നിയമസഭയിലെ കൈയാങ്കളി: കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റുന്നു

Posted on: March 19, 2018 6:05 am | Last updated: March 19, 2018 at 12:47 am

തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണി കുറ്റാരോപിതനായ ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ എം എല്‍ എമാരുടെ അതിക്രമ കേസ് ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചു. ഈ കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് കേസുകള്‍ പുതിയ കോടതിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നത്. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിച്ചെങ്കിലും ഇക്കാര്യം ഇതുവരെ കോടതിയെ അറിയിച്ചിട്ടില്ല.

ബാര്‍കോഴയില്‍ ആരോപണത്തിന് വിധേയനായ കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കാണിച്ച് അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍ ഡി എഫ് എം എല്‍ എമാര്‍ സ്പീക്കറെ ഡയസില്‍ തടയാന്‍ നടത്തിയ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് എറണാകുളം പ്രത്യേക കോടതിയിലേക്ക് മാറ്റുന്നത്.

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കാലതാമസം കൂടാതെ പരിഗണിക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് എറണാകുളത്ത് ആരംഭിച്ച പ്രത്യേക കോടതിയിലേക്കാണ് എം എല്‍ എമാര്‍ക്കെതിരായ കേസുകള്‍ മാറ്റാന്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2015 മാര്‍ച്ച് 13ന് ധനമന്ത്രിയുടെ ബജറ്റ് അവതരണ വേളയിലാണ് സഭയില്‍ സംഘര്‍ഷം ഉണ്ടായത്. ഇതില്‍ ഇന്നത്തെ ചില മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീല്‍, ഇ പി ജയരാജന്‍, വി ശിവന്‍കുട്ടി, കെ അജിത്ത്, സി കെ സദാശിവന്‍, കെ കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

ധനമന്ത്രി തോമസ് ഐസക്ക്, സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ ഉള്‍പ്പെട്ട 2014ലെ മ്യൂസിയം എസ് ഐയെ കൈയേറ്റം ചെയ്ത സംഭവത്തിലെ കേസ് എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കുമെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.