SIRAJLIVE.COM NEWSLIGHT ON 19-03-2018

Posted on: March 19, 2018 11:49 pm | Last updated: March 19, 2018 at 11:49 pm


ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണി ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ഇതുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്, ബി ജെ പി ഇതര മുന്നണി രൂപവത്കരണമാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി ജെ പിയുമില്ലാത്ത മറ്റൊരു മുന്നണി കൂടി വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കെ ചന്ദ്രശേഖരറാവു പറഞ്ഞു. കൂടിക്കാഴ്ച ഒരു നല്ല തുടക്കമാണെന്നും രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയിള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും മമത ബാനര്‍ജി പ്രതികരിച്ചു.

ഒരു കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കിയ തിരുവനന്തപുരം സബ്കലക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ റദ്ദാക്കി. വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. വര്‍ക്കല വില്ലിക്കടവില്‍ വര്‍ക്കല – പാരിപ്പള്ളി സംസ്ഥാന പാതയോരത്തെ 27 സെന്റ് ഭൂമി പതിച്ചുനല്‍കിയ നടപടിയാണ് വിവാദമായത്. നേരത്തെ തഹസില്‍ദാര്‍ ഏറ്റെടുത്ത ഈ ഭൂമി പിന്നീട് സബ് കലക്ടര്‍ സ്വകാര്യ വ്യക്തിക്ക് തന്നെ കൈമാറുകയായിരുന്നു. ഭൂമി കൈവശം വെച്ചയാള്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സബ് കലക്ടറെ ചുമതലപ്പെടുത്തടുകയുമായിരുന്നു. അതേസമയം നിയമപ്രകാരം മാത്രമാണ് നടപടികള്‍ സ്വീകരിച്ചതെന്ന് ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.

അപകീര്‍ത്തി കേസുകള്‍ അവസാനിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ കോണ്‍ഗ്രസ് നേതാവ് കബില്‍ സിബലിനോടും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോടും മാപ്പുപറഞ്ഞു. പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ഫയല്‍ ചെയ്ത മാനനഷ്ടക്കേസുകള്‍ ഒത്തുതീര്‍ക്കാമെന്ന ധാരണയിലാണ് നടപടി. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതിന്റെ തെളിവ് തന്റെ പക്കലുണ്ടെന്നും കേജ്രിവാള്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഗഡ്കരി നല്‍കിയ മാനനഷ്ടക്കേസില്‍ അരവിന്ദ് കേജ്രിവാളിനെതിരെ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി കുറ്റം ചുമത്തുകയും ചെയ്തിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാം കേസിലും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. റാഞ്ചി പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കേസിലെ മറ്റ് പത്തൊമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 12 പേരെ കോടതി വെറുതെവിടുകയും ചെയ്തു. 1995-96ല്‍ ദുംക ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്‍കി 3.13 കോടി തട്ടിയെടുത്ത കേസിലാണ് വിധി. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും.

ദേശീയ പാതാ വികസനത്തിനായി സ്ഥലമേറ്റെടുക്കാനുള്ള സര്‍വേ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ആരംഭിച്ചു. കുറ്റിപ്പുറം പാലത്തിന് സമീപത്ത് നിന്നാണ് സര്‍വേ തുടങ്ങിയത്. സര്‍വേ നടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടുമായി പ്രതിഷേധിച്ച, ഭൂ ഉടമകളെ പോലീസ് തടഞ്ഞത് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സര്‍വേ നടക്കുന്ന സ്ഥലത്തേക്കുള്ള പ്രകടനമാണ് പോലീസ് തടഞ്ഞത്. പാതയുടെ വീതി 45ല്‍ നിന്ന് 30 മീറ്ററായി ചുരുക്കുക, 30 മീറ്റര്‍ സ്ഥലം മാത്രമേ എടുക്കാവൂ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.

യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ രംഗത്ത്. യോഗിക്ക് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണ് താല്‍പര്യമെന്നും പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തില്‍ ഒരു ശ്രദ്ധയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പി സഖ്യ കക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവാണ് ഒ.പി രാജ്ഭര്‍. വലിയ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. മൂന്നണി മര്യാദ ബി ജെ പി പുലര്‍ത്തുന്നില്ലെന്നും രാജ്ഭര്‍ ആരോപിച്ചു. ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ എന്‍ ഡി എ സഖ്യകക്ഷികള്‍ പലതും കേന്ദ്രസര്‍ക്കാരിനെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പുതിയ നിയമം രൂപവത്കരിക്കാന്‍ ആലോചിക്കുന്നതായി കേന്ദ്ര വാര്‍ത്ത വിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി സൂചന നല്‍കി. നിലവിലെ സംവിധാനത്തിലൂടെ ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് ആവശ്യമായ നിയന്ത്രണം നടപ്പാക്കുന്നതിന് സാധിക്കൂന്നില്ലെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.

വ്‌ളാഡ്മിര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 76 ശതമാനം വോട്ട് നേടിയാണ് പുടിന്‍ അധികാരത്തിലേറിയത്. ഇത് നാലാം തവണയാണ് പുടിന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും പ്രസിഡന്റാകുന്ന പുടിന്‍ നാലുതവണയായി അധികാരക്കസേരയില്‍ കാല്‍നൂറ്റാണ്ട് തികക്കും. പുതിയ നിയമം അനുസരിച്ച് ആറ് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. യുനൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പുടിന്‍ ഇത്തവണ ജനവിധി തേടിയത്.

സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിത പഠിപ്പിക്കരുതെന്നും എല്ലാ പാഠ്യപദ്ധതികളില്‍ നിന്നും തന്റെ രചനകളെ ഒഴിവാക്കണമെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചുള്ളിക്കാട് ഈ ആവശ്യം ഉന്നയിച്ചത്. തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുത്. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ കഴിവും യോഗ്യതയുമില്ലാത്തവരെ അധ്യാപകരായി നിയമിക്കുന്നത് മൂലം മലയാളം തെറ്റ് കൂടാതെ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ആകുന്നില്ല. തെറ്റ് കൂടാതെ മലയാള ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ തന്റെ കവിത പഠിക്കേണ്ടെന്നും ചുള്ളിക്കാട് പറഞ്ഞു.

സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് മികച്ച തുടക്കം. ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ചണ്ഡീഗഢിനെ ഒന്നിനെതിരേ അഞ്ചു ഗോളിന് കീഴ്‌പെടുത്തിയാണ് കേരളത്തിന്റെ വിജയം. രണ്ടു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത എം.എസ് ജിതിനാണ് കേരളത്തിന് വേണ്ടി തിളങ്ങിയത്. സജിത്ത്, ശ്രീക്കുട്ടന്‍, അഫ്ദാല്‍ എന്നിവരും മികച്ച കളി പുറത്തെടുത്തു.

ന്യൂസ്‌ലൈറ്റ് സമാപിക്കുന്നു. വിശദമായ വാര്‍ത്തകള്‍ക്ക് സിറാജ്‌ലൈവ് ഡോട്‌കോം സന്ദര്‍ശിക്കുക. ന്യൂസ്‌ലൈറ്റ് സ്ഥിരമായി കാണാണ്‍ ഞങ്ങളുടെ യൂട്യൂബ് ചാനലായ സിറാജ്ഡയ്‌ലി ഒഫീഷ്യല്‍ സബ്‌സ്‌ക്രൈബ് ചെയ്ത് ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക