ഖാലിദ സിയയുടെ ജാമ്യം ബംഗ്ലാദേശ് സുപ്രീം കോടതി റദ്ദാക്കി

  • രാഷ്ട്രീയ പകപോക്കലെന്ന് പ്രതിപക്ഷം
  • ഉന്നത കോടതിയുടെ ഉത്തരവല്ല, മറിച്ച് സര്‍ക്കാറിന്റെ നയപ്രകാരം നടപ്പാക്കിയ പദ്ധതിയാണെന്ന് ഖാലിദ സിയയുടെ അഭിഭാഷകന്‍
Posted on: March 20, 2018 6:20 am | Last updated: March 19, 2018 at 10:23 pm

ധാക്ക: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ഖാലിദ സിയയുടെ ജാമ്യത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ഡിസംബറില്‍ ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാക്കുന്നതായിരിക്കും ഈ കോടതി വിധിയെന്ന് കണക്കാക്കപ്പെടുന്നു. മെയ് വരെ ഖാലിദ സിയക്ക് ജാമ്യം അനുവദിച്ച് കൊണ്ട് ഒരു കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇപ്പോള്‍ സുപ്രീം കോടതി റദ്ദ് ചെയ്തിരിക്കുന്നത്. പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ള പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നേതൃത്വത്തുള്ള കുതന്ത്രത്തിന്റെ ഭാഗമാണ് ഈ കോടതി വിധിയെന്ന് ഖാലിദ സിയയുടെ അഭിഭാഷകന്‍ ആരോപിച്ചു. ബംഗ്ലാദേശിന്റെ കോടതി ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് ഉന്നത കോടതിയുടെ ഉത്തരവല്ല, മറിച്ച് സര്‍ക്കാറിന്റെ നയപ്രകാരം നടപ്പാക്കിയ പദ്ധതിയാണെന്നും ഖാലിദ സിയയുടെ അഭിഭാഷകന്‍ സനാഉല്ല മിയ പറഞ്ഞു. പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തും ഖാലിദ സിയയെ അകത്തുപൂട്ടിയിടാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് ഈ കോടതിവിധിയെന്ന് ബംഗ്ലാദേശ് നാഷനാലിസ്റ്റ് പാര്‍ട്ടി(ബി എന്‍ പി)യുടെ ജനറല്‍ സെക്രട്ടറി ഫക്‌റുല്‍ ഇസ്‌ലാം ആരോപിച്ചു. രാജ്യത്തെ ജനങ്ങള്‍ക്ക് നീതികിട്ടുന്നില്ലെന്ന് തങ്ങള്‍ നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഇവിടുത്തെ നീതിന്യായ സംവിധാനം സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അനാഥകള്‍ക്കുള്ള ഫണ്ടില്‍ തിരിമറി നടത്തിയെന്ന കേസിലാണ് പ്രതിപക്ഷ നേതാവ് ഖാലിദ സിയയെ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞ മാസം അവസാനം മുതല്‍ ഇവരെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായി മൂന്ന് തവണ അധികാരത്തിലിരുന്ന ഖാലിദ സിയ ചൂണ്ടിക്കാട്ടിയിരുന്നു. ഫെബ്രുവരി എട്ടിന് ഇവര്‍ കുറ്റക്കാരിയാണെന്ന കോടതി വിധി പുറത്തുവന്ന ശേഷം ബംഗ്ലാദേശില്‍ വ്യാപകമായി അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.