ഇടതുപക്ഷത്തിന് ഇടതുപക്ഷത്തിന് ചുവടുറപ്പിക്കാന്‍ ഒരവസരം

Posted on: March 20, 2018 6:00 am | Last updated: March 19, 2018 at 9:24 pm
SHARE

ജാതിയും ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഉത്തരേന്ത്യന്‍ ഭൂമികയില്‍ കടന്നു കയറാന്‍ തിരഞ്ഞെടുപ്പുകളിലൂടെ ഇടതുപക്ഷത്തിന് അടുത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ, പഴയ തെലുങ്കാനയില്‍ ചുവടുറപ്പിക്കാന്‍ പാര്‍ട്ടിക്കായത്  ജനങ്ങളുടെ പള്‍സറിഞ്ഞു കൊണ്ട് നടത്തിയ സമര മുന്നേറ്റങ്ങളിലൂടെയായിരുന്നു. അതിനു സമാനമായ മറ്റൊരു പശ്ചാതലം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ഹൃദയ ഭൂമികയില്‍. കിസാന്‍ സഭക്കാര്‍ വിജയിപ്പിച്ചെടുത്ത പ്രതികൂല സാഹചര്യത്തിലെ ഈ സാധ്യത മനസ്സുവെച്ചാല്‍ ഇടതുപക്ഷത്തിനും ഇന്ത്യയുടെ ഉത്തരേന്ത്യന്‍ മണ്ണിലേക്ക് പടര്‍ന്നു കയറാന്‍ സാധിക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യയിലെ സവര്‍ണ അര്‍ധ ഫാസിസം അതിന്റെ കൊടിയിറക്കത്തിന്റെ സൂചന തന്നുകൊണ്ടിരിക്കുന്ന ഈ സവിശേഷ ഘട്ടത്തില്‍ തീവ്രവലതുപക്ഷത്തിന് തിരഞ്ഞെടുപ്പ് പരാജയങ്ങളെക്കാളേറെ മാരകമായ പരുക്ക് ഇത്തരം ജനകീയ മുന്നേറ്റങ്ങളില്‍ നിന്നായിരിക്കും ഏല്‍ക്കുക.

രാഷട്രീയം എന്നത് എക്കാലത്തും വര്‍ത്തമാന കാലാവസ്ഥയുടെ ഗതിവിഗതികളുടെ സഞ്ചാരം എങ്ങോട്ടെന്ന് നോക്കിക്കണ്ടാണ് അതിന്റെ സാധ്യതകള്‍ ആരായേണ്ടത്. എന്നു വെച്ചാല്‍ ജനങ്ങളെ നേരിട്ടു ബാധിക്കുന്ന ദുരിതങ്ങളില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും അവര്‍ക്ക് എങ്ങനെ വിടുതല്‍ നേടാം എന്നതിന് വ്യക്തമായ മാര്‍ഗരേഖകളും പ്രായോഗിക പ്രവര്‍ത്തനവും അവതരിപ്പിക്കുക എന്നതു തന്നെയാവണം കാലികമായ രാഷ്ട്രീയ പ്രവര്‍ത്തനം. ഇന്ത്യയില്‍ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ മത വിശ്വാസത്തെ വൈകാരികമായി ചൂഷണം ചെയ്തു കൊണ്ട് അവരെ എക്കാലത്തും തങ്ങളുടെ വോട്ടു ബേങ്കാക്കി നിലനിര്‍ത്തുകയും അവരുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന രീതിയാണ് ഭരണകൂടം പയറ്റിക്കൊണ്ടിരിക്കുന്ന തന്ത്രം.  അതില്‍ അവര്‍ ഏറക്കുറേ വിജയിച്ചതിന്റെ  പ്രതിഫലനമാണ്  ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അര്‍ധ ഫാസിസ്റ്റ് വലതുപക്ഷ ഭരണകൂടം.
വന്‍ കിട മീഡിയകളേയും കോര്‍പറേറ്റ് ദല്ലാളന്മാരേയും വിലക്കെടുക്കുന്നതിലും ഹൈന്ദവതയെന്ന ചിന്താധാരയെ എങ്ങനെ ഇടുങ്ങിയ കുടിലതയിലേക്ക് പരിവര്‍ത്തിപ്പിച്ച് അധികാരം കൊയ്യാനുള്ള ഉപകരണമാക്കാം എന്നതിലും പല തരത്തിലുള്ള  പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചിരിക്കുകയാണ്  ഇന്ത്യയിലെ നിലവിലെ ഭരണാധികാരികള്‍. തുടക്കത്തില്‍ അതിനു നേടാനായ സ്വീകാര്യതക്ക്  വലിയ മങ്ങല്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കൂടെക്കൂടിയിരുന്ന  സഹയാത്രികരുടേയും പിന്തുണക്കാരുടേയും  അപ്രീതിയും നാള്‍ക്കുനാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. അവര്‍ നല്‍കിയ മോഹന വാഗ്ദാനങ്ങളുടെ പെരുമഴ ഒന്ന് പെയ്‌തൊഴിഞ്ഞപ്പോള്‍ ബാക്കിയാവുന്നത് പൗരന്മാരുടെ അരക്ഷിതാവസ്ഥകളും ബഹു ഭൂരിപക്ഷത്തിന്റെ ജീവിതദുരിതങ്ങളും മാത്രമായിരിക്കുന്നു. പിന്തുണച്ചവര്‍ക്ക് പോലും ഈ തിരിച്ചറിവുണ്ടായിത്തുടങ്ങിയിരിക്കുന്നു എന്നിടത്താണ് അതിന്റെ പരാജയത്തിന്റെ  പടിവാതില്‍ തുറന്നിട്ടിരിക്കുന്നത്.

