ഗോള്‍ഡന്‍ ബൂട്ട് ഫെറാന്; ഹീറോ ഛേത്രി

Posted on: March 19, 2018 6:02 am | Last updated: March 19, 2018 at 12:42 am

ബെംഗളൂരു: ഐഎസ്എല്‍ നാലാം സീസണിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് എഫ്‌സി ഗോവയുടെ ഫെറാന്‍ കൊറോമിനാസ് സ്വന്തമാക്കി. 18 കളികളില്‍ നിന്നും 18 ഗോളുകളാണ് കൊറോ വാരിക്കൂട്ടിയത്. ബെംഗളൂരു ക്യാപ്റ്റനും സ്റ്റാര്‍ സ്‌െ്രെടക്കറുമായ സുനില്‍ ഛേത്രിയും (15 ഗോള്‍) ടീമംഗം മിക്കുവും (14) രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.

ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരത്തിനുള്ള ഹീറോ ഓഫ് ദി ലീഗ് പുരസ്‌കാരം ഛേത്രിക്കാണ്. ഇന്ത്യന്‍ ഫുട്‌ബോളിലെ പോസ്റ്റര്‍ ബോയ് എന്നു വിശേഷിപ്പിക്കുന്ന ഛേത്രിയായിരുന്നു ബെംഗളൂരുവിന്റെ തുറുപ്പുചീട്ട്. ടൂര്‍ണമെന്റിലെ ഫിറ്റസ്റ്റ് പ്ലെയര്‍ക്കുള്ളള പുരസ്‌കാരം ലഭിച്ചത് ചെന്നൈയ്ന്‍ എഫ്‌സിയുടെ 36 കാരനായ അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ഡ ഇനിഗോ കാല്‍ഡെറോണിനാണ്. കഴിഞ്ഞ മൂന്നു മാസത്തോളമായി ചെന്നൈ പ്രതിരോധത്തിലെ നിറസാന്നിധ്യമാണ് കാല്‍ഡെറോണ്‍. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗവ് പുരസ്‌കാരം ജംഷഡ്പൂര്‍ എഫ്‌സിയുടെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാ പാലിനാണ്. സെമി ഫൈനല്‍ പോലും കാണാതെ പുറത്തായെങ്കിലും കേരള ബ്ലാസ്‌റ്റേഴേസിന്റെ അഭിമാനമായി ഡിഫന്‍ഡര്‍ ലാല്‍റുവാത്താര എമേര്‍ജിങ് പ്ലെയര്‍ക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.