ഇയാര്‍ഡിക്ക് ഹാട്രിക്ക്; ഇന്റര്‍ മിലാന് അഞ്ച് ഗോള്‍ ജയം

ഇയാര്‍ഡിക്ക് ഇരുപത്തിരണ്ട് ഗോളുകള്‍
Posted on: March 19, 2018 6:03 am | Last updated: March 19, 2018 at 12:41 am

മിലാന്‍: ഇറ്റാലിയന്‍ സീരി എ ലീഗില്‍ ഇന്റര്‍മിലാന് തകര്‍പ്പന്‍ ജയം. സാംഡോറിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഇന്റര്‍ മിലാന്‍ കശക്കിയത്. ഹാട്രിക്ക് ഉള്‍പ്പടെ നാല് ഗോളുകള്‍ നേടിയ മൗറോ ഇയാര്‍ഡിയാണ് താരം. സീരി എ ലീഗ് സീസണില്‍ ഇയാര്‍ഡിയുടെ ഗോള്‍ നേട്ടം 22 ആയി. ലാസിയോയുടെ സിറോ ഇമ്മോബിലാണ് ഗോള്‍ വേട്ടയില്‍ (24) ഇയാര്‍ഡിക്ക് മുന്നിലുള്ളത്.

ആദ്യ പകുതിയില്‍ തന്നെ ഇന്റര്‍മിലാന്‍ 4-0ന് മുന്നിലെത്തി. ഇരുപത്താറാം മിനുട്ടില്‍ പെരിസിചാണ് ഗോളടിക്ക് തുടക്കമിട്ടത്.
മൗറോ ഇയാര്‍ഡി മുപ്പതാം മിനുട്ടിലെ പെനാല്‍റ്റി ഗോളില്‍ ലീഡ് വര്‍ധിപ്പിച്ചു. 31,44,51 മിനുട്ടുകളിലും മൗറോ സ്‌കോറിംഗ് തുടര്‍ന്നു.

ജോ കാന്‍സെലോയുടെ ക്രോസ് ബോളില്‍ ഹെഡറിലൂടെയാണ് ഇവാന്‍ പെരിസിച് ആദ്യ ഗോള്‍ നേടിയത്. 2012-13 സീസണില്‍ സാംഡോറിയയുടെ താരമായിരുന്ന മൗറോ ഇയാര്‍ഡി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ലീഡ് വര്‍ധിപ്പിച്ചു. അര്‍ജന്റൈന്‍ താരത്തിന്റെ തകര്‍പ്പന്‍ ഫോം ഇന്റര്‍മിലാന് ലീഗില്‍ ആദ്യ നാലില്‍ ഇടം നല്‍കി. 28 മത്സരങ്ങളില്‍ 55 പോയിന്റാണ് ഇന്റര്‍മിലാന്.

29 മത്സരങ്ങളില്‍ 75 പോയിന്റുള്ള യുവെന്റസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 70 പോയിന്റുള്ള നാപോളിക്കാണ് രണ്ടാം സ്ഥാനം.

59 പോയിന്റുമായി എ എസ് റോമ മൂന്നാംസ്ഥാനത്ത്. 53 പോയിന്റുമായി ലാസിയോ അഞ്ചാം സ്ഥാനത്തും മുന്‍ ചാമ്പ്യന്‍മാരായ എസി മിലാന്‍ 50 പോയിന്റുമായി ആറാം സ്ഥാനത്തും.

 

മത്സരഫലങ്ങള്‍

എ സി മിലാന്‍ 3-2 ചീവോ
ടൊറിനോ 1-2 ഫിയോറന്റീന
ഹെലാസ് വെറോണ 0-5 അറ്റ്‌ലാന്റ
ക്രൊട്ടണ്‍ 0-2 റോമ
ബെനെവെന്റോ 1-2 കാഗ്ലിയാരി