Connect with us

Kerala

തന്റെ കവിത പാഠ്യപദ്ധതികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

Published

|

Last Updated

കൊച്ചി: സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിത പഠിപ്പിക്കരുതെന്നും എല്ലാ പാഠ്യപദ്ധതികളില്‍ നിന്നും എന്റെ രചനകളെ ഒഴിവാക്കണമെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ആവശ്യപ്പെട്ടു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചുള്ളിക്കാട് ഈ ആവശ്യം ഉന്നയിച്ചത്. ഗതികെട്ട കവി നടത്തുന്ന വ്യര്‍ഥമായ യാചനയാണിതെന്നും വിദ്യാഭ്യാസ കച്ചവടത്തില്‍ തന്റെ കവിതയെ ചേര്‍ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ കവിതയില്‍ ഗവേഷണം അനുവദിക്കരുത്. അക്കാദമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിതയെ ദുര്‍വിനിയോഗം ചെയ്യരുത്. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ കഴിവും യോഗ്യതയുമില്ലാത്തവരെ അധ്യാപകരായി നിയമിക്കുന്നത് മൂലം മലയാളം തെറ്റ് കൂടാതെ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ആകുന്നില്ല. അബദ്ധപ്പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങള്‍ക്ക് പോലും ഗവേഷണ ബിരുദം നല്‍കുകയാണ്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും നോക്കാതെ വാരിക്കോരി മാര്‍ക്ക് കൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയാണ് വിദ്യാലയങ്ങള്‍. തെറ്റ് കൂടാതെ മലയാള ഭാഷ കൈകാര്യം ചെയ്യാന്‍ അറിയാത്തവര്‍ തന്റെ കവിത പഠിക്കേണ്ട.

അക്ഷരത്തെറ്റ് പ്രശ്‌നമല്ലെന്നാണ് ചില അധ്യാപകര്‍ പറയുന്നത്. ഭാഷ പഠിക്കുന്നത് ചിന്താശക്തിയുള്ള തലമുറയുടെ സൃഷ്ടിപ്പിനാണ്. ചിന്താശേഷിയില്ലാത്ത തലമുറകള്‍ ഉണ്ടാകേണ്ടത് കോര്‍പ്പറേറ്റുകളുടെ അജന്‍ഡയാണ്. ഭാഷ പഠിപ്പിക്കുന്നതില്‍ അലംഭാവം കാട്ടുന്ന അധ്യാപകര്‍ കോര്‍പറേറ്റുകള്‍ക്ക് സേവ ചെയ്യുന്നവരാണ്. ഇനി ഒരിക്കലും പാഠ പുസ്തകങ്ങളില്‍ തന്റെ കവിത ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കില്ല. നേരത്തെ അനുമതി നല്‍കിയതില്‍ ഇപ്പോള്‍ അതീവ ദുഃഖത്തിലാണ്.

കവിതയെ താത്പര്യമുള്ളവര്‍ പുറത്ത് നിന്ന് തന്റെ കവിത വായിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കവിത പഠിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നത് ശരിയാണോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഗത്യന്തരമില്ലാതെ താന്‍ തെറ്റായ കാര്യം ചെയ്യുകയാണെന്നായിരുന്നു ചുള്ളിക്കാടിന്റെ മറുപടി.

Latest