Connect with us

International

വിവാദ ഭൂമ കൈമാറ്റം: രാജി മുറവിളിക്കിടെ പങ്ക് നിഷേധിച്ച് ജപ്പാന്‍ പ്രധാനമന്ത്രി

Published

|

Last Updated

ടോക്യോ: വിവാദ ഭൂമി ഇടപാട് കേസില്‍ തനിക്ക് പങ്കില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഭൂമി ഇടപാട് കേസില്‍ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്നും അദ്ദേഹം രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതോടെയാണ് പങ്ക് നിഷേധിച്ച് ആബെ പ്രതികരിച്ചത്. സംശയ നിഴലിലുള്ള ഒരു സംഘത്തിന് സര്‍ക്കാര്‍ ഭൂമി മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ കൈമാറിയെന്നാണ് ആരോപണം. ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകളില്‍ നിന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും ധനമന്ത്രി താരോ ആസോയുടെയും പേരുകള്‍ ധനമന്ത്രാലയം കഴിഞ്ഞ ആഴ്ച ഒഴിവാക്കിയിരുന്നു. എന്നാല്‍ തന്റെ പേര് രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആരോടും നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് ഷിന്‍സോ ആബെ ഇന്നലെ പാര്‍ലിമെന്റിന് മുന്നില്‍ വ്യക്തമാക്കി. യഥാര്‍ഥത്തില്‍, അങ്ങനെ ചില രേഖകള്‍ തന്നെ ഉണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും പിന്നെ എങ്ങനെയാണ് രേഖയിലെ പേര് മാറ്റുന്നതിന് താന്‍ നിര്‍ദേശം നല്‍കുകയെന്നും അദ്ദേഹം ചോദിച്ചു.

വിവാദ സംഘം മോറിട്ടോമോ ഗേക്വനയുടെ സ്ഥാപകന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഒസാകയില്‍ ഒരു സ്‌കൂള്‍ നിര്‍മിക്കുന്നതിന് ഈ സംഘടന താത്പര്യപ്പെട്ടിരുന്നു. ഇതിന് വേണ്ടി ഗതാഗത വകുപ്പില്‍ നിന്ന് 2016ല്‍ ഭൂമി വാങ്ങുകയും ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഭാര്യ അകീ ആബെ സ്‌കൂളിന്റെ ഹോണററി പ്രിന്‍സിപ്പല്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. സ്‌കൂളിന്റെ മറവില്‍ ആബെ സര്‍ക്കാറിനെ ചട്ടുകമാക്കി ഭൂമി വിലകുറച്ചു നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ ഈ കരാറിന്റെ പേരില്‍ തനിക്കെതിരെ എന്തെങ്കിലും തെളിവ് കൊണ്ടുവന്നാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.

Latest