മധുവിന്റെ വധം: വനം വകുപ്പിനെ ഒഴിവാക്കി കുറ്റപത്രം

Posted on: March 19, 2018 6:12 am | Last updated: March 19, 2018 at 12:46 am

പാലക്കാട്: ആദിവാസി യുവാവായ മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പിനെയും പോലീസിനെയും ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. അന്വേഷണം പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കകം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുന്ന റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതികള്‍ മാത്രമാണ് കൊലപാതകത്തിന് കാരണക്കാരെന്നും മറ്റാരും മധുവിനെ മര്‍ദിക്കാനോ പിടികൂടാനോ കൂട്ടുനിന്നിട്ടില്ലെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന മധുവിന്റെ വീട്ടുകാരുടെയും നാട്ടുകാരുടെയും ആരോപണങ്ങള്‍ തള്ളി വനംവകുപ്പിനെ പൂര്‍ണമായും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മരണത്തിന് രണ്ട് ദിവസം മുമ്പും മധുവിന് മര്‍ദനമേറ്റെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് തള്ളുന്നു. മൃതദേഹ പരിശോധന നടത്തുന്നതിന് രണ്ട് ദിവസം മുമ്പ് മര്‍ദനമേറ്റിരുന്നു എന്നതാണ് പരിശോധനാ ഫലമെന്നും മധു കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം മൃതദേഹപരിശോധന നടത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് കിട്ടിയതെന്നുമാണ് ഇത് സംബന്ധിച്ച പോലീസ് വിശദീകരണം.

വനത്തിലെ താമസ സ്ഥലത്ത് നിന്ന് മധുവിനെ കണ്ടെത്താന്‍ സഹായിച്ചത് വനംവകുപ്പ് ജീവനക്കാരാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവം നടക്കുന്ന സമയത്ത് ആരോപണ വിധേയനായ വനംവകുപ്പ് ജീവനക്കാരന്‍ അട്ടപ്പാടിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. മധുവിന്റെ ഊരായ ചിണ്ടക്കിയിലേക്ക് മുക്കാലിയില്‍ നിന്ന് പോകണമെങ്കില്‍ ഭവാനി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ സന്ദര്‍ശകരുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും കാണിച്ച് രജിസ്റ്ററില്‍ ഒപ്പിടണം. ഇതുവഴി ചിണ്ടക്കിയിലേക്ക് സര്‍വീസ് നടത്തുന്ന ജീപ്പ് ഡ്രൈവര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ വരെ ഓരോ യാത്രയിലും സന്ദര്‍ശകരുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖകളും കാണിച്ച് രജിസ്റ്ററില്‍ ഒപ്പിടണം. ഇതിനായി പ്രത്യേക പാറാവ് ജീവനക്കാര്‍ തന്നെ ഭവാനി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ ഉണ്ട്. ഇവരുടെ കണ്ണ് വെട്ടിച്ച് 20 ലേറെ വരുന്ന ആള്‍ക്കൂട്ടം എങ്ങിനെ മല കയറിയെന്ന സംശയം നാട്ടുകാരിലുള്ളപ്പോഴാണ് വനംവകുപ്പിനെ പോലീസ് കുറ്റവിമുക്തരാക്കുന്നത്.
മധുവിന്റെ വാസസ്ഥലം വനംവകുപ്പിന് കീഴിലെ തേക്കുതോട്ടത്തില്‍ കരാറുകാരനായ കിളിയില്‍ മരക്കാറാണ് കാണിച്ചു കൊടുത്തതെന്നും മറ്റു പ്രതികളെ ഇവിടേക്ക് എത്തിച്ചത് ഇയാളാണെന്നും അനുമതിയില്ലാതെയാണ് ഇവര്‍ കാടു കയറിയതെന്നും പോലീസ് പറയുന്നു. ഉരുണ്ടവടി കൊണ്ട് മധുവിന് മര്‍ദനമേറ്റെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ കുറിച്ചും പരാമര്‍ശമില്ല.

ഉരുണ്ട വടിയെന്നത് ലാത്തിയാകാം എന്നും സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഉയര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉരുണ്ടവടി കൊണ്ടുള്ള മര്‍ദനമേറ്റെന്ന് പറഞ്ഞിട്ടില്ലെന്നും അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നുമാണ് പോലീസ് വാദം. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 60ഓളം സാക്ഷികളുടെ മൊഴിയാണ് പോലീസ് എടുത്തത്. മധുവിനെ പ്രതികള്‍ ചോദ്യം ചെയ്യുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാനുണ്ട്. ഇവ ശാസ്ത്രീയ പരിശോധനക്ക് അയക്കും. സംഭവത്തില്‍ 16 പ്രതികള്‍ക്കും തുല്യപങ്കാളിത്തമാണെന്നാണ് പോലീസ് ആരോപിക്കുന്നത്. അതേസമയം, മധുവിന്റെ കൊലപാതകത്തില്‍ അസ്വാഭാവിക മരണത്തിന് 174ാം വകുപ്പനുസരിച്ച് തയ്യാറാക്കിയ ആദ്യത്തെ എഫ് ഐആറില്‍ വിവിധ കളവ് കേസുകളില്‍ പ്രതിയാണ് മധുവെന്നാണ് ചേര്‍ത്തിട്ടുള്ളത് പിന്നീട് മരണ കാരണം തലക്കേറ്റ അടിയും ആന്തരിക രക്തസ്രാവവുമാണെന്ന് കണ്ടെത്തിയതോടെ എഫ് ഐ ആര്‍ തിരുത്തിയെങ്കിലും വിവിധ കളവ് കേസുകളിലെ പ്രതിയെന്ന ആദ്യ വാചകം മാറ്റിയിട്ടില്ല. മണ്ണാര്‍ക്കാട് എസ് സി, എസ് ടി സ്‌പെഷ്യല്‍ കോടതിയില്‍ കേസന്വേഷണം തുടരുന്നതിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതിലും മധുവിനെ കളവ് പ്രതിയണെന്നാണ് പറയുന്നത്. അഗളി പോലീസ് സ്റ്റേഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മധുവിനെതിരെ മോഷണ സംബന്ധമായ ഒരു പരാതി വന്നിട്ടുണ്ട്. എന്നതൊഴിച്ചാല്‍ അഗളി സ്റ്റേഷനില്‍ മധുവിനെതിരെ കേസുകളൊന്നും ഇല്ലായിരുന്നു. ഒന്നില്‍ കൂടുതല്‍ കേസുകള്‍ ഇല്ലെങ്കിലും വിവിധ കേസുകളിലെ പ്രതിയെന്ന് പറയുന്നത് വിചാരണവേളയില്‍ കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് നിയമ വിദഗ്ദരുടെ അഭിപ്രായം.