Connect with us

Articles

ഗോരഖ്പൂരിന്റെ വാഗ്ദാനം

Published

|

Last Updated

ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍, ബിഹാറിലെ അരാരിയ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം രാജ്യത്ത് പ്രതിപക്ഷസ്ഥാനത്തു നില്‍ക്കുന്ന രാഷ്ട്രീയ സംവിധാനങ്ങളില്‍ വലിയ ഊര്‍ജമുണ്ടാക്കിയിട്ടുണ്ട്. നരേന്ദ്ര മോദി – അമിത് ഷാ സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും തെരഞ്ഞെടുപ്പിന് ശേഷമുള്ള കച്ചവട തന്ത്രങ്ങളും വിജയം കാണുന്നത് കണ്ട് അന്തിച്ചുനിന്നവര്‍ക്ക്, പ്രതിരോധിക്കാനും വിജയിക്കാനുമുള്ള അവസരം ഇനിയുമുണ്ടെന്ന് കാണിച്ചുകൊടുത്തിരിക്കുന്നു ഈ വിജയം. ഗോരഖ്പൂരിലും ഫൂല്‍പൂരിലും നേടിയ വിജയങ്ങള്‍, സമാജ്‌വാദി പാര്‍ട്ടിയും (എസ് പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബി എസ് പി) തമ്മിലുണ്ടായ സഖ്യത്തിന്റെ (ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ട എന്ന തീരുമാനം തുടരാന്‍ തീരുമാനിച്ച ബി എസ് പി, എസ് പി സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ നിശ്ചയിച്ചതാണ്) ഫലമെന്നാണ് ആഘോഷിക്കപ്പെടുന്നത്.

ഇത്തരം പാര്‍ട്ടികളുടെ യോജിപ്പിനോ സഹകരണത്തിനോ തടസ്സം ആശയതലത്തിലുള്ള ഭിന്നതയല്ല, മറിച്ച് നേതാക്കളുടെ അഹംബോധമോ അധികാരമോഹമോ സ്വന്തം ഗോത്രത്തിന്റെ കരുത്തില്‍ നിലനില്‍ക്കാനാകുമെന്ന ആത്മവിശ്വാസമോ മാത്രമാണ്. അതിനാലാണ് ജനതാദള്‍ പലദളങ്ങളായി പിരിഞ്ഞ്, മുലായത്തിന്റെയും ലാലുവിന്റെയും നിതീഷിന്റെയും ദേവെഗൗഡയുടെയുമൊക്കെ നേതൃത്വത്തില്‍ പല പാര്‍ട്ടികളായത്. ദളിതുകളുടെ അവകാശാധികാരങ്ങള്‍ ലക്ഷ്യമിട്ട് വളരുകയും ഉത്തര്‍ പ്രദേശില്‍ അധികാരം പിടിക്കാന്‍ പാകത്തില്‍ വളരുകയും ചെയ്ത ബി എസ് പിക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ഗണനകളല്ല ഉള്ളത്. എങ്കിലും വിശാലമായ അര്‍ഥത്തില്‍ അവരോട് എതിര്‍പ്പുണ്ടാകേണ്ട കാര്യവുമില്ല.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ പരാജയം ഏറ്റുവാങ്ങിയ ശേഷം 2017ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എസ് പിയുമായോ കോണ്‍ഗ്രസുമായോ സഖ്യമുണ്ടാക്കാന്‍ തയ്യാറാകാതെ ഒറ്റക്ക് മത്സരിക്കാന്‍ മായാവതി തീരുമാനിക്കുമ്പോള്‍ പാര്‍ട്ടിയുടെയും നേതാവായ തന്റെയും സ്വതന്ത്ര നിലനില്‍പ്പും അതിലൂടെ ദേശീയതലത്തില്‍ തന്നെ ഉണ്ടാകാന്‍ ഇടയുള്ള പ്രാധാന്യവുമായിരുന്നു മനസ്സില്‍. അവിടെയും വലിയ പരാജയമുണ്ടായത് മായാവതിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകും. നേതാവിനെയോ നേതൃത്വത്തെയോ അത് സ്വാധീനിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അണികള്‍ക്കത് ബോധ്യമായിട്ടുണ്ടെന്ന് വ്യക്തം. അതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും എസ് പിക്ക് വോട്ട് നല്‍കുകയാണെന്നും നേതൃത്വം പ്രഖ്യാപിച്ചപ്പോള്‍ പ്രചാരണ രംഗത്ത് ബി എസ് പി അണികള്‍ ഊര്‍ജിതമായത്; തെരഞ്ഞെടുപ്പില്‍ ബി ജെ പിക്കുണ്ടായ വലിയ പരാജയത്തേക്കാള്‍ പ്രധാനം .

