വിദര്‍ഭക്ക് ഇറാനി കപ്പ്

Posted on: March 19, 2018 6:05 am | Last updated: March 19, 2018 at 12:44 am

നാഗ്പുര്‍: രഞ്ജി ട്രോഫി ജേതാക്കളായ വിദര്‍ഭ ഇറാനി കപ്പിലും മുത്തമിട്ടു. റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ 410 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയാണ് വിദര്‍ഭ മത്സരം വരുതിയിലാക്കിയത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 800 റണ്‍സാണ് വിദര്‍ഭ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയത്. റെസ്റ്റ് ഓഫ് ഇന്ത്യ 390ന് ആള്‍ ഔട്ടായി. രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 79 റണ്‍സെടുത്തതോടെ മത്സരം സമനിലയായി. ഇറാനി കപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിദര്‍ഭ ചാമ്പ്യന്‍മാരാകുന്നത്.

ഒന്നാം ഇന്നിംഗ്‌സ് നാല് ദിവസം ബാറ്റ് ചെയ്തതോടെ തന്നെ വിദര്‍ഭ കപ്പില്‍ പിടിമുറുക്കി. വെറ്ററന്‍ ബാറ്റ്‌സ്മാന്‍ വസീം ജാഫര്‍ (286), അപൂര്‍വ് വാംഖഡെ (157 നോട്ടൗട്ട്), ഗണേശ് സതീഷ് (120) എന്നിവരുടെ പ്രകടനമാണ് വിദര്‍ഭക്ക് ജയമൊരുക്കിയത്. നാല് വിക്കറ്റ് വീഴ്ത്തി രജനീഷ് ഗുര്‍ബാനിയുടെ ബൗളിംഗ് മികവും വിദര്‍ഭയുടെ ജയം എളുപ്പമാക്കി. ഹനുമ വിഹാരി (102), ജയന്ത് യാദവ് (96) എന്നിവര്‍ മാത്രമാണ് റെസ്റ്റ് ഓഫ് ഇന്ത്യക്കായി പൊരുതി നോക്കിയത്. കരിയറിലെ പതിനാലാമത് ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് വിഹാരി പേരില്‍ കുറിച്ചത്. ബൗളിംഗില്‍ 32 റണ്‍സിന് ഒരു വിക്കറ്റെടുക്കുകയും ചെയ്തു വിഹാരി.

ഇടംകൈയ്യന്‍ സ്പിന്നര്‍ ആദിത്യ സര്‍വാതെയാണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ ഫോമിലുള്ള താരങ്ങളെ വീഴ്ത്തിയത്.
വിഹാരി, ജയന്ദ്, ഷഹബാസ് എന്നിവരെ പുറത്താക്കിയ ആദിത്യ വിദര്‍ഭയുടെ വിജയസാധ്യത വര്‍ധിപ്പിച്ചു.
രണ്ടാം ഇന്നിംഗ്‌സില്‍ വിദര്‍ഭക്ക് വേണ്ടി അക്ഷയ് വഡ്കര്‍ (50 നോട്ടൗട്ട്), ആര്‍ സഞ്ജയ് (27 നോട്ടൗട്ട്) വിക്കറ്റ് കാത്ത് സൂക്ഷിച്ചതോടെ മത്സരം സമനിലയായി.