Connect with us

Gulf

ഹരിത വ്യാപാര ഉച്ചകോടി അടുത്ത മാസം 17ന് അബുദാബിയില്‍

Published

|

Last Updated

അബുദാബി: വടക്കനാഫ്രിക്കന്‍, മധ്യപൗരസ്ത്യ രാജ്യങ്ങളുടെ സ്വാഭാവിക പരിസ്ഥിതി വികസനം, സാമ്പത്തിക വളര്‍ച്ച ഉള്‍പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രഥമ ഹരിത വ്യാപാര ഉച്ചകോടി അടുത്ത മാസം 17ന് അബുദാബിയില്‍ നടക്കും.

അബുദാബി പരിസ്ഥിതി ഏജന്‍സിയുടെ പ്രായോജകത്വത്തില്‍ സാമ്പത്തിക വികസന വകുപ്പിന്റെ സഹകരണത്തോടെയാണ് ഉച്ചകോടി നടക്കുക. സ്വകാര്യമേഖലയുടെ സഹകരണത്തോടെ സുസ്ഥിര വികസനം കൈവരിക്കുന്നതിനെക്കുറിച്ചും ഉച്ചകോടിയില്‍ ആലോചിക്കും. ബിസിനസ് പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സംരക്ഷണം, ഹരിത വ്യവസായങ്ങളെക്കുറിച്ചുള്ള നയപരിപാടികള്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ റസാന്‍ ഖലീഫ അല്‍ മുബാറക് ചൂണ്ടിക്കാട്ടി. പരിസ്ഥിതി ഏജന്‍സിയുടെ സ്ഥാപകനും ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനായി നിയമങ്ങളും ചട്ടങ്ങളും നിര്‍മിച്ച് പരിസ്ഥിതി സംരക്ഷണത്തിന് മാതൃക പകര്‍ന്ന മഹത് വ്യക്തിയായിരുന്നു ശൈഖ് സായിദെന്നും ഖലീഫ അല്‍ മുബാറക് ഓര്‍മിപ്പിച്ചു.

യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ 100-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണത്തിനു പ്രാമുഖ്യം പകരുന്ന ഉച്ചകോടിക്ക് വളരെ പ്രാധാന്യമാണുള്ളത്.

Latest