നേതൃത്വം പിന്തുണ ഒരു വാക്യത്തിലൊതുക്കിയപ്പോള്‍ അത് ആവേശത്തോടെ ഏറ്റെടുക്കാന്‍ ബി എസ് പിയുടെ പ്രവര്‍ത്തകരെ പ്രേരിപ്പിച്ച ഘടകമെന്താണ്? നാല് വര്‍ഷമെത്തുന്ന കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണം, ഒരു വര്‍ഷമെത്തുന്ന യോഗി ആദിത്യനാഥിന്റെ സംസ്ഥാന ഭരണം, ഇവ രണ്ടിനോടുമുള്ള അതൃപ്തിയാണ് അവരെ എസ് പിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. കേന്ദ്ര ഭരണത്തെക്കുറിച്ച് ഇത്രകാലം നിലനിര്‍ത്തിയിരുന്ന വ്യാജ പ്രചാരണത്തില്‍ നിന്ന് ജനത്തെ മുക്തമാക്കാന്‍ ഈ സംഘടിത പ്രവര്‍ത്തനത്തിന് സാധിച്ചു.
ഉത്തര്‍ പ്രദേശിലെ ഒരു വര്‍ഷം നീണ്ട യോഗി ആദിത്യനാഥിന്റെ ഭരണത്തില്‍ കുപ്രസിദ്ധമായത്, ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളുടെ മൃതശരീരം വരിവരിയായി പുറത്തേക്കൊഴുകിയതാണ്. ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ ഭരണ സംവിധാനം വരുത്തിയ വീഴ്ചയാണ് കുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് കാരണമായത്. അതില്‍ മനം മടുത്ത ജനം, എസ് പി – ബി എസ് പി സഖ്യത്തിനപ്പുറത്ത്, ബി ജെ പിയുടെ പരാജയത്തിന് കാരണമായിട്ടുണ്ട്. യോഗി ഭരണത്തില്‍ വ്യാപകമായി അരങ്ങേറിയ മറ്റൊന്ന് ഏറ്റുമുട്ടല്‍ കൊലകളായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നീക്കമെന്ന് സര്‍ക്കാര്‍ വ്യാഖ്യാനിച്ച ഈ ഏറ്റുമുട്ടലുകളില്‍ പലതും വ്യാജമായിരുന്നുവെന്നും ഒരു സമുദായത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അടിപിടിക്കേസില്‍ വര്‍ഷങ്ങളായി ജാമ്യം കിട്ടാതെ ജയിലില്‍ കഴിഞ്ഞിരുന്ന പലരും ഒരു സുപ്രഭാതത്തില്‍ ജാമ്യത്തിലിറങ്ങുകയും മൂന്നോ നാലോ ദിവസങ്ങള്‍ക്കകം പൊലീസിന്റെ ബുള്ളറ്റിന് ഇരയാകുകയും ചെയ്തു.

ആസൂത്രിതമായി സൃഷ്ടിച്ച ഈ ഏറ്റുമുട്ടലുകള്‍ 2003 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ വ്യാജ ഏറ്റുമുട്ടല്‍ പരമ്പരയെ ഓര്‍മിപ്പിച്ചു. 2002ലെ വംശഹത്യാ ശ്രമത്തിലൂടെ ഗുജറാത്തില്‍ സൃഷ്ടിച്ചെടുത്ത ഭീതിയുടെ ആവരണത്തിന് കനമേറ്റാന്‍ വ്യാജ ഏറ്റുമുട്ടലുകളെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സര്‍ക്കാര്‍ ഉപയോഗിച്ചിരുന്നു. ഏതാണ്ട് സമാനമായ രീതിയാണ് യോഗി ആദിത്യനാഥ് സര്‍ക്കാറും ആവിഷ്‌കരിച്ചത്. ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. പക്ഷേ, എസ് പി – ബി എസ് പി സഖ്യം, ഭീതിയുടെ ഈ ആവരണത്തെ മറികടക്കാന്‍ അവിടുത്തെ ജനങ്ങളെ സഹായിച്ചിരിക്കുന്നു. അതുകൊണ്ട് കൂടിയാണ്, പ്രതിപക്ഷ നിരയിലേക്കാണെന്ന് ഉറപ്പുള്ള രണ്ട് പേരെ തെരഞ്ഞെടുക്കാന്‍ അവര്‍ നിശ്ചയിച്ചത്.

കന്നുകാലികളുടെ വില്‍പ്പന നിയന്ത്രിച്ച് കൊണ്ടുവന്ന ഉത്തരവ്, അനധികൃത അറവുശാകള്‍ ഇല്ലാതാക്കുക എന്ന പേരില്‍ ആരംഭിച്ച നടപടികള്‍ ഒക്കെ, ന്യൂനപക്ഷങ്ങളെയും താഴ്ന്ന ജാതിക്കാരെയും ലക്ഷ്യമിട്ടുള്ളതോ അവരെ സംഘ്പരിവാരത്തിന്റെ വരുതിയില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തിലുള്ളതോ ആണെന്ന തിരിച്ചറിവ് വളരെ വേഗത്തിലുണ്ടായതും ബി ജെ പിയെ തള്ളിക്കളയാന്‍ അവരെ പ്രേരിച്ചിട്ടുണ്ടാകണം. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ധ്രുവീകരണം ശക്തമാക്കി ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ ഏകീകരിച്ച് നിര്‍ത്താനുള്ള ശ്രമങ്ങളും കുറവല്ലാതെ നടന്നിരുന്നു യോഗി ആദിത്യനാഥിന്റെ ഒരു വര്‍ഷത്തെ ഭരണത്തില്‍. ആ തന്ത്രത്തില്‍ വീഴേണ്ടതില്ലെന്ന് ദളിതുകളും പിന്നാക്ക വിഭാഗങ്ങളും തീരുമാനിച്ചതിന്റെ കൂടി ഫലമാണ് തെരഞ്ഞെടുപ്പിലുണ്ടായത്.
എല്ലാവരും ചേര്‍ന്ന് തങ്ങളെ എതിര്‍ക്കുന്നത് ഭൂരിപക്ഷ സമുദായത്തോടുള്ള വെല്ലുവിളിയായി ചിത്രീകരിക്കാനാണ് സംഘ്പരിവാരം സാധാരണ ശ്രമിക്കാറ്. എസ് പി – ബി എസ് പി യോജിപ്പിനെ വിലകുറച്ചുകണ്ടത് തോല്‍വിക്ക് കാരണമായെന്ന് യോഗി ആദിത്യനാഥ് പറയുമ്പോള്‍, ആ യോജിപ്പിനെ മറികടക്കാന്‍ പാകത്തിലുള്ള ധ്രുവീകരണമാണ് ആദിത്യനാഥും സംഘ്പരിവാരവും ലക്ഷ്യമിട്ടത് എന്നാണ് അര്‍ഥം. അത് ബി ജെ പിയുടെയും ആദിത്യനാഥിന്റെയും ശക്തികേന്ദ്രമായ ഗോരഖ്പൂരില്‍ പോലും വിഫലമായെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എസ് പി സ്ഥാനാര്‍ഥികള്‍ക്ക് ബി എസ് പി പിന്തുണ പ്രഖ്യാപിച്ചതോടെ ബി ജെ പിയുടെ വോട്ടിനെ മറികടക്കാന്‍ പാകത്തിലുള്ള ശക്തിയുണ്ടായെന്ന ലളിത ഗണിതത്തിന് അപ്പുറത്ത് ചിലതുണ്ടെന്ന് മനസ്സിലാക്കണം. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ടെന്ന് എസ് പിയുടെയും ബി എസ് പിയുടെയും നേതൃത്വത്തോട് പറയുകയാണ് ഗോരഖ്പൂരിലെയും ഫൂല്‍പൂരിലെയും ജനം. കോണ്‍ഗ്രസിന് രണ്ടിടത്തും കെട്ടിവെച്ച പണം നഷ്ടമായപ്പോള്‍, ജനം പറഞ്ഞതെന്തെന്ന് അവരും മനസ്സിലാക്കിക്കാണണം. മതനിരപേക്ഷകക്ഷികളുടെ ഐക്യം പാടുന്ന, അതിന് മടിക്കുന്നതില്‍ സി പി എമ്മിനെ കുറ്റം പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍, മായാവതിയും ബി എസ് പിയും കാണിച്ച രാഷ്ട്രീയ പക്വത ഉത്തര്‍ പ്രദേശില്‍ കാട്ടിയില്ല.
ഉത്തര്‍ പ്രദേശിലേതിനേക്കാള്‍ കുറേക്കൂടി പ്രധാനമാണ് ബിഹാറിലെ ഫലം. മഹാസഖ്യമുപേക്ഷിച്ച് വന്ന ജെ ഡി (യു)വിന്റെ പൂര്‍ണ പിന്തുണയുണ്ടായിട്ടും അരാരിയയില്‍ രാഷ്ട്രീയ ജനതാദളിനെ (ആര്‍ ജെ ഡി) തോല്‍പ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചില്ല. കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലിലായതും അനധികൃത സ്വത്ത് സാമ്പാദനം ആരോപിച്ച് ലാലുവിനെയും കുടുംബാംഗങ്ങളെയും വിവിധ ഏജന്‍സികള്‍ വേട്ടയാടിയതും ആര്‍ ജെ ഡിയെ തളര്‍ത്തിയിട്ടില്ലെന്ന് അരാരിയയിലെയും ജഹ്നാബാദിലെയും ഫലം വ്യക്തമാക്കുന്നു. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള വേട്ടയാടലിലൂടെയും അവര്‍ പുറത്തുവിടുന്ന അനധികൃത സമ്പാദ്യക്കൂമ്പാരത്തിന്റെ കണക്കുകളിലൂടെയും ലാലു കുടുംബത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാമെന്നും അതിലൂടെ ആര്‍ ജെ ഡിയെ ഇല്ലാതാക്കാമെന്നുമുള്ള മോദി – അമിത് ഷാ സഖ്യത്തിന്റെ തന്ത്രത്തെയാണ് ബിഹാര്‍ ജനത തള്ളിക്കളഞ്ഞത്.

സംഘ്പരിവാറിനൊപ്പം ചേര്‍ന്ന നിതീഷ് കുമാറിനുള്ള താക്കീത് കൂടിയാണ് ഈ ജനവിധി. ആര്‍ ജെ ഡിയെ നേരിടാന്‍ നിങ്ങളുടെ ബലം പോരെന്ന് വൈകാതെ ബി ജെ പി, നിതീഷിന്റെ പാര്‍ട്ടിയോട് പറയും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ഫലം നിര്‍ണയിക്കുക ഇതായിരിക്കും.
ആര്‍ എസ് എസ് അജന്‍ഡകള്‍ക്കൊപ്പിച്ച് രാജ്യത്തെ മാറ്റിത്തീര്‍ക്കണമോ ബഹുസ്വര സ്വഭാവം പുലരുന്ന ഇന്ത്യന്‍ യൂനിയന്‍ പുലരണമോ എന്ന് തീരുമാനിക്കാനുള്ള അവസരം നിങ്ങള്‍ക്കുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് തുറന്ന് പറയുകയാണ് ഉത്തര്‍ പ്രദേശിലെയും ബിഹാറിലെയും ജനത. ആ അവസരം വിനിയോഗിക്കാനുള്ള പക്വത ഞങ്ങള്‍ക്കുണ്ടെന്ന് നേതാക്കള്‍ക്ക് കാണിച്ചുകൊടുക്കുകയാണ് അണികള്‍. അവരെ മനസ്സിലാക്കി പ്രവര്‍ത്തിക്കുമോ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളും? തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ മായാവതിയെ കണ്ട് സംസാരിക്കാന്‍ തയ്യാറായ അഖിലേഷ് യാദവ് പ്രതീക്ഷയാണ്. മായാവതിയെയും അഖിലേഷിനെയും അഭിനന്ദിക്കാന്‍ മടികാട്ടാതിരുന്ന മമതാ ബാനര്‍ജിയും ചന്ദ്ര ബാബു നായിഡുവും പ്രതീക്ഷകള്‍ക്ക് കരുത്താണ്. അത്തരമൊരു വിശാല രാഷ്ട്രീയ സഖ്യത്തിന് മരുന്നിടാന്‍ വേണ്ടിക്കൂടിയാണ് ആന്ധ്രയുടെ പ്രത്യേക പദവി എന്ന ആവശ്യം മുന്‍നിര്‍ത്തി ബി ജെ പി ബന്ധമുപേക്ഷിക്കാന്‍ തെലുങ്കു ദേശം പാര്‍ട്ടി തീരുമാനിച്ചത്. ബന്ധം തുടര്‍ന്നാല്‍ മഹാരാഷ്ട്രയിലെ ശിവസേനയുടെ ഗതി വരുമെന്ന് ചന്ദ്രബാബു നായിഡു തിരിച്ചറിഞ്ഞിരിക്കുന്നു. നിതീഷ് മനസ്സിലാക്കാന്‍ വൈകുന്നതും അതാണ്.

ലളിതമായ ഭാഷയില്‍, തികഞ്ഞ തെളിവോടെയാണ് ജനം ചുവരിലെഴുതിയത്. അത് മനസ്സിലാക്കുന്നുണ്ട് മായാവതിയും അഖിലേഷും മുലായവും ചന്ദ്രബാബുവും മമതയുമൊക്കെ എന്ന് കരുതാം. ജനമെഴുതിയതിനെ ചോര കൊണ്ട് മായ്ക്കാന്‍ ശ്രമമുണ്ടാകുമോ എന്ന ശങ്ക അസ്ഥാനത്തല്ല. അതിന് മടി കാട്ടാറില്ല സംഘ്പരിവാരമെന്നതാണ് അനുഭവം. രുധിരയജ്ഞത്തിന് ആചാര്യന്‍മാരായ ചരിത്രമുണ്ട്, ഭരണത്തിന്റെയും പാര്‍ട്ടിയുടെയും അധിപന്‍മാര്‍ക്ക്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest