എമിറേറ്റ്‌സ് ഐ ഡി വേഗത്തില്‍ ലഭിക്കാന്‍ നടപടി

Posted on: March 19, 2018 9:11 pm | Last updated: March 19, 2018 at 9:11 pm

അബുദാബി: വിദേശികളുടെ എമിറേറ്റ്‌സ് ഐ ഡി വേഗം ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിച്ചതായി എമിറേറ്റ്‌സ് ഐ ഡി അതോറിറ്റി അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകളില്‍ വ്യക്തികളുടെ വിവരങ്ങള്‍ മാറ്റാന്‍ 150 ദിര്‍ഹം ഫീസ് ഈടാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഭേദഗതി വരുത്തി പുതിയ കാര്‍ഡ് ലഭിക്കണമെങ്കില്‍ പഴയ കാര്‍ഡ് കേടുപാടില്ലാതെ തിരികെ ഏല്‍പിക്കുകയും വേണം. പഴയ കാര്‍ഡിനുള്ള കാലാവധി എത്രയാണോ അതേ കാലാവധി മാത്രമായിരിക്കും പുതിയ കാര്‍ഡുകള്‍ക്കുണ്ടാവുക.

ഓണ്‍ലൈന്‍ അപേക്ഷക്കുള്ള അക്കൗണ്ട് തുടങ്ങുക എന്നാണ് ആദ്യം ചെയ്യേണ്ടത്. തുടര്‍ന്നു ഫീസ് അടക്കുകയും അപേക്ഷ നല്‍കുകയും വേണം. വിരലടയാളവും മുഖചിത്രവും പകര്‍ത്തുന്ന നടപടിയാണ് അടുത്തഘട്ടം. അപേക്ഷകര്‍ക്ക് കാലാവധിയുള്ള വിസ വേണം എന്നതാണ് ഇതിനുള്ള നിബന്ധന. വീസയെ അടിസ്ഥാനമാക്കിയാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ തപാല്‍വകുപ്പ് വഴി കാര്‍ഡ് ലഭ്യമാകും.

വിദേശികള്‍ക്കും ജിസിസി പൗരന്മാര്‍ക്കും അപേക്ഷ നല്‍കുന്ന ദിവസംതന്നെ പുതിയ കാര്‍ഡ് ലഭിക്കും. നഷ്ടപ്പെട്ടതോ കേടായതോ ആയ കാര്‍ഡുകള്‍ മാറ്റി നല്‍കുകയും ചെയ്യും. വിദേശികള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുള്ള കാര്‍ഡിന് നൂറു ദിര്‍ഹമാണ് ഫീസ്. വിസക്ക് ഒരുവര്‍ഷത്തെ കാലാവധി ഇല്ലെങ്കിലും കാര്‍ഡ് ലഭിക്കാന്‍ ഈ തുക നല്‍കേണ്ടി വരും. കൂടാതെ ഇലട്രോണിക് അപേക്ഷക്ക് 40 ദിര്‍ഹവും നല്‍കണം. ടൈപ്പിങ് സെന്ററുകള്‍ വഴിയാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ 70 ദിര്‍ഹമാണ് നിരക്ക്. അതിവേഗം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 150 ദിര്‍ഹമാണ് അധികം നല്‍കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍ അയക്കാന്‍ നാലു സംവിധാനങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. എമിറേറ്റ്‌സ് ഐഡന്റിറ്റി അതോറിറ്റിയുടെ അംഗീകാരമുള്ള ടൈപ്പിങ് സെന്ററുകള്‍, വെബ്‌സൈറ്റ് വഴിയുള്ള ഇ-അപേക്ഷകള്‍, സ്മാര്‍ട്‌ഫോണ്‍ എന്നിവയ്ക്കു പുറമേ പ്രധാന ഉപഭോക്തൃ സേവന കാര്യാലയങ്ങള്‍ വഴിയും അപേക്ഷ അയക്കാനാകും.