പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റ്; നേടിയത് വമ്പന്‍ ജയം

Posted on: March 19, 2018 8:54 am | Last updated: March 19, 2018 at 12:25 pm

മോസ്‌കോ: വഌദിമര്‍ പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 76 ശതമാനം വോട്ട് നേടിയാണ് പുടിന്‍ വീണ്ടും അധികാരത്തിലേറിയത്. ഇത് നാലാം തവണയാണ് പുടിന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയും പ്രസിഡന്റാകുന്ന പുടിന്‍ നാലുതവണയായി അധികാരക്കസേരയില്‍ കാല്‍നൂറ്റാണ്ട് തികക്കും. പുതിയ നിയമം അനുസരിച്ച് ആറ് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി.

യുനൈറ്റഡ് റഷ്യ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് പുടിന്‍ ഉത്തവണ മത്സരിച്ചത്. അമ്പത് ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ ഏഴ് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നെങ്കിലും പുടിന്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. പുടിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന അലക്‌സി നവല്‍നിക്ക് മത്സരാനുമതി നിഷേധിച്ചിരുന്നു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നവല്‍നി ആഹ്വാനം ചെയ്തിരുന്നു.

രണ്ടാം സ്ഥാനത്തെത്തിയ പവല്‍ ഗ്രുഡിനിന് 13 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. നാല് സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് ശതമാനത്തില്‍ താഴെ മാത്രമേ വോട്ട് ലഭിച്ചുള്ളൂ. 2012 തിരഞ്ഞെടുപ്പില്‍ പുടിന് 64 ശതമാനമായിരുന്നു വോട്ട് വിഹിതം. പ്രതിസന്ധികള്‍ക്കിടയിലും വന്‍വിജയം സമ്മാനിച്ച റഷ്യയിലെ ജനങ്ങളോട് പുടിന്‍ നന്ദിപറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.