ശ്രദ്ധ ക്ഷേത്രകാര്യത്തില്‍ മാത്രം; യോഗിക്കും ബി ജെ പിക്കുമെതിരെ യു പി മന്ത്രി

Posted on: March 19, 2018 8:29 pm | Last updated: March 19, 2018 at 8:29 pm

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഉത്തര്‍ പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ രംഗത്ത്. യോഗി ആദിത്യനാഥിന് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ മാത്രമാണ് കൂടുതല്‍ താല്‍പര്യമെന്നും പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തില്‍ ഒരു ശ്രദ്ധയുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി ജെ പി സഖ്യ കക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവാണ് ഒ.പി രാജ്ഭര്‍. ബി ജെ പിക്കെതിരെ എന്‍ ഡി എ ഘടകകക്ഷികള്‍തന്നെ വിമര്‍ശം ഉന്നയിക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശ് മന്ത്രി ഒ പി. രാജ്ഭറും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

വലിയ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. മൂന്നണി മര്യാദ ബി ജെ പി പുലര്‍ത്തുന്നില്ലെന്നും രാജ്ഭര്‍ ആരോപിച്ചു. 325 സീറ്റുകള്‍ നേടിയതിനെ തുടര്‍ന്ന് ബി ജെ പി അഹങ്കാരികളായി മാറിയെന്നും ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ എന്‍ ഡി എ സഖ്യകക്ഷികള്‍ പലതും കേന്ദ്രസര്‍ക്കാരിനെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.