തുറന്നിട്ട ഈ ശൂന്യതയിലേക്ക് ഇടിച്ചുകയറി എത്രയും എളുപ്പത്തില്‍ ഒരു ജനതയെ എങ്ങനെ മോചിപ്പിച്ചെടുക്കാം എന്ന ചിന്തക്ക് ഏറ്റവും അനുയോജ്യമായ ഒരു തലം ഇപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുറക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ ഹൃദയഭൂമികളില്‍ ഉപതിരഞ്ഞെടുപ്പുകളില്‍  വമ്പിച്ച പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അര്‍ധ ഫാസിസ്റ്റ് ഭരണക്കാര്‍ക്ക് മുമ്പില്‍ ഇങ്ങനെ പോയാല്‍  ഒരേയൊരു മാര്‍ഗം മാത്രമേ പിടിച്ചു നില്‍ക്കാനുണ്ടാവൂ. അതില്‍ അപകടം പിടിച്ച മാര്‍ഗമായ സമ്പൂര്‍ണ ഫാസിസത്തിലേക്കുള്ള കുതിച്ചോട്ടവും അതുവഴി ജനാധിപത്യത്തിന്റെ പരിമിതമായ ആനുകൂല്യങ്ങളെപ്പോലും ജനങ്ങളില്‍ നിന്നും തട്ടിപ്പറിച്ചെടുക്കലും ആവും അവരുടെ മുമ്പില്‍ അവശേഷിക്കുന്ന എക മാര്‍ഗം.   അതിന്റെ ഭാഗമായുള്ള ഒരു പരീക്ഷണതന്ത്രമാകും  ചില  ഉപതിരഞ്ഞെടുപ്പുകളെ  സ്വതന്ത്രമായി വിട്ടു കൊണ്ട് വരാനുള്ള വലിയ തിരഞ്ഞെടുപ്പില്‍  കൃത്രിമങ്ങളുടെ വലിയ സാധ്യതകള്‍ ആരായുക എന്നത്. ഗോരഖ്പൂരും  ഫൂല്‍പൂരും  ബിഹാറും ഒക്കെ ഏല്‍പ്പിച്ച  ആഘാതത്തില്‍ നിന്ന് കരകയറാന്‍ ഇനി പരീക്ഷിക്കുന്നത് ഇത്തരം ഹീനമാര്‍ഗമായിരിക്കും. അല്ലാതെ  വാഗ്ദാനങ്ങളുടെ പ്രളയം തന്നെ സൃഷ്ടിച്ചാലും രക്ഷപ്പെടാനുള്ള തുരുത്തുകള്‍ കുറഞ്ഞു കുറഞ്ഞു വരികയാണ്.

തിരഞ്ഞെടുപ്പ് ഫലം നല്‍കിയ ആഘാതത്തിനു പുറമേയാണ്  നാസിക്കില്‍ നിന്നും മുംബൈയിലേക്ക് കാല്‍നട ജാഥയായി കടന്നുവന്ന് കിസാന്‍ സഭക്കാര്‍ നടത്തിയ ഐതിഹാസികമായ ജനകീയ മാര്‍ച്ച്. പൊതുവേ സമരങ്ങള്‍ ക്ലച്ച് പിടിക്കാത്ത കാലമാണെന്ന പഴി കേട്ട് അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ട സമരങ്ങളുടെ മുനയൊടിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കോര്‍പറേറ്റ് കാലമാണല്ലോ ഇപ്പോള്‍? രാഷ്ടീയ പാര്‍ട്ടികള്‍ നടത്തുന്ന ജാഥകള്‍ പോലും പ്രഹസനമായിക്കൊണ്ടിരിക്കുന്ന കാലം. ജാഥകളോടും പാരമ്പര്യ സമരമുറകളോടുമെല്ലാം അരാഷ്ട്രീയ ബുദ്ധിജീവി നാട്യക്കാര്‍ക്കു പോലും പുച്ഛം വര്‍ധിച്ച കാലം കൂടിയാണിപ്പോള്‍. കവി കല്‍പ്പറ്റ നാരായണന്‍  വര്‍ഷങ്ങള്‍ക്ക് മുമ്പൊരിടത്ത് എഴുതിയ തോര്‍ക്കുന്നു. ‘എനിക്ക് ഒരു ജാഥയിലും നില്‍ക്കാന്‍ പറ്റില്ല. ഏത് ജാഥയിലായാലും അതെന്നെ സമ്പൂര്‍ണമായി പ്രതിനിധീകരിക്കുന്നില്ല എന്ന തോന്നലില്‍ ഞാന്‍ അസ്വസ്ഥനാവും’  ഈയൊരു തോന്നല്‍ മധ്യവര്‍ഗത്തിനു മാത്രമല്ല താഴേക്കിടയില്‍ അടിസ്ഥാന വര്‍ഗത്തിലേക്കു കൂടി വ്യാപിച്ചു കഴിഞ്ഞ വര്‍ത്തമാനകാലത്താണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അധികാര കേന്ദ്രങ്ങളുടെ ആസ്ഥാനത്തേക്ക് പട്ടിണി മാര്‍ച്ച് നടത്തി തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്തത്. അതും  ഒരു കാലത്ത് ചുവപ്പന്‍ വിപ്ലവത്തിന്റെ തോല്‍വി ഏറ്റുവാങ്ങി ചരിത്രത്തില്‍ ഇടം പിടിച്ച  മുംബൈ മഹാനഗരത്തിന്റെ സിരാകേന്ദ്രത്തില്‍ വെച്ചാണ് ചെങ്കൊടികള്‍ പിടിച്ച്  കരിമ്പിന്റെ നാട്ടിലെ കൃഷിക്കാരും കൂലി തൊഴിലാളിയും ഭരണകൂടത്തെ മുള്‍മുനയില്‍ നിറുത്തി ഈ വിജയം നേടിയെടുത്തത്. മോദിയുടെയും അമിത് ഷായുടെയും കൈക്കരുത്തിലും ദല്ലാള്‍ കോര്‍പറേറ്റുകളുടെ പണക്കരുത്തിലും കേന്ദ്ര ഭരണം കൈയാളുന്നവരുടെ പാര്‍ട്ടിയും പതിപ്പും തന്നെയാണ്  മുംബൈയില്‍ ജനക്കരുത്തിന് മുമ്പില്‍ അടിയറവ് പറഞ്ഞത്. ആന്ധ്രയിലും പഴയ ബോംബെയിലും എല്ലാം പണ്ടുകാലങ്ങളില്‍ നടന്ന കര്‍ഷക തൊഴിലാളി മുന്നേറ്റങ്ങള്‍ ഇന്ന് നാല് പതിറ്റാണ്ടോളം പഴക്കമുള്ള ഗോദാവരി പരുലേക്കറെപ്പോലുള്ളവര്‍ എഴുതിയ ‘മനുഷ്യരുണരുമ്പോള്‍’ പോലുള്ള പുസ്തകങ്ങളില്‍  പൊടിപിടിച്ചു കിടക്കുന്ന ഓര്‍മകള്‍ മാത്രമായി അവശേഷിച്ചിരിക്കുന്ന പുതിയ കാലത്താണ്  ഈ പുത്തന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ  വീരഗാഥകള്‍ പിറക്കുന്നത്.
തീര്‍ച്ചയായും ഈ പുതിയ കാലാവസ്ഥ ഇന്ത്യന്‍ ഇടതുപക്ഷങ്ങള്‍ക്ക് മുമ്പില്‍  ഒരു തിരിച്ചുവരവിന്റെ കാഹളം മുഴക്കാന്‍ പോന്ന വിളംബരമായി കാണണം. അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നം ഏറ്റെടുത്തുകൊണ്ട് നടത്തുന്ന സമരങ്ങള്‍ മുമ്പ് തെലുങ്കാനയിലും മുബൈയിലും പഞ്ചാബിലുമൊക്കെ ജനങ്ങള്‍ ഏറ്റെടുത്തിരുന്നത് ചെങ്കൊടി പിടിച്ചുകൊണ്ടായിരുന്നു. പിന്നെ മധ്യവര്‍ഗാധിനിവേശം മൂലം കൈമോശം വന്ന ആ സമരങ്ങളുടെ സുവര്‍ണകാലത്തേക്കുള്ള തിരിച്ചുപോക്കിന് പ്രചോദനമേകുന്നതാണ് ഇപ്പോള്‍ നടന്ന നാസിക്കില്‍ നിന്നുള്ള ഛലോ മുംബൈ  മുന്നേറ്റം. പണ്ടു ഇന്ത്യന്‍ ഫ്യൂഡലിസത്തിനെതിരെ നടത്തിയ ജനകീയ പ്രക്ഷോഭങ്ങളുടെ പുതിയ മോഡലുകള്‍ സൃഷ്ടിച്ചു കൊണ്ട് ഹിന്ദി ബെല്‍റ്റില്‍ കോര്‍പറേറ്റു മൂലധനശക്തികളുടെ  ചൂഷണങ്ങള്‍ക്കും അമിതാധികാരങ്ങള്‍ക്കും എതിരേയുള്ള സമരങ്ങള്‍ക്ക് ജനങ്ങളെ അണിനിരത്തി  ഇന്ത്യന്‍ ഇടതുപക്ഷത്തിനും ഹിന്ദി ബെല്‍റ്റില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാകും.

എന്നു മാത്രമല്ല ബംഗാളിലും ത്രിപുരയിലുമൊക്കെ ഏറ്റ പരാജയത്തില്‍ നിന്നും തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ വഴി കരകയറുന്നതിലേറെ എളുപ്പത്തില്‍ ജനഹൃദയങ്ങളില്‍ കയറിപ്പറ്റി യഥാര്‍ഥ ഇടതുപക്ഷ സ്പിരിറ്റ് വീണ്ടെടുക്കാനാകുക ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള സമരമുഖങ്ങള്‍ തുറക്കുന്നതിലൂടെ തന്നെയാവും. ഒരു മുഖ്യധാരാ ഇടതുപക്ഷം കൂടി ഇല്ലാതാകുക എന്നത്  ഇന്ത്യന്‍ കോര്‍പറേറ്റ് കുത്തകകള്‍ക്കും വര്‍ഗീയ ഫാസിസത്തിനും ഒക്കെ അവരുടെ വഴി എളുപ്പമാക്കാനേ ഉപകരിക്കൂ. ജാതിയും ആചാരങ്ങളും വിശ്വാസങ്ങളും എല്ലാം കെട്ടുപിണഞ്ഞു കിടക്കുന്ന ഉത്തരേന്ത്യന്‍ ഭൂമികയില്‍ കടന്നു കയറാന്‍ തിരഞ്ഞെടുപ്പുകളിലൂടെ ഇടതുപക്ഷത്തിന് അടുത്തൊന്നും കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ പഴയ തെലുങ്കാനയില്‍ ചുവടുറപ്പിക്കാന്‍ പാര്‍ട്ടിക്കായത്  ജനങ്ങളുടെ പള്‍സറിഞ്ഞു കൊണ്ട് നടത്തിയ സമര മുന്നേറ്റങ്ങളിലൂടെയായിരുന്നു. അതിനു സമാനമായ മറ്റൊരു പശ്ചാതലം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ഹൃദയ ഭൂമികയില്‍. കിസാന്‍ സഭക്കാര്‍ വിജയിപ്പിച്ചെടുത്ത പ്രതികൂല സാഹചര്യത്തിലെ ഈ വിജയം മനസ്സുവെച്ചാല്‍ ഇന്ത്യന്‍ ഇടതുപക്ഷത്തിനും ഇന്ത്യയുടെ ഉത്തരേന്ത്യന്‍ മണ്ണിലേക്ക്  പടര്‍ന്നു കയറാന്‍ സാധിക്കുമെന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യയിലെ സവര്‍ണ അര്‍ധ ഫാസിസം അതിന്റെ കൊടിയിറക്കത്തിന്റെ സൂചന തന്നുകൊണ്ടിരിക്കുന്ന ഈ സവിശേഷ ഘട്ടത്തില്‍ തീവ്രവലതുപക്ഷത്തിനേല്‍ക്കുന്ന തിരഞ്ഞെടുപ്പ് പരാജയങ്ങളെക്കാളേറെ മാരകമായ പരുക്ക് ഇത്തരം ജനകീയ മുന്നേറ്റങ്ങളില്‍ നിന്നായിരിക്കും ഏല്‍ക്കുക.  മറ്റാരെക്കാളും അത്തരം മൂവ്‌മെന്റിന് നേതൃത്വം കൊടുക്കാനാകുക ഇടതുപക്ഷങ്ങള്‍ക്കാവും എന്ന പാഠം നല്‍കുന്നു  നാസിക്കില്‍ നിന്നും പുറപ്പെട്ട് മുംബൈല്‍ എത്തുമ്പോഴേക്കും വിജയം കണ്ട അടിസ്ഥാന വര്‍ഗത്തിന്റെ മുന്നേറ്റ സമരം.

LEAVE A REPLY

Please enter your comment!
Please enter your name here