എന്‍ അഹ്മദ് ഹാജി: വലിയവര്‍ക്കൊപ്പം നടന്നുവലുതായ ഒരാള്‍

Posted on: March 20, 2018 6:03 am | Last updated: March 19, 2018 at 9:35 pm

വ്യക്തികള്‍ ശ്രദ്ധേയരാകുന്നത് അവരുടെ അറിവും കഴിവും സിദ്ധികളും കൊണ്ടാകും. അത്തരക്കാര്‍ വലിയവര്‍, അവര്‍ ചരിത്രത്തില്‍ വാഴ്ത്തപ്പെടും. വലിയവര്‍ക്കൊപ്പം നടന്നു വലുപ്പം നേടിയ ഒരാളുണ്ട് കേരളത്തിന്റെ ഇസ്‌ലാമിക ചരിത്രത്തില്‍ എലത്തൂര്‍ എന്‍ അഹ്മദ് ഹാജി.

എന്‍ അഹ്മദാജി പണ്ഡിതനായിരുന്നോ എന്നു ചോദിച്ചാല്‍ അല്ല, വലിയൊരു നേതാവായിരുന്നോ; അതുമല്ല. അറിയപ്പെട്ട പ്രഭാഷകനോ എഴുത്തുകാരനോ വലിയൊരു പണക്കാരനോ ആയിരുന്നില്ല. എന്നാല്‍ ഇപ്പറഞ്ഞതിന്റെയൊക്കെ മേലെയായിരുന്നു ഒരു കാലത്ത് സുന്നി പ്രസ്ഥാനത്തില്‍ എന്‍ അഹ്മദാജിയുടെ സ്ഥാനം. അഹ്മദാജിയുടെ ജമാലിയ്യ ഹോട്ടലിന്റെ മുകളില്‍ സമസ്തയുടെ മുശാവറ യോഗം കഴിഞ്ഞു പണ്ഡിത നേതാക്കള്‍ വിശ്രമിക്കുകയാണ്. അപ്പോഴാണ് ശംസുല്‍ ഉലമയുടെ ഒരു ഡയലോഗ്: ‘നമ്മളൊക്കെ കുടിയാന്മാരാണ്, ജന്മി അഹ്മദാജിയാണു കേട്ടോ!’
ഇത് ഒഴിവുവേളയിലെ ഒരു നേരം പോക്കു പറച്ചിലായിരുന്നില്ല; വസ്തുത മാത്രമായിരുന്നു. മഹാമനീഷികളായ പണ്ഡിത ജ്യോതിസ്സുകള്‍ നയിച്ച സുന്നി പ്രസ്ഥാനത്തിന്റെ ഒരു കാലഘട്ടത്തിലെ ‘ജന്മി’ തന്നെയായിരുന്നു അഹ്മദാജി.

വല്ലപ്പോഴും ചേരുന്ന സമസ്തയുടെ കാര്യാലോചനാ സമിതി യോഗം. അതിലേക്കു നാടിന്റെ പല ഭാഗങ്ങളില്‍ നിന്നായി കോഴിക്കോട്ടേക്ക് വന്നുചേരുന്ന പണ്ഡിത നേതാക്കള്‍. കൂടിയിരിക്കാന്‍ ഒരാസ്ഥാനമില്ല. ചെലവിടാന്‍ പണമില്ല. മുതാക്കരപ്പള്ളി അല്ലെങ്കില്‍ ഹാജിയുടെ ഹോട്ടലിന്റെ തട്ടിന്‍പുറം. കാല്‍നടയായും കാളവണ്ടിയിലും മറ്റുമായി വന്നു ചേരുന്ന പണ്ഡിതന്മാര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കാനുള്ള വഴി തേടി രണ്ടു പേര്‍ കോഴിക്കോട് വലിയങ്ങാടിയിലെ കടകള്‍ കയറിയിറങ്ങുമായിരുന്നത്രെ! വെച്ചു വിളമ്പിക്കൊടുത്തും പരിചരിച്ചും ഈ രണ്ടുപേര്‍ പണ്ഡിതന്മാര്‍ക്കൊപ്പം തന്നെ ഉണ്ടാകുമായിരുന്നു; എന്‍ അഹ് മദാജിയും കെ എം മുഹമ്മദ് കോയ മാത്തോട്ടവും. വലിയവര്‍ക്കൊപ്പം നടന്നു വലുതായി ചരിത്രത്തിന്റെ ഭാഗമായ രണ്ടുപേര്‍!

പണ്ഡിതന്മാരുടെ നിഴലായി നടന്നു ഈ രണ്ട് പേര്‍ നേടിയത് കണിശമായ ആദര്‍ശ ബോധം. ഇവരുടെ വിട്ടുവീഴ്ചയില്ലാത്ത ആശയ പ്രതിബദ്ധതയായിരുന്നു സുന്നി പ്രസ്ഥാനത്തിന്റെ അക്കാലത്തെ പ്രതിരോധ സന്നാഹം. ഇസ്‌ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകളുമായി ബിദ്അത്ത് പ്രസ്ഥാനങ്ങള്‍ മുളപൊട്ടിയ കാലം. ലഘുലേഖകളായിരുന്നു അന്നത്തെ ആയുധം. മതവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ഇറങ്ങുന്ന വാറോലകള്‍ക്കെതിരെ ഉരുളക്കുപ്പേരി പോലെ മറുകുറിയുമായി അഹ്മദാജി രംഗത്തിറങ്ങി. ലഘുലേഖകള്‍ മതിയാകാതെ വന്നപ്പോള്‍ ഒരു പത്രം പ്രസിദ്ധീകരിക്കുക എന്ന അതിസാഹസത്തിനു തന്നെ ഹാജി സാഹിബ് മുതിര്‍ന്നു. അതാണ് ‘ഹിദായത്തുല്‍ മുഅ്മിനീന്‍’ മലയാള മാസിക.
തബ്‌ലീഗ് ജമാഅത്തിനെതിരെ സമസ്ത കൈ കൊണ്ട ചരിത്ര പ്രധാനമായ തീരുമാനത്തിനു നിദാനമായത് എന്‍ അഹ്മദാജി കൊണ്ടുവന്ന പ്രമേയമായിരുന്നു. ഉറുദു, തമിഴ് ഭാഷകളിലുള്ള തബ്‌ലീഗ് രചനകള്‍ വരുത്തി ഭാഷാന്തരം ചെയ്തു അതിലെ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ആദ്യത്തെ തബ്‌ലീഗ് ഖണ്ഡനം പ്രസിദ്ധീകരിച്ചത് ഹാജിയായിരുന്നു. വിശ്രുതരായ അഹ്മദ് കോയ ശാലിയാത്തി, ശംസുല്‍ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങി അക്കാലത്തെ പ്രശസ്തരായ പണ്ഡിതന്മാരുമായെല്ലാം ഹാജി സാഹിബിന് ഉറ്റ ബന്ധമുണ്ടായിരുന്നു.

റങ്കൂണില്‍ ബിസിനസ്സുകാരനായിരുന്നു. രണ്ടാം ലോകയുദ്ധത്തില്‍ ബിസിനസ്സും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് കാല്‍നടയായി ഇന്ത്യയിലേക്കു തിരിച്ചു വന്ന ഹാജി 1945 മുതല്‍ സമസ്തയുടെ ഭാഗമായി. പ്രസ്ഥാനത്തിന്റെ ക്ലേശപൂരിതമായ നാല് പതിറ്റാണ്ടുകള്‍ ഹാജിയോട് കടപ്പെട്ടിരിക്കുന്നു. 1976ലെ റജബ് ഒന്നിന് അദ്ദേഹം ഓര്‍മയായി. അദ്ദേഹത്തിന്റെ പാരത്രിക ജീവിതം റബ്ബ് ശോഭനമാക്കിക്കൊടുക്കട്ടെ ആമീന്‍.