അപായ സിഗ്നലായി ശ്യാമളയുടെ ഷാള്‍; ഒഴിവായത് വന്‍ ദുരന്തം

Posted on: March 20, 2018 6:09 am | Last updated: March 19, 2018 at 11:03 pm

കാഞ്ഞങ്ങാട്: റെയില്‍ പാളത്തിലെ വിള്ളല്‍ കണ്ട് പരിഭ്രാന്തരായി നില്‍ക്കുന്ന ജനക്കൂട്ടത്തിനിടയില്‍ ആയിരങ്ങളുടെ രക്ഷകനായിരിക്കുകയാണ് കാസര്‍കോട് മാണിക്കോത്ത് സ്വദേശി പ്രമോദ്. വന്‍ ദുരന്തം മുന്നില്‍ കണ്ട പ്രമോദ് വയലില്‍ പച്ചക്കറിക്ക് വെള്ളം നനക്കുകയായിരുന്ന ശ്യാമളയുടെ ചുവപ്പ് ഷാള്‍ എടുത്ത് ചീറിവരുന്ന തീവണ്ടിക്ക് മുന്നിലേക്കോടിയതോടെ വഴിമാറിയത് വലിയൊരു ട്രെയിന്‍ അപകടമാണ്.

കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ മാണിക്കോത്തിന് സമീപമാണ് ഇന്നലെ പാളത്തില്‍ വിള്ളല്‍ കണ്ടത്. രാവിലെ ജോലിക്ക് പോകുന്നവരാണ് രണ്ട് പാളങ്ങള്‍ തമ്മില്‍ കൂട്ടിയോജിപ്പിച്ച സ്ഥലത്തായി വിള്ളല്‍ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലേക്ക് വിവരമറിയിക്കാന്‍ ശ്രമിച്ചെങ്കിലും സ്‌റ്റേഷനിലെ ഫോണ്‍ ആരും എടുത്തിരുന്നില്ല. ഈ സമയം തന്നെ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഹാപ്പ എക്‌സ് പ്രസ് ഇതുവഴി എത്തിയിരുന്നു.

അപകടവിവരം അറിയിക്കാന്‍ മറ്റു സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാലാണ് മാണിക്കോത്ത് പുതിയവളപ്പിലെ ശ്യാമളയുടെ കൈയ്യിലുണ്ടായിരുന്ന ചുവപ്പും മഞ്ഞയും കലര്‍ന്ന ഷാളെടുത്ത് പ്രമോദ് റെയില്‍വേ ട്രാക്കിലേക്കോടിയത്.

ഷാള്‍ വീശുന്നതും പാളത്തിനരികില്‍ ആള്‍ക്കൂട്ടം നില്‍ക്കുന്നതും ശ്രദ്ധയില്‍പ്പെട്ട ട്രെയിനിന്റെ ലോകോ പൈലറ്റ് വണ്ടിയുടെ വേഗത കുറച്ചു. പാളം വേര്‍പ്പെട്ട സ്ഥലത്ത് നിന്ന് നാല് കോച്ചുകള്‍ കടന്നുപോയ ശേഷമാണ് വണ്ടി നിന്നത്. ട്രെയിനിന്റെ വേഗത കുറക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ലോകോ പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പി ഡബ്ല്യൂ ഡി എന്‍ജിനീയറിംഗ് വിഭാഗമെത്തി പാളത്തിലെ വിള്ളല്‍ താത്കാലികമായി പരിഹരിച്ച ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. ഇതേ തുടര്‍ന്ന് ഹാപ്പ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകിയാണ് ഇവിടെ നിന്നും പുറപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് മംഗളൂരു -ചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലും മംഗളൂരു -തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസ് ട്രെയിന്‍ കുമ്പള സ്‌റ്റേഷനിലും ഏറെ നേരം നിര്‍ത്തിയിട്ടു. ഇതുവഴിയുള്ള തീവണ്ടികള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്.