കരാറുകാരുടെ റോഡ് പരിപാലന ബാധ്യത ഏഴ് വര്‍ഷമാക്കുന്നു

Posted on: March 20, 2018 6:09 am | Last updated: March 19, 2018 at 11:15 pm

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കും കേടുപാട് തീര്‍ക്കുന്നതിനുമുള്ള കരാറുകാര്‍ക്ക് മേലുള്ള ബാധ്യത കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമായി ഉയര്‍ത്തുന്നു. നഗര റോഡ് വികസന പദ്ധതി പ്രകാരമുള്ള നിര്‍മാണങ്ങള്‍ക്ക് 15 വര്‍ഷവും പരിഗണനയിലാണ്. റബ്ബര്‍, പ്ലാസ്റ്റിക്, കയര്‍ ഭൂവസ്ത്രം എന്നിവയില്‍ ഏതെങ്കിലുമൊന്നോ ഇവ മൂന്നോ റോഡ് നിര്‍മാണത്തില്‍ നിര്‍ബന്ധമായി ഉപയോഗിക്കണമെന്ന വ്യവസ്ഥ കര്‍ശനമാക്കുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1200 കി. മീ റോഡ് പുതിയ രീതിയില്‍ നിര്‍മിച്ചിട്ടുണ്ട്. റോഡ് നിര്‍മാണത്തില്‍ അനുഭവപ്പെടുന്ന പ്ലാസ്റ്റിക് ടാറിന്റെ ലഭ്യതകുറവ് പരിഹരിക്കാന്‍ ശ്രമിക്കും. അതേസമയം 3.75 മീറ്റര്‍ വീതിയില്‍ ഒരു കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്യുന്നതിന് 1.3 ടണ്‍ സംസ്‌കരിച്ച പ്ലാസ്റ്റിക് എന്ന രീതിയില്‍ സംസ്ഥാനത്ത 330 തദ്ദേശ സ്ഥാപനങ്ങളിലായി 1.73 ലക്ഷം കിലോഗ്രാം സംസ്‌കരിച്ച പ്ലാസ്റ്റിക്ക് ഉപയോഗിച്ച് 150 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചതായി മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

പൊതുമരാമത്ത്, ജല വിഭവ വകുപ്പുകളിലായി കരാറുകാര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള കുടിശ്ശിക 535.98 കോടി രൂപ വരുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മരാമത്ത് വകുപ്പില്‍ നിരത്ത്, പാലം വിഭാഗത്തില്‍ 267.67 കോടി രൂപയാണ് കുടിശ്ശികയായി നല്‍കാനുള്ളത്.

എന്നാല്‍, മരാമത്ത് കെട്ടിട വിഭാഗത്തില്‍ 218.36 കോടിയും ജല വകുപ്പില്‍ 49.95 കോടിയും കരാറുകാര്‍ക്ക് കുടിശ്ശികയായി നല്‍കാനുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ പൊതുജനപരാതി പരിഹാര സെല്ലില്‍ 2017ല്‍ ലഭിച്ച 5056 പരാതികളില്‍ 4387 പരാതികള്‍ പരിഹരിച്ചു. 2017 സെപ്തംബര്‍ വരെയുള്ള കുടിശ്ശിക ബില്ലുകള്‍ മെയ് 21ന് അകം കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് ആര്‍ ടി സിയില്‍ 2018 ഫെബ്രുവരി വരെയുള്ള പെന്‍ഷന്‍ ഇപ്പോള്‍ നല്‍കി വരികയാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.