കരാര്‍ ജീവനക്കാര്‍ക്കും 26 ആഴ്ചത്തെ പ്രസവാവധി നല്‍കണം

Posted on: March 19, 2018 11:32 pm | Last updated: March 19, 2018 at 11:32 pm

കൊച്ചി: കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലെ കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും 26 ആഴ്ചത്തെ പ്രസവാവധി അനുവദിക്കണമെന്ന് ഹൈക്കോടതി. കരാറുകാര്‍ക്കും സ്ഥിരം ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട 180 ദിവസത്തെ അവധി തന്നെ നല്‍കണം. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിലെ കരാര്‍ ജീവനക്കാരായ ഒരു കൂട്ടം സ്ത്രീകള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

കരാര്‍ ജീവനക്കാരികള്‍ക്ക് 12 ആഴ്ചക്കപ്പുറം അവധി നല്‍കാനാകില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. പ്രസവാവധി ആനുകൂല്യ നിയമവും കേരള സര്‍വീസ് ചട്ടവും പ്രകാരമുള്ള 26 ആഴ്ചത്തെ പ്രസവാവധി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമേ നല്‍കാനാകൂ. കേരള സര്‍ക്കാറിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വഴി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാര്‍ക്ക് ഇത് ബാധകമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, സര്‍ക്കാര്‍ വാദം തള്ളിയ കോടതി ഖനനം, ഫാക്ടറി, തോട്ടം, കടകള്‍ തുടങ്ങി എല്ലാ മേഖലകളിലും പ്രസവാവധി ആനുകൂല്യ നിയമം ബാധകമാണെന്ന് വ്യക്തമാക്കി. പ്രസവാവധി ആനുകൂല്യം വര്‍ധിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ വേണ്ടി കൂടിയാണ്. കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്നതിന്റെ പേരില്‍ വിവേചനത്തിന് ഇരയാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.