‘മിസൈല്‍ മാന്‍’ വെ ഫെംഗെ ചൈനയുടെ പുതിയ പ്രതിരോധ മന്ത്രി

  • വെ ഫെംഗെ, പ്രസിഡന്റ് സി ജിന്‍പിംഗിന്റെ അടുത്ത ആള്‍
  • നിയമനത്തിന് നാഷനല്‍ പ്യൂപ്പിള്‍സ് കോണ്‍ഗ്രസിന്റെ അംഗീകാരം
Posted on: March 20, 2018 6:23 am | Last updated: March 19, 2018 at 10:54 pm

ബീജിംഗ്: മുന്‍ മിസൈല്‍ യൂനിറ്റ് കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ വെ ഫെംഗെയെ ചൈനയുടെ പുതിയ പ്രതിരോധ മന്ത്രിയായി നിയമിച്ചു. പ്രസിഡന്റ് സി ജിന്‍പിംഗിന്റെ അടുത്ത ആളായി അറിയപ്പെടുന്ന ആളാണ് 63കാരനായ പുതിയ പ്രതിരോധ മന്ത്രി. ഇദ്ദേഹമായിരുന്നു ചൈനയുടെ മിസൈല്‍ യൂനിറ്റിന്റെ അവസാനത്തെ കമാന്‍ഡറും. പിന്നീട് ഇതിനെ പ്യൂപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പി എല്‍ എ), റോക്കറ്റ് ഫോഴ്‌സ് ആന്‍ഡ് സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സ് എന്നിങ്ങനെ രണ്ടായി വിഭജിക്കുകയായിരുന്നു.

നാഷനല്‍ പ്യൂപ്പിള്‍സ് കോണ്‍ഗ്രസ്(എന്‍ പി സി) ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കി. പ്രതിരോധ മന്ത്രിയായ ശേഷം വെ ഫെംഗെയുമായി ആദ്യമായി കൂടിക്കാഴ്ച നടത്തുന്ന രാജ്യം ഇന്ത്യയായിരിക്കും. ഇന്ത്യന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അടുത്ത മാസം ചൈന സന്ദര്‍ശിക്കുന്നുണ്ട്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അടുത്തിടെ ഉരുണ്ടുകൂടിയ ചില സംഘര്‍ഷങ്ങളുടെ പേരില്‍ അകല്‍ച്ച സംഭവിച്ചിരുന്നു. ഇത് പരിഹരിക്കുക എന്ന ലക്ഷ്യം കൂടി നിര്‍മല സീതാരാമന്റെ ചൈനാ സന്ദര്‍ശനത്തിന് പിന്നിലുണ്ട്.

കഴിഞ്ഞ ദിവസം ചൈനയുടെ പ്രധാനമന്ത്രിയായി ലീ ക്വിയാംഗിനെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. ചൈനയുടെ ആജീവനാന്ത പ്രസിഡന്റായി അടുത്തിടെ സി ജിന്‍പിംഗിനെയും തിരഞ്ഞെടുത്തിരുന്നു. ആജീവനാന്തം അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ ആവശ്യമായ മാറ്റങ്ങള്‍ ഭരണഘടനയില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.