സമയം നീട്ടി നല്‍കണമെന്ന് അദാനി ഗ്രൂപ്പ് വിഴിഞ്ഞം പദ്ധതി വൈകും

Posted on: March 20, 2018 6:04 am | Last updated: March 19, 2018 at 11:09 pm

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കാട്ടി അദാനി ഗ്രൂപ്പ് സര്‍ക്കാറിന് കത്ത് നല്‍കി. കാലാവസ്ഥ പ്രതികൂലമായതും ഓഖി ദുരന്തത്തില്‍ ഡ്രഡ്ജറുകള്‍ തകര്‍ന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായെന്നും, ഡ്രഡ്ജിംഗിന് ഉപകരാറെടുത്ത ഹോവൈ ഗ്രൂപ്പ് ഇതില്‍ നിന്ന് പിന്മാറുകയും ചെയ്തത് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയയെന്നും കത്തില്‍ പറയുന്നു. എന്നാല്‍, പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ സര്‍ക്കാറിന് നല്‍കേണ്ടിവരുന്ന നഷ്ടപരിഹാരം ഒഴിവാക്കാനാണ് അദാനി ഗ്രൂപ്പ് ഓഖി ദുരന്തത്തെ മറയാക്കുന്നതെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.

കത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് നാശനഷ്ടമടക്കമുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനമെടുത്തു. ഈ ഏജന്‍സിയുടെ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ എടുക്കുന്ന നിലപാടാകും അദാനിയുടെ വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് നിര്‍ണായകമാകുക. ഇതോടെ 1460 ദിവസം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി നിശ്ചിയച്ച സമയത്ത് പൂര്‍ത്തിയാകില്ലെന്നുറപ്പായി. ഇതോടെ, പദ്ധതി പൂര്‍ത്തിയാക്കേണ്ട കാലാവധി അവസാനിക്കുന്ന ദിവസം മുതല്‍ പന്ത്രണ്ടര ലക്ഷംരൂപ പ്രതിദിനം കമ്പനി സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കരാര്‍ വ്യവസ്ഥ. ഈ വ്യവസ്ഥ ഒഴിവാക്കി കിട്ടാനാണ് കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നത് എന്നാണ് സൂചന.

2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒപ്പിട്ട വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് അന്ന്തന്നെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ആദാനി ഗ്രൂപ്പന് സാമ്പത്തിക ലാഭം നേടിക്കൊടുക്കുന്ന തരത്തലാണ് കരാര്‍ വ്യവസ്ഥകള്‍ എന്നായിരുന്നു പ്രധാന ആരോപണം. ഈ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പദ്ധതി പൂര്‍ത്തീകരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് അദാനി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ തന്നെ പദ്ധതിയുടെ നിര്‍മാണ കാലാവധി പത്ത് വര്‍ഷം അധികമായി നീട്ടി നല്‍കിയത് ചട്ട ലംഘനമാണെന്നും ഇതുവഴി ആദാനി ഗ്രൂപ്പിന് 29,217 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നും സി എ ജിയും കണ്ടെത്തിയിരുന്നു. നിലവിലെ പൊതുസ്വകാര്യ പങ്കാളിത്ത നിയമപ്രകാരം വലിയ നിര്‍മാണക്കമ്പനിക്ക് 30 വര്‍ഷമാണ് സാധാരണ കാലാവധി അനുവദിക്കുക.

അതേസമയം, പത്ത് വര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയതിന് പുറമെ ആവശ്യമെങ്കില്‍ 20 വര്‍ഷം കൂടി കാലാവധി നല്‍കാമെന്നും സംസ്ഥാന സര്‍ക്കാറും ആദാനി ഗ്രൂപ്പും തമ്മിലുള്ള കരാറില്‍ പറഞ്ഞിരുന്നു. ഈ വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സി എ ജി കണ്ടെത്തിയിരുന്നു.