ചന്ദ്രശേഖര റാവു- മമത കൂടിക്കാഴ്ച: മൂന്നാം ബദലിന് നീക്കം

റാവുവിന് മമതയുടെ പൂര്‍ണ പിന്തുണ
Posted on: March 19, 2018 7:31 pm | Last updated: March 20, 2018 at 6:32 am
കെ ചന്ദ്രശേഖര റാവുവും മമത ബാനര്‍ജിയും കൂടിക്കാഴ്ചക്കിടെ

ന്യൂഡല്‍ഹി: 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ദേശീയതലത്തില്‍ മൂന്നാം മുന്നണി രൂപമെടുക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവും ബി ജെ പി വിട്ട് ആര്‍ ജെ ഡിക്കൊപ്പം നില്‍ക്കുന്ന രാംജഠ് മലാനിയുമാണ് മൂന്നാം ബദലുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി ചന്ദ്രശേഖര റാവു ഇന്നലെ കൊല്‍ക്കത്തയിലെത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. ‘ഫെഡറല്‍ ഫ്രണ്ട്’ എ ന്നാണ് മുന്നണി നീക്കത്തെ ചന്ദ്രശേഖര റാവു വിശേഷിപ്പിച്ചത്.

ബി ജെ പിക്കെതിരെ മൂന്നാം മുന്നണി രൂപവത്കണവുമായി ബന്ധപ്പെട്ട് ആദ്യഘട്ട ചര്‍ച്ചകള്‍ ഇരുവരും നടത്തിയതായി തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. റാവുവിന്റെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ബംഗാള്‍ സെക്രട്ടേറിയറ്റായ നബന്നയില്‍ നടത്തിയ ചര്‍ച്ചയില്‍ മമതാ ബാനര്‍ജി വാഗ്ദാനം ചെയ്തു. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പരാജയമുള്‍പ്പെടയുള്ള കാര്യങ്ങള്‍ ഇരുവരും നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവെന്നും കോണ്‍ഗ്രസമായി തിരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നതിന് തൃണമൂല്‍ മേധാവിക്ക് താത്പര്യമില്ലെന്നും മമതയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നാണ് റാവുവിന്റെ നിലപാട്. ഇതേ നിലപാട് നേരത്തെ മമതയും വ്യക്തമാക്കിയിരുന്നു. ഈ മാസം നാലിന് നടന്ന പാര്‍ട്ടി റാലിയിലാണ് ചന്ദ്രശേഖര റാവു തന്റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബദല്‍ ശക്തി രൂപവത്കരിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇക്കാര്യം പറഞ്ഞതിന് തൊട്ടു പിന്നാലെ മമതയുമായി റാവു ടെലിഫോണില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് റാവു ഇന്നലെ കൊല്‍ക്കത്തിയിലേക്ക് പോയത്. പ്രാദേശിക ശക്തികളുടെ കൂട്ടായ്മയാണ് ചന്ദ്രശേഖര റാവു മുന്നോട്ടുവെക്കുന്നത്.സമാനമായ നിലപാടുള്ള പ്രാദേശിക കക്ഷികള്‍ ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു.

ഇതേ നിലപാട് ആര്‍ ജെ ഡി നേതാവും പ്രമുഖ അഭിഭാഷകനുമായ രാംജഠ് മലാനിയും മുന്നോട്ടുവെച്ചു. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് നേരിടാന്‍ മമതയുടെ നേതൃത്വത്തില്‍ മുന്നണി രൂപവത്കരിക്കണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കോണ്‍ഗ്രസും ബി ജെ പിയും ഒരു പോലയാണന്നും ഇരുവരും ജനങ്ങളെ കബളിപ്പിക്കുന്നവാരാണ്. നരേന്ദ്ര മോദിക്കെതിരെ മൂന്നാം മുന്നണി മമതാ ബാനര്‍ജി നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഒറ്റക്ക് സര്‍ക്കാര്‍ രുപവത്കരിക്കാന്‍ സാധിക്കില്ലെന്നതും പ്രദേശിക പാര്‍ട്ടികളുടെ ചെലവില്‍ കോണ്‍ഗ്രിസിന് അവസരം നല്‍കേണ്ടതില്ലെന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള പുതിയ മുന്നണിക്ക് രൂപം നല്‍കാന്‍ പ്രാദേശിക പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും മറ്റ് പ്രദേശിക പാര്‍ട്ടികളും ഇക്കാര്യത്തില്‍ യോജിപ്പിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്‍ ഡി എ സഖ്യത്തില്‍ ബി ജെ പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേന അടക്കമുള്ള കക്ഷികളും മൂന്നാം മുന്നണിക്കൊപ്പം ചേര്‍ന്നേക്കും. അതേസമയം, മൂന്നാം ബദല്‍ കോണ്‍ഗ്രിസിനെ ക്ഷീണിപ്പിക്കുന്നതിനോടൊപ്പം രണ്ടാം തവണയും മോദിയെ അധികാരത്തിലെത്താന്‍ സാഹായിക്കുമെന്ന വിലയിരുത്തലും രാഷ്ട്രീയ കേന്ദ്രങ്ങളിലുണ്ട്.