പ്രതീക്ഷയേകി കോണ്‍ഗ്രസ് പ്ലീനറി

Posted on: March 20, 2018 6:02 am | Last updated: March 19, 2018 at 9:34 pm
SHARE

നരേന്ദ്രമോദിയും അമിത്ഷായും കോണ്‍ഗ്രസ്മുക്ത ഇന്ത്യക്കായി കരുക്കള്‍ നീക്കുമ്പോള്‍, ശക്തമായ ഒരു തിരിച്ചു വരവിന്റെ സൂചനകള്‍ നല്‍കിയാണ് 84-ാമത് എ ഐ സി സി പ്ലീനറി സമ്മേളനം ഡല്‍ഹിയില്‍ സമാപിച്ചത്. വീഴ്ചകള്‍ ഏറ്റുപറഞ്ഞും സാമ്പത്തിക രാഷ്ട്രീയ നയങ്ങളില്‍ സാധാരണക്കാരന്റെ താത്പര്യങ്ങള്‍ക്കനുസൃതമായ മാറ്റങ്ങള്‍ വാഗ്ദാനം നല്‍കിയും തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിരാശയിലായ പ്രവര്‍ത്തകരില്‍ ഉണര്‍വ് പകരാന്‍ സഹായകമായിട്ടുണ്ട് സമ്മേളനം. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയില്‍ അടിമുടി മാറ്റം വിളംബരം ചെയ്ത സമ്മേളനത്തില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പക്വമായ ഒരു നേതൃത്വത്തിന്റെ മികവ് പ്രകടമാക്കുകയുമുണ്ടായി. രാജ്യത്തിന്റെ ഇന്നത്തെ നാഡിമിടിപ്പ് കണ്ടറിഞ്ഞു കൊണ്ടുള്ള തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമാണ് പ്ലീനറി കൈക്കൊണ്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. അതിന് മുമ്പെ കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പുകളും നടക്കാനുണ്ട്. ഗുരുതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യയുടെ സവിശേഷമായ ബഹുസ്വരത തകര്‍ത്ത് സവര്‍ണ ഹിന്ദുത്വം അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. സമ്പദ്‌വ്യവസ്ഥയും ആശങ്കാജനകമായ അവസ്ഥയിലാണ്. ആഗോള സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട സാഹചര്യത്തില്‍ പോലും പിടിച്ചുനിന്ന രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ച്ചയിലാണ്. നോട്ട് നിരോധവും ജി എസ് ടി അപാകങ്ങളും ഇത് രൂക്ഷമാക്കി. വിദേശ നയത്തിലും രാജ്യം ഇന്നു വരെ പുലര്‍ത്തിയ നയങ്ങളില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിച്ചു. ഇന്ത്യയെ അമേരിക്കയുടെ നയപരപങ്കാളിയാക്കുന്ന നയങ്ങളാണ് സര്‍ക്കാര്‍ ഇതപര്യന്തം സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇസ്‌റാഈലിന്റെ പൈശാചികമായ അധിനിവേശത്തിനെതിരെ ഫലസ്തീന്‍ ജനതക്ക് എല്ലാ വിധ പിന്തുണയും നല്‍കിവന്ന ഇന്ത്യ ആ നയത്തില്‍ നിന്നും വ്യതിചലിച്ചു. ഫലസ്തീനെ കൈയൊഴിഞ്ഞ് ഇസ്‌റാഈലുമായി ചങ്ങാത്തം സ്ഥാപിച്ചിരിക്കയാണ് മോദി ഭരണകൂടം. സംഘ്പരിവാറിന്റെ കരങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശക്തിയാര്‍ജിക്കേണ്ടതുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈയൊഴിച്ചു ഇന്ത്യന്‍ ജനത ബി ജെ പിയെ അധികാരത്തിലേറ്റിയത് തുടര്‍ച്ചയായി പത്ത് വര്‍ഷം ഭരിച്ച യു പി എ സര്‍ക്കാറിന്റ നയവൈകല്യങ്ങള്‍ മൂലമാണ്. രാജ്യത്ത് സാമ്പത്തിക ഉദാരവത്കരണത്തിന് അടിത്തറ പാകിയത് യു പി എ സര്‍ക്കാറാണ്. ആഗോള സാമ്പത്തിക സ്പന്ദനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, നെഹ്‌റുവിന്റെ കാലത്ത് നടപ്പാക്കിയ നയങ്ങളില്‍ നിന്ന് അല്‍പ്പം മുന്നോട്ട് പോകേണ്ടത് ആവശ്യമായിരുന്നെങ്കിലും, പരിധി വിട്ടപ്പോള്‍ അതിന്റെ ഗുണഫലങ്ങള്‍ സമ്പന്നര്‍ക്കു മാത്രമായി ചുരുങ്ങുകയും സാധാരണക്കാരനും പാവപ്പെട്ടവനും പുറത്താകുകയും ചെയ്തു. ഈ അബദ്ധം കോണ്‍ഗ്രസ് നേതൃത്വത്തിന് ബോധ്യപ്പെട്ടുവെന്നാണ് ഉദാരനയത്തില്‍ നിന്ന് വ്യതിചലിക്കാതെ പാവപ്പെട്ടവനോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുമെന്ന പ്ലീനറി സമ്മേളനത്തിന്റെ പ്രഖ്യാപനം വ്യക്തമാക്കുന്നത്. പ്രതീക്ഷകള്‍ക്കൊത്തുയരാന്‍ യു പി എ സര്‍ക്കാറിനായില്ലെന്നും തെറ്റുകളില്‍ നിന്നു പാഠമുള്‍ക്കൊണ്ടു മുന്നോട്ടുപോകുമെന്നും സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കുകയുമുണ്ടായി.

നികുതി ഭീകരതയും താങ്ങാനാവാത്ത നിയന്ത്രണങ്ങളും ഒഴിവാക്കി തുല്യ സാമ്പത്തികാവസരം, പാവപ്പെട്ടവരുടെയും മധ്യവര്‍ഗത്തിന്റെയും താത്പര്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുള്ള പദ്ധതികള്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സാമൂഹികസുരക്ഷ എന്നിവക്ക് മുന്‍ഗണന, കൃഷി ആദായകരമാക്കി മാറ്റി കര്‍ഷകരെ രക്ഷിക്കുന്നതിന് ഭക്ഷ്യ സംസ്‌കരണ ശൃംഖല, സുരക്ഷിത തൊഴില്‍ പ്രോത്സാഹിപ്പിക്കല്‍, സാമ്പത്തിക വികസന സൂചികക്കൊപ്പം മാനവ വികസന സൂചികയിലും ഊന്നല്‍ തുടങ്ങി രാജ്യത്തെ വിദ്യാഭ്യാസ, കാര്‍ഷിക, വ്യാവസായിക മേഖലയുടെ ഉത്ഥാനത്തിന് സഹായകരമായ പദ്ധതികളും പ്ലീനറി സമര്‍പ്പിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുമായി പ്രായോഗിക സഹകരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ പ്രവര്‍ത്തക സമിതിയില്‍ സമൂല മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തക സമിതിയുടെ പകുതി അംഗങ്ങളെ സമ്മേളനം തിരഞ്ഞെടുക്കുകയും അവശേഷിക്കുന്നവരെ അധ്യക്ഷന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന പതിവുരീതീയില്‍ നിന്നും വ്യത്യസ്തമായി മുഴുവന്‍ അംഗങ്ങളെയും തിരഞ്ഞെടുക്കാന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അധികാരപ്പെടുത്തിയിരിക്കയാണ് യോഗം. ജനാധിപത്യ രീതിയില്‍ നിന്നുള്ള വ്യതിചലനമാണിതെങ്കിലും പ്രാദേശിക സന്തുലിതാവസ്ഥ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനും മുതിര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനുമാണ് ഈ മാറ്റമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പാര്‍ട്ടിയിലും സ്ഥാനാര്‍ഥിത്വത്തിലും യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്ന അഭിപ്രായക്കാരനാണ് മുമ്പേ രാഹുല്‍ഗാന്ധി. യുവത്വവും പരിചയസമ്പത്തും ചേര്‍ന്നതായിരിക്കും പുതിയ നേതൃത്വമെന്ന് പ്രസംഗത്തില്‍ അദ്ദേഹം പറയുകയും ചെയ്തു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമ്പോള്‍ തന്നെ മുതിര്‍ന്ന നേതാക്കളെ അവഗണിക്കില്ലെന്ന് ഓര്‍മപ്പെടുത്താനും അദ്ദേഹം ശ്രദ്ധിച്ചു. സമ്മേളനത്തിന്റെ നടത്തിപ്പിലും യുവത്വത്തിന്റെ കടന്നുവരവിന്റെ സൂചനകള്‍ പ്രകടമാണ്. പ്രസംഗകരില്‍ നല്ലൊരു പങ്കും യുവാക്കളും പുതുമുഖങ്ങളുമായിരുന്നു.

നടത്തിപ്പിലും അച്ചടക്കത്തിലും സമീപ കാലത്ത് നടന്ന സമ്മേളനങ്ങളില്‍ നിന്നെല്ലാം സവിശേഷത പുലര്‍ത്തുന്നതാണ് രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന പ്ലീനറി. തുടര്‍പ്രവര്‍ത്തനങ്ങളിലും അത് നിലനിര്‍ത്താനായാല്‍ പാര്‍ട്ടിക്ക് ഒരു പുതിയ മുഖം കൈ വരിക്കാനും ജനവിശ്വാസം വീണ്ടെടുക്കാനുമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here