ത് അധികൃതരെയോ ഉദേ്യാഗസ്ഥരെയോ അറിയിക്കാതെ പരാതിക്കാരിയെ മാത്രം ഹിയറിംഗിന് വിളിച്ചാണ് സബ് കലക്ര്‍ നടപടിയെടുത്തതെന്നാണ് ആരോപണം. ദിവ്യയുടെ ഭര്‍ത്താവും എം എല്‍ എയുമായ കെ എസ് ശബരീനാഥന്റെ കുടുംബ സുഹൃത്തും പിതാവ് ജി കാര്‍ത്തികേയന്റെ ഗണ്‍മാനുമായിരുന്നയാളുടെ ബന്ധുക്കള്‍ക്കാണ് ഭൂമി വിട്ടുനല്‍കിയത് എന്നതാണ് വിവാദത്തിന് ആക്കം കൂട്ടിയത്.
അതേസമയം, വസ്തു തിരികെ നല്‍കിയത് നിയമ പ്രകാരമുള്ള നടപടി പ്രകാരമാണെന്ന് ദിവ്യ എസ് അയ്യര്‍ വിശദീകരിച്ചു. ഇക്കാര്യത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് പരാതി നല്‍കാം. ഹൈക്കോടതി തീരുമാനപ്രകാരമാണ് നടപടിയെടുത്തത്. വിഷയത്തില്‍ വ്യക്തിപരമായ ആക്രമണം നടത്തുